IM Special

ഖത്തര്‍ മലയാളികള്‍ നിര്‍മിച്ച പാപ്പാസ് നാളെ ഒ.ടി.ടി. പ്ളാറ്റ് ഫോമില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ഒരു കൂട്ടം മനുഷ്യ സ്നേഹികളായ പ്രവാസികള്‍ നിര്‍മിച്ച പാപ്പാസ് എന്ന മലയാള ചലചിത്രം നാളെ ഗുഡ്ഷോ എന്ന ഒ.ടി.ടി. പ്ളാറ്റ് ഫോമില്‍ റിലീസാവുകയാണ്. ചലചിത്ര രംഗത്തെ മിന്നും താരങ്ങളുടെ സാന്നിധ്യമില്ലാതിരുന്നിട്ടും ഏതൊരു സാധാരണക്കാരന്റേയും മനസിന്റെ കോണുകളില്‍ നോവിന്റെ നൊമ്പരങ്ങളും ഗൃഹാതുര സ്മരണകളുമുണര്‍ത്തുന്ന ഈ ചിത്രം കലയുടെ സാമൂഹ്യ ധര്‍മം അടയാളപ്പെടുത്തുന്നുവെന്നതാകാം ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. കോവിഡിന് മുമ്പ്് തന്നെ തിയേറ്ററുകളില്‍ റിലീസായെങ്കിലും പല കാരണങ്ങളാല്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഈ ചിത്രം ഒ.ടി.ടി. പ്ളാറ്റ്ഫോമില്‍ കൂടുതല്‍ സഹൃദയരിലേക്കെത്തുമെന്നാണ് പിന്നണി പ്രവര്‍ത്തകര്‍ കണക്കുകൂട്ടുന്നത്. സിനിമയില്‍ നിന്നും ലഭിക്കുന്ന ലാഭം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെക്കുമെന്ന നിര്‍മാതാക്കളുടെ നിലപാട് ഏറെ പ്രശംസനീയമാണ്.

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, ഒപ്പം നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഖത്തറില്‍ രൂപം കൊണ്ട കൂട്ടായ്മയുടെ പ്രതിനിധികളാണ് ഈ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. രാം ലീല പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഖത്തര്‍ പ്രവാസികളായ പ്രശാന്തന്‍ വി.ടി.വി, അഭിലാഷ് പി. നായര്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ഉണ്ണികൃഷ്ണന്‍ ചടയമംഗലം, മിഥുന്‍ എം. നായര്‍, കാലേഷ് മുവാറ്റുപുഴ (അസോസിയേറ്റ് പ്രൊഡൂസര്‍മാര്‍), ആദര്‍ശ് കൂവേരി, സജ്ഞയ് രവീന്ദ്രന്‍, മനു അന്നപൂര്‍ണ ചേര്‍ക്കുന്ന് ( എക്സിക്യൂട്ടീവ് പ്രൊഡൂസര്‍മാര്‍) രജ്ഞിത് പഠവില്‍, ശിവനേശന്‍ മുരുകന്‍ ( കോ പ്രൊഡ്യൂസര്‍മാര്‍) എന്നിവരാണ് ചിത്രം സാക്ഷാല്‍ക്കരിച്ചത്.

പാപ്പാസിന്റെ, കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് ഖത്തര്‍ പ്രവാസിയായിരുന്ന സന്തോഷ് കല്ലാറ്റ് ആണ്. ആനുകാലിക പ്രസക്തിയുള്ള അമേച്വര്‍ നാടകങ്ങളുടേയും, ഷോര്‍ട്ട് ഫിലിമുകളുടെ രചനയും സംവിധാനവും ചെയ്തിട്ടുള്ള, മഴവില്‍ മനോരമയിലെ ജനപ്രീതി നേടിയ ‘ഉടന്‍ പണം’ എന്ന പരിപാടിയുടെ സ്‌ക്രിപ്റ്റും ഗവേഷണവും നടത്തുന്ന സന്തോഷ് കല്ലാറ്റ് ഇപ്പോള്‍ മിഡില്‍ ഈസ്റ്റ് സിനിമ കമ്പനിയുടെ മാനേജറാണ്.

മലയാള സിനിമയില്‍ അര്‍ത്ഥവത്തായ വരികളിലൂടെ, ശ്രവണ സൗഖ്യമുള്ള ഗാനങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച കൈതപ്രം ദാമോദരന്‍ നമ്പൂതിരി, റഫീക്ക് അഹമ്മദ്, ഡോ ഗോപാല്‍ ശങ്കര്‍, യതീന്ദ്രന്‍ മാസ്റ്റര്‍ എന്നിവരുടെ വരികള്‍ ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ. യേശുദാസ്, വിജയ് യേശുദാസ്, ഡോ. ഗോപാല്‍ ശങ്കര്‍, ശ്രേയ ജയദീപ് എന്നിവര്‍ ആലപിച്ച് മനോഹരമാക്കിയ നാല് ഗാനങ്ങള്‍ ഈ ചിത്രത്തെ കൂടുതല്‍ ആകര്‍ഷകമാകുന്നു. ഖത്തര്‍ പ്രവാസിയായ ഡോ. ഗോപാല്‍ ശങ്കര്‍ തന്നെയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

വലിയ താര പ്രഭയില്ലെങ്കിലും മികച്ച കലാസൃഷ്ടിയാണ് പാപ്പാസെന്നാണ് സഹൃദയ നിരീക്ഷണം. ഓരോരുത്തരും ഒന്നിനൊന്ന് മെച്ചപ്പെട്ട അഭിനയമാണ് കാഴ്ചവെക്കുന്നത്. ഈ സിനിമയുടെ സൃഷ്ടിപരമായ ഉപദേഷ്ടാവായി യതീന്ദ്രന്‍ മാസ്റ്ററും, സൃഷ്ടിപരമായ പിന്തുണ തൃശ്ശൂര്‍ ആസ്ഥാനമാക്കി രൂപം കൊണ്ട കലാസ്നേഹികള്‍ എന്ന വാട്ട്സ്അപ്പ് ഗ്രൂപ്പിലെ കലാകാരന്‍മാരും നല്‍കുന്നു.

പാപ്പാസ് എന്നാല്‍ മലയാള ഭാഷയില്‍ ചെരുപ്പ് എന്നാണ് അര്‍ത്ഥം. ഒരു പക്ഷേ മലയാളി മനപൂര്‍വ്വമല്ലാതെ മറന്നുപോയ ഒരു വാക്ക്. നമ്മള്‍ പിന്നിട്ട ബാല്യവും, പോയ് മറഞ്ഞ ജീവിതവും, മറന്ന് പോയ മാനുഷ്യരും, ഒപ്പം പിന്തിരിഞ്ഞ് നോക്കുമ്പോള്‍ കാണുന്ന സത്യമുള്ള, നന്‍മയുള്ള, ചെറിയ സന്തോഷങ്ങള്‍ തരുന്ന നിമിഷങ്ങളുടെ, വേദനയുടെ, പശ്ചാതാപത്തിന്റെ, ജീവിത ഗന്ധിയായ ഒരു സിനിമ. ലോന എന്ന വിളിപ്പേരുള്ള ലോനപ്പന്റെയും അവന്റെ തേഞ്ഞു പഴകിച്ച ഒരു ചെരുപ്പും തമ്മിലുള്ള ബന്ധത്തിന്റെയും കഥയായി പാപ്പാസ് അഭ്രപാളികളില്‍ നിറയുമ്പോള്‍ പലരുടേയും ജീവിതാനുഭവമായി തോന്നാം.

ബാല്യം മുതല്‍ വാര്‍ദ്ധക്യം വരെ മനുഷ്യന്റെ സന്തത സഹചാരിയായ ഒരു വസ്തു. രൂപ മാറ്റങ്ങളും ഉപേക്ഷിക്കപ്പെടലും ഏറ്റുവാങ്ങുന്ന ചെരുപ്പിനും പറയാനുണ്ടായിരിക്കും ഒരു പാട് കഥകള്‍. വെറുപ്പിന്റെയും, സന്തോഷത്തിന്റെയും, ദുഖത്തിന്റെയും, നഷ്ടപ്പെടലുകളുടെയും, പ്രതികരണങ്ങളുടേയും നീണ്ട അനുഭവങ്ങളുടെ കഥകള്‍. ബാല്യത്തില്‍ ഒരു ചെരുപ്പിനെ സ്നേഹിച്ച ഒരു കുട്ടിയുടേയും, അത് പകര്‍ന്ന് നല്‍കിയ ആഹ്ലാദത്തിന്റെയും, ഉപേക്ഷിക്കപ്പെടുമ്പോളുള്ള നിരാശയുടേയും തുടര്‍ന്നുള്ള ജീവിതത്തിന്റെയും കഥ ഒരു ചെരുപ്പ് പറയുന്നു. ഒരു പുതിയ കഥാഖ്യാന രീതി, കണ്ട് മറന്ന ജീവിത കാഴ്ച്ചകളിലൂടെ അതാണ് പാപ്പാസ്. തുണ നഷ്ട്പ്പെട്ടാല്‍ ഒറ്റപ്പെടുന്ന, ആരാലും ഉപേക്ഷിക്കപ്പെട്ട് പോകുന്ന, ഒരേ ഒരു വസ്തു അത് ചെരുപ്പാണ്. രാജാവിനും ദരിദ്രനും, പണ്ഡിതനും പാമരനും സഹചാരിയായ ചെരുപ്പ്. ഒരു ചെരുപ്പിന്റെയും ആ ചെരുപ്പിനെ സ്നേഹിച്ച കുട്ടിയുടേയും ആത്മ സംഘര്‍ഷങ്ങളുടെ കഥ, അതാണ് പാപ്പാസ്‌

ഗ്രാമത്തിലെ മീന്‍ കച്ചവടക്കാരനായ, ലാസറിന്റെയും ത്രേസ്യയുടേയും മകനായ, ആറാം ക്ലാസ്സില്‍ പഠിക്കുന്ന ലോനക്ക് തന്റെ തേഞ്ഞ് പഴകിച്ച ചെരുപ്പിനോട് എന്നും വെറുപ്പാണ്. എവിടേയും, എല്ലായിടത്തും തന്നെ അപഹാസ്യനാക്കുന്ന ഈ ചെരുപ്പ് മാറ്റി ഒരു പുതിയ ചെരുപ്പ് എന്നൊരാഗ്രഹം മദ്യപാനിയായ അപ്പന്‍ നിവൃത്തീകരിച്ച് കൊടുക്കാത്ത സാഹചര്യത്തില്‍, ജീവിതത്തിലെ ഒരു വലിയ തെറ്റ് ലോന ചെയ്യുന്നു. ലോന ഒരു ചെരുപ്പ് മോഷ്ടിക്കുന്നു. ഇതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളും, അതിന്റെ പശ്ചാതാപങ്ങളും തുടര്‍ന്ന് കൊച്ചു ലോനയുടെ ജീവിത ഗതിയിലുണ്ടാക്കുന്ന മാറ്റങ്ങളുമാണ്, 1984 കാല ഘട്ടത്തിലെ ഒരു ഗ്രാമം പശ്ചാത്തലമാക്കിയിട്ടുള്ള ഈ ചിത്രത്തിന്റെ പ്രമേയം.

മലയാളത്തിലെ പ്രമുഖ സംവിധായകന്മാരായ ലെനിന്‍ രാജേന്ദ്രന്‍, ശ്യാമ പ്രസാദ്, അനില്‍ സി രാധാകൃഷ്ണ മേനോന്‍, പി.ബാബുരാജ് തുടങ്ങി നിരവധി സംവിധായകരുടെ കീഴില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ച സമ്പത്ത് സംവിധാനം ചെയ്യുന്ന ആദ്യ സിനിമ എന്നതും പാപ്പാസിന്റെ പ്രത്യേകതയാണ് . പ്രശസ്ത്മായ നിരവധി ഷോര്‍ട്ട് ഫിലിമുകളുടെയും, സംഗീത ആല്‍ബങ്ങളുടേയും സംവിധാനവും ഛായാഗ്രഹണവും ചെയ്തിട്ടുള്ള റഷീദ് റാഷി ഛായാഗ്രഹണവും, മലയാള സിനിമയിലെ ഏറ്റവും പ്രഗത്ഭനായ ചിത്ര സംയോജകനായ പ്രവീണ്‍ പ്രഭാകര്‍ ചിത്ര സംയോജനവും, മുജീബ് ഒറ്റപ്പാലം നിര്‍മ്മാണ നിയന്ത്രണവും നിര്‍വഹിച്ചിരിക്കുന്നു.

മലയാള സിനിമയിലെ പ്രമുഖരായ നിരവധി കലാകാരന്മാര്‍ ഈ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നു. പശ്ചാത്തല സംഗീതം സാജന്‍ കെ റാം, കല വിഷ്ണു നെല്ലായ, വസ്ത്രാലങ്കാരം സന്തോഷ് പഴവൂര്‍, ചമയം മനോജ് അങ്കമാലി, പി.ആര്‍.ഒ എ.എസ്. ദിനേഷ്, നിശ്ചല ഛായാഗ്രഹണം ബൈജു ഗുരുവായൂര്‍, പരസ്യ കല ജിസന്‍ പോള്‍, വി.എഫ്.എക്സ് വാസുദേവന്‍ കൊരട്ടിക്കര, കളറിസ്റ്റ് മഹാദേവന്‍ (ചിത്രാഞ്ജലി സ്റ്റുഡിയോ) തുടങ്ങിയവര്‍ അവരില്‍ കുറച്ച് പേര്‍ മാത്രം.

കെ.എസ്.എഫ്.ഡി.സിയുടെ സിനിമ സഹകരണത്തോടെ ചിത്രാഞ്ജലി സ്റ്റുഡിയോവിലാണ് ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍സ് ജോലികള്‍ പൂര്‍ത്തിയാക്കിയത്.

ഈ ചിത്രത്തിലെ പ്രധാന കഥാപ്രാത്രമായ ലോനയെ അവതരിപ്പിക്കുന്നത് ജ്യോതിസ് എന്ന കുട്ടിയാണ്. ഈ സിനിമക്ക് മുന്‍പ് ഒരു അരങ്ങത്തും അഭിനയത്തിന്റെ ഹരിശ്രീ കുറിച്ചിട്ടില്ലാത്ത ജോതിസ്, പാപ്പാസിലെ അഭിനയത്തിലൂടെ മലയാള സിനിമയില്‍ വരും കാലങ്ങളില്‍ ഏറ്റവും നല്ല അഭിനയ പ്രതിഭക്കുള്ള പ്രേക്ഷക പ്രശംസ നേടിയേക്കും. ജ്യോതിസ് അവതരിപ്പിക്കുന്ന ലോന എന്ന കഥാപാത്രത്തിന്റെ കൂട്ടുകാരിയായി മീനു എന്ന വളരെ പ്രധാനപ്പെട്ട മറ്റൊരു കഥാപാത്രമായി മാറുന്നത്, രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ കഥകളിയില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം, പ്രസിദ്ധരായ കലാകാരന്‍മാരുടെ ഒപ്പം അറുപതോളം വേദികളില്‍ കഥകളി അവതരിപ്പിച്ച അസാമാന്യ പ്രതിഭയായ, ലോക റെക്കോര്‍ഡിന് അരികില്‍ നില്‍ക്കുന്ന, അഭിനയവും തനിക്ക് വളരെ എളുപ്പത്തില്‍ വഴങ്ങും എന്ന് തെളിയിച്ച വിശ്രുത വിജയകുമാറാണ്.

പാപ്പാസിലെ മറ്റുള്ള കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നത് കലാസ്നേഹികളുടെ കൂട്ടായ്മയിലെ പ്രതിഭ ശാലികളായ അഭിനേതാക്കള്‍ തന്നെയാണ്. എഫ്.എം. റേഡിയോ ജോക്കിയായി ശ്രോതാക്കളുടെ ചിര പരിചിതനായി മാറി, തുടര്‍ന്ന് നിരവധി ഷോര്‍ട്ട് ഫിലുമുകളിലെ അഭിനയ സാദ്ധ്യതയുള്ള കഥാപാത്രങ്ങള്‍ ചെയ്ത റാഷിദ് നസീറിന്, പാപ്പാസിലെ കേന്ദ്ര കഥാപാത്രമായ ലോനയുടെ അപ്പനായ ലാസര്‍ എന്ന കഥാപാത്രത്തിന്റെ അഭിനയ മികവുകൊണ്ട് ഓട്ടര്‍ഷ, വിശ്വവിഖ്യാതമായ ജനാല എന്നീ സിനിമകളിലെ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്യുവാന്‍ അവസരം ലഭിച്ചു. പാപ്പാസിലെ അഭിനയത്തിലൂടെ മലയാള സിനിമയിലെ പുതിയ നായക നടന്മാരില്‍ റാഷിദ് നസീര്‍ പുതിയൊരു വാഗ്ദാനം തന്നെയാണ്. അമേച്വര്‍ നാടക രംഗത്തെ അതികായകന്മാരുടെ നാടകങ്ങളിലേയും, ഷോര്‍ട്ട് ഫിലിമുകളിലേയും, സിനിമയിലേയും, അനുഭവജ്ഞാനവുമായി പാര്‍വതി (ത്രേസ്യ) തന്റെ അനാസമായ അഭിനയ ശൈലിയിലൂടെ പാപ്പാസിലെ കഥാപാത്രത്തിനെ മികവുറ്റതാക്കി മാറ്റി.

മലയാള സിനിമയില്‍ ചെറുതും വലുതുമായ ഒട്ടനവധി ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന, ഹാസ്യവും, സീരിയസ്സ് കഥാപാത്രങ്ങളും മിഴിവോടെ അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള മിഥുന്‍ (ചെരുപ്പ് കച്ചവടക്കാരന്‍), ഭാവിയുള്ള ഒരു പുതുമുഖ താരമാകും എന്ന പ്രതീക്ഷ നല്‍കുന്ന അഭിനയ പ്രതിഭ ശിവ (സുരേന്ദ്രന്‍ മാസ്റ്റര്‍), റേഡിയോവിലെ നിത്യ ഹരിത ശബ്ദവും, മലയാളത്തിലെ നാടകാചാര്യന്മാരുടെ ഒപ്പം നിരവധി നാടക വേദികളില്‍ അരങ്ങിലെത്തിയിട്ടുള്ള, 2016-ലെ ഏറ്റവും നല്ല ഡബ്ബിങ്ങ് ആര്‍സ്റ്റിനുള്ള സംസ്ഥാന ഫിലിം അവാര്‍ഡ് ജേതാവുമായ എം.തങ്കമണി (ഖദീജുമ്മ), ഒട്ടനവധി സിനിമകളില്‍ നല്ല വേഷങ്ങള്‍ ചെയ്ത പരിചയ സമ്പത്തുമായി ദാസ് പെരിന്തല്‍മണ്ണ (പള്ളിയിലെ അച്ചന്‍), ബാംഗ്ലൂരിലെ വ്യവസായ പ്രമുഖനും സിനിമ നിര്‍മ്മാതാവും, അഭിനേതാവുമായ എം.കെ. സോമന്‍ (സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍), ഫീച്ചര്‍ ഫിലിമിലും ഷോര്‍ട്ട് ഫിലിമിലും നിറ സാന്നിധ്യമായി മാറി കൊണ്ടിരിക്കുന്ന ചന്ദ്രന്‍ പട്ടാമ്പി (റേഷന്‍ ഷോപ്പ് ഉടമ), തീയറ്റര്‍ നാടക സങ്കല്‍പ്പങ്ങളുടെ സന്തത സഹചാരിയായും നാടക നടനും, സംവിധായകനുമായ വിഷ്ണു (സൈക്കിള്‍ റിപ്പയര്‍), സംസ്ഥാന സ്‌ക്കൂള്‍ യുവജനോത്സവ വേദികളില്‍ മികച്ച നാടകത്തിനുള്ള പുരസ്‌ക്കാരങ്ങള്‍ നിരവധി തവണ നേടിയ നാടകങ്ങളുടെ സംവിധാനം നിര്‍വഹിച്ചിട്ടുള്ള, ആരോഗ്യ പ്രവര്‍ത്തകന്‍ കൂടിയായ ബിഞ്ചു ജേക്കബ് (വാര്‍ഡ് മെമ്പര്‍), നിരവധി നാടകങ്ങളുടേയും ഷോര്‍ട്ട് ഫിലിമുകളുടേയും രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുള്ള വിക്ടര്‍ ലൂയി മേരി തുടങ്ങി നാടക രംഗത്തേയും സിനിമ രംഗത്തേയും നിരവധി കലാകാരന്മാര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
മഴവില്‍ മനോരമ ടി.വി. ചാനലിലെ ‘മറിമായം’ എന്ന പ്രോഗ്രാമിന്റെയും, നിരവധി ഷോര്‍ട്ട് ഫിലുമുകളുടേയും, ഓട്ടോര്‍ഷ, വിശ്വവിഖ്യാതമായ ജനാല എന്നീ സിനിമകളുടേയും തിരക്കഥാകൃത്തായ ജയരാജ് മിത്ര (ഫാദര്‍ മേനാച്ചേരി) മികച്ച ഒരു കഥാപാത്രത്തെ ഈ സിനിമയില്‍ അവതരിപ്പിക്കുന്നു.

നല്ല സിനിമകള്‍ പിറക്കുന്നത് കൂട്ടായ്മയിലൂടെയാണ്. മലയാള സിനിമയില്‍ കൂട്ടായ്മയുടെ പ്രതീകങ്ങളായി ഒരു പാട് നല്ല സിനിമകള്‍ അഭ്രപാളിയിലെത്തിയിട്ടുണ്ട്. പ്രവാസി കൂട്ടായ്മയിലൂടെ പിറന്ന മനോഹരമായൊരു സിനിമയാണ് പാപ്പാസ്.

നാം പിന്നിട്ട ബാല്യവും, കണ്‍മുന്നിലൂടെ പോയ് മറഞ്ഞ ജീവിതവും, അറിയാതെ മറന്ന് പോയ മാനുഷ്യരും. ഒപ്പം പിന്തിരിഞ്ഞ് നോക്കുമ്പോള്‍ കാണുന്ന വേദനയുടെ, ചെറിയ സന്തോഷങ്ങള്‍ തരുന്ന നിമിഷങ്ങളുടെ, സത്യമുള്ള, നന്‍മയുള്ള, ജീവിതമുള്ള, കൂടുമ്പോള്‍ ഇമ്പമുള്ളതായി മാറുന്ന ഒരു കുടുംബത്തിന്റെ സിനിമ. അതാണ് ‘പാപ്പാസ്’. ഓരോ കുട്ടിയും ഒരിക്കലെങ്കിലും കാണേണ്ട സിനിമ. അവരുടെ മുന്നോട്ടുള്ള ജീവിതയാത്രയില്‍ മനസ്സില്‍ തിന്‍മയെ അകറ്റി നന്മ മാത്രം ചിന്തിപ്പിക്കുന്ന, സന്ദേശം നല്‍കുന്ന സിനിമ. ഒരു ചെരുപ്പിന്റെയും. ആ ചെരുപ്പിനെ സ്നേഹിച്ച കുട്ടിയുടേയും ആത്മ സംഘര്‍ഷങ്ങളുടെ കഥയായ പാപ്പാസ് കുട്ടികളേയും മുതിര്‍ന്നവരേയും ഒരു പോലെ സ്വാധീനിക്കാന്‍ കഴിയുന്ന മികച്ച കലാസൃഷ്ടിയാണ്.

Related Articles

Back to top button
error: Content is protected !!