ഖത്തര്‍ ദേശീയ സാമ്പത്തിക രംഗത്ത് ഓയിലേതര മേഖലകളുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. വൈവിധ്യവല്‍ക്കരണമാണ് ഖത്തറിന്റെ സാമ്പത്തിക നയമെന്നും ഖത്തര്‍ ദേശീയ സാമ്പത്തിക രംഗത്ത് ഓയിലേതര മേഖലകളുടെ പ്രാധാന്യം അനുദിനം വര്‍ദ്ധിക്കുകയാണെന്നും വാണിജ്യ വ്യവസായ മന്ത്രിയും ആക്ടിംഗ് ധനകാര്യ മന്ത്രിയുമായ അലി ബിന്‍ അഹ് മദ് അല്‍ കുവാരി അഭിപ്രായപ്പെട്ടു. ഇരുപത്തിനാലാമത് സെന്റ്പീറ്റേര്‍സ്ബര്‍ഗ് ഇക്കണോമിക് ഫോറത്തിന്റെ പാനല്‍ ചര്‍ച്ചയില്‍
ആഗോളവല്‍ക്കരണത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പുനര്‍വിചിന്തനം ചെയ്യുന്ന ബഹുരാഷ്ടസഹകരണം പുനക്രമീകരിക്കുകയോ ഓവര്‍ലോഡ് ചെയ്യുകയോ ചെയ്യുക – ഒരു കാഴ്ചപ്പാട് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2021 ആദ്യ പാദത്തില്‍ ഖത്തര്‍ ദേശീയ ഇക്കണോമിയുടെ 66 ശതമാനവും ഓയിലേതര മേഖലയില്‍ നിന്നായിരുന്നു. സ്വകാര്യ മേഖലയെ ഉത്തേജിപ്പിച്ചും പൊതുമേഖലയും സ്വകാര്യ മേഖലയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തിയും സാമ്പത്തിക സുസ്ഥിരത നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങളാണ് ഖത്തര്‍ നടത്തുന്നത്. ഈ ശ്രമങ്ങള്‍ ഫലം കാണുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കോവിഡ് സൃഷ്ടിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുവാന്‍ രാജ്യങ്ങളും വ്യക്തികളും സഹകരിച്ച് പരിപാടികള്‍ തയ്യാറാക്കണം. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ ആഴം തിരിച്ചറിഞ്ഞുകൊണ്ടുള്ള പരിഹാര നടപടികളേ ഉദ്ദേശിക്കുന്ന ഫലം നല്‍കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിസന്ധിയെ മറികടക്കുവാനുള്ള ഏറ്റവും ഫലപ്രദമായ നടപടി തുടങ്ങേണ്ടത് വാക്‌സിനേഷനില്‍ നിന്നാണ് . ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുമ്പോള്‍ മാത്രമേ വാണിജ്യ വ്യവസായ മേഖലകളില്‍ ഉണര്‍വും സുസ്ഥിരതയും കൈവരിക്കാനാവുകയുളളൂ. അടുത്ത മാസത്തോടെ ഖത്തര്‍ 75 ശതമാനം ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കിയെന്ന് ഉറപ്പുവരുത്താനുള്ള ശ്രമങ്ങളിലാണെന്ന് അദ്ദേഹം പറഞ്ഞു.