കുറുങ്ങോട്ട് മഹ്‌മൂദ് മേക്കുന്ന് ജീവകാരുണ്യ രംഗത്തെ നിസ്തുല വ്യക്തിത്വം
ദോഹ : കഴിഞ്ഞ ദിവസം അന്തരിച്ച കുറുങ്ങോട്ട് മഹ്‌മൂദ് മേക്കുന്ന് ജീവകാരുണ്യ രംഗത്തെ നിസ്തുല വ്യക്തിത്വമായിരുന്നുവെന്ന് സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ അനുസ്മരിച്ചു.
ഒരിക്കലെങ്കിലും ഇടപഴകിയ ഒരാള്‍ക്കും വിസമരിക്കാനാകാത്ത വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹമെന്നും സത്യസന്ധതയുടെയും കാരുണ്യത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും സവിശേഷ ഗുണങ്ങളുമായി അന്ത്യനിമിഷം വരെ അദ്ദേഹം കര്‍മപഥത്തില്‍ സജീവമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
വിദ്യാര്‍ത്ഥിയായിരുന്ന കാലം തൊട്ടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന കുറുങ്ങോട്ട് മഹ്‌മൂദ് വിദ്യാഭ്യാസ, മത, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.
കുവൈത്ത് കെ.എം.സി.സി സ്ഥാപക നേതാവായ അദ്ദേഹം മേനപ്രം മതിയമ്പത്ത് മഹല്ല് കമ്മിറ്റി പ്രസിഡന്റ്, തലശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയംഗം, ചൊക്ലി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, മേക്കുന്നു ദയ ചാരിറ്റബിള്‍ ട്രസ്റ്റ് രക്ഷാധികാരി എന്ന നിലകളിലൊക്കെ ജീവ കാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
ഖത്തറിലെ പ്രമുഖ സംരഭകനും ദാന ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടറുമായ മുസ കുറുങ്ങോടിന്റെ സഹോദരനാണ് പരേതന്‍. അദ്ദേഹത്തിന്റെ എല്ലാ നല്ല കര്‍മങ്ങളും അല്ലാഹു സ്വീകരിക്കുകയും വീഴ്ചകള്‍ പൊറുത്തുകൊടുക്കുകയും ചെയ്യട്ടെ എന്ന പ്രാര്‍ഥനയില്‍ പങ്കുചേരുവാന്‍ സൈനുല്‍ ആബിദീന്‍ സഹപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടും ആവശ്യപ്പെട്ടു.