ടൂറിസത്തിന്റെ വാതിലുകള്‍ തുറന്ന് ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കായിക ലോകം കാത്തിരിക്കുന്ന കാല്‍പന്തുകളിയുടെ ആരവങ്ങളുയരാന്‍ 500 ല്‍ താഴെ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ലോകത്തിന് ആതിഥ്യമരുളാന്‍ ഖത്തറൊരുക്കിയിരിക്കുന്ന ലോകോത്തര സംവിധാനങ്ങളും പൈതൃകങ്ങളും കണ്ടാസ്വദിക്കുവാന്‍ ലോകത്തിന് മുന്നില്‍ ടൂറിസത്തിന്റെ വാതിലുകള്‍ തുറന്ന് ഖത്തര്‍ ശ്രദ്ധേയമാകുന്നു.
കോവിഡ് പ്രതിരോധത്തിന്റെ കാര്യക്ഷമമായ നിര്‍വഹണത്തിലൂടെ രോഗബാധ നിയന്ത്രണ വിധേയമാക്കുകയും ഊര്‍ജിതമായ നാഷണല്‍ വാക്‌സിനേഷന്‍ കാമ്പയിനിലൂടെ സാമൂഹ്യ പ്രതിരോധ ശേഷിയിലേക്ക് ഉയര്‍ന്നുമാണ് ലോകത്ത് തന്നെ മാതൃകയായി 95 രാജ്യങ്ങളില്‍ നിന്നുള്ള വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് തികച്ചും സൗജന്യമായി ഒരു മാസത്തെ ടൂറിസ്റ്റ് വിസകള്‍ ഖത്തര്‍ നല്‍കി തുടങ്ങിയത്. ഈ സൗകര്യം പ്രയോജനപ്പെടുത്തി പലരും ഇന്നലെ തന്നെ ദോഹയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങള്‍ ആയിരക്കണക്കിനാളുകള്‍ ദോഹയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒന്നര വര്‍ഷത്തോളമായി നിര്‍ജീവമായിരുന്ന ഹോട്ടല്‍ മേഖല ഇതോടെ സജീവമാകും. ഡിസ്‌കവര്‍ ഖത്തറിന്റെ ലിസ്റ്റില്‍പ്പെടാത്ത ചെറുകിട ഹോട്ടലുകള്‍ക്കാണ് പുതിയ നയം കൂടുതല്‍ പ്രയോജനപ്പെടുക. ലിമോസിന്‍, റെന്റ എ കാര്‍, റസ്‌റ്റോറന്റ് മേഖലയിലും ടൂറിസ്റ്റുകളുടെ വരവ് വലിയ പുരോഗതിയുണ്ടാക്കും.
ഇന്ത്യയില്‍ നിന്നും നേരിട്ട് യാത്ര ചെയ്യാന്‍ സൗകര്യമില്ലാത്ത സൗദി, യു.എ.ഇ, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലേക്ക് ഖത്തര്‍ വഴി യാത്ര ചെയ്യാനും ഖത്തറിലെ പുതിയ ട്രാവല്‍ നയം പ്രയോജനപ്പെടും.ഇന്ത്യയില്‍ നിന്നും ദോഹയിലെത്തി 14 ദിവസം കഴിഞ്ഞാല്‍ അതത് രാജ്യങ്ങളിലേക്ക് പോകുവാന്‍ ബുദ്ധിമുട്ടുണ്ടാവുകയില്ല. ഖത്തര്‍ ഗവണ്‍മെന്റ് അംഗീകരിച്ച വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താനാകുക.
ഫൈസര്‍ മൊഡേണ, അസ്ട്ര സെനിക, കോവി ഷീല്‍ഡ്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകളാണ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പൂര്‍ണമായും അംഗീകരിച്ചിട്ടുള്ളത്. ഈ വാക്‌സിനുകള്‍ പൂര്‍ത്തീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാല്‍ ഓണ്‍ അറൈവല്‍ വിസ സൗകര്യം പ്രയോജനപ്പെടുത്താം. പാസ്‌പോര്‍ട്ട് 6 മാസമെങ്കിലും കാലാവധിയുള്ളവരും ജി.സി.സി. രാജ്യങ്ങളില്‍ വിസയുള്ളവരും 14 ദിവസത്തെ ഹോട്ടല്‍ ബുക്ക് ചെയ്താല്‍ മതിയാകും. താമസ വിസയുള്ള രാജ്യത്തേക്കുള്ള വിമാന ടിക്കറ്റും ഉറപ്പാക്കണം. യാത്ര പുറപ്പെടുന്നതിന് പരമാവധി 72 മണിക്കൂറും ചുരുങ്ങിയത് 12 മണിക്കൂറും മുമ്പെങ്കിലും www. ehteraz.gov.qa എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത്് ട്രാവല്‍ ഓതറൈസേഷന്‍ നേടണം. ഓണ്‍ അറൈവല്‍ വിസകള്‍ക്ക് ട്രാവല്‍ ഓതറൈസേഷന്‍ നിര്‍ബന്ധമാണ്. കൂടാതെ യാത്രയുടെ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി. പി.സി.ആര്‍. നെഗററ്റീവ് സര്‍ട്ടിഫിക്കറ്റ് കൂടെ കരുതണം.
റെഡ് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക്് ഖത്തറിലെത്തുമ്പോള്‍ വിമാനതാവളത്തില്‍ വീണ്ടും ആര്‍.ടി.പി.സി. ആര്‍. പരിശോധന നടത്തും. ഇതിന് 300 റിയാല്‍ ഫീസ് നല്‍കണം. കാശായോ ബാങ്ക് കാര്‍ഡ് വഴിയോ പണമടക്കാം. എല്ലാ യാത്രക്കാരരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം