ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്നും ഉപഭോഗയോഗ്യമല്ലാത്ത ശീതീകരിച്ച മല്‍സ്യം പിടികൂടി നശിപ്പിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു കമ്പനിയുടെ വെയര്‍ഹൗസില്‍ നിന്നും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത വലിയ അളവില്‍ അജ്ഞാത ഉത്ഭവമുള്ള ശീതീകരിച്ച മത്സ്യങ്ങള്‍ ദോഹ മുനിസിപ്പാലിറ്റിയുടെ ആരോഗ്യ നിയന്ത്രണ വിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചു.
ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഭക്ഷ്യ നിര്‍മാണ, സംഭരണ, പാക്കിംഗ് കേന്ദ്രങ്ങളില്‍ ആഭ്യന്തര മന്ത്രാലയം നടത്തിയ റെയ്ഡിലാണ് ഉപഭോഗയോഗ്യമല്ലാത്ത ശീതീകരിച്ച മല്‍സ്യം പിടികൂടിയത്. ഭക്ഷ്യസുരക്ഷ, ശുചീകരണ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഒക്ടോബറില്‍ ഇത് വരെ മാത്രം 1650 റെയ്ഡുകളാണ് നടത്തിയത്. 55 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും 7 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു. 65 സാമ്പിളുകളാണ് ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്തി നശിപ്പിച്ചു കളഞ്ഞത്.
ഭക്ഷണസാധനങ്ങളുമായി ബന്ധപ്പെട്ട സ്റ്റോറുകളും വിതരമക്കാരും കണിശമായ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണം. വീഴ്ചവരുത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുനിസിപ്പല്‍ അധികൃതര്‍ ആവര്‍ത്തിച്ചു.