ഒരു അറബ് നയതന്ത്രജ്ഞന്റെ സാംസ്‌കാരിക വിചാരങ്ങള്‍’-പുസ്തക പ്രകാശനം നവംബര്‍ 28ന് കതാറയില്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ സഹമന്ത്രിയും മുന്‍ സാംസ്‌കാരിക-കലാ-പൈതൃക മന്ത്രിയുമായ ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരിയുടെ ‘അലാ ഖദ്-രി അഹ് ലില്‍ അസ്മ് ‘ എന്ന അറബി പുസ്തകത്തിന്റെ മലയാള വിവര്‍ത്തനമായ ‘ഒരു അറബ് നയതന്ത്രജ്ഞന്റെ സാംസ്‌കാരിക വിചാരങ്ങള്‍’ എന്ന കൃതിയുടെ പ്രകാശനം നവംബര്‍ 28 ഞായറാഴ്ച രാവിലെ 11 മണിക്ക് കതാറ ജനറല്‍ മാനേജര്‍ ഖാലിദ് ബിന്‍ ഇബ്‌റാഹിം അല്‍ സുലൈത്തി നിര്‍വഹിക്കുമെന്ന് സെന്റര്‍ ഫോര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് (സി എസ് ആര്‍-ദോഹ) ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ കൃതി ഏറ്റുവാങ്ങും. സി.ഐ.സി പ്രസിഡണ്ട് കെ.ടി.അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിക്കും. ഗ്രന്ഥകാരന്‍ കൂടിയായ ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരി ചടങ്ങില്‍ പ്രഭാഷണം നടത്തും. ഡി.ഐ.സി.ഐ.ഡി ചെയര്‍മാന്‍ ഡോ. ഇബ്‌റാഹിം ബിന്‍ സാലിഹ് അല്‍ നഈമി, ഇസ് ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയറക്ടര്‍ ഡോ. കൂട്ടില്‍ മുഹമ്മദലി (ഓണ്‍ലൈനില്‍) എന്നിവര്‍ ആശംസാ പ്രസംഗം നിര്‍വഹിക്കും. പരിപാടിയിലെ മുഖ്യാതിഥികളെയും ദോഹയിലെ ഐ.പി.എച്ച് ഗ്രന്ഥകര്‍ത്താക്കളായ വ്യക്തിത്വങ്ങളെയും പ്രകാശന ചടങ്ങില്‍ ആദരിക്കും.
സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സി ഐ സി ഖത്തര്‍ ) യുടെ ഗവേഷണ വിഭാഗമായ സി എസ്.ആര്‍ ദോഹയും കതാറയും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ദക്ഷിണേന്ത്യയിലെ മികച്ച ഇസ്ലാമിക പ്രസാധകരായ ഐ.പി .എച്ച്. ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
അറബ് രാജ്യങ്ങളിലും,യൂറോപ്യന്‍ രാജ്യങ്ങളിലും, അമേരിക്കയിലും ഖത്തര്‍ സ്ഥാനപതിയായും, യുനെസ്‌ക്കോ, ഐക്യരാഷ്ട്രസഭ തുടങ്ങിയ രാഷ്ട്രാന്തരീയ വേദികളില്‍ ഖത്തര്‍ സ്ഥിരം പ്രതിനിധിയായും പിന്നീട് ഖത്തര്‍ സാംസ്‌കാരിക മന്ത്രിയായും പ്രവര്‍ത്തിച്ച ഒരു അറബ് നയതന്ത്രജ്ഞന്റെ അനുഭവ വിവരണമാണ് ഗ്രന്ഥത്തിന്റെ ഉള്ളടക്കം. സംസ്‌കാരം, നയതന്ത്രം, വിദ്യാഭ്യാസം, വാര്‍ത്താവിനിമയം തുടങ്ങിയ വിഷയങ്ങള്‍ ഗ്രന്ഥത്തില്‍ ചര്‍ച്ചയാവുന്നുണ്ട്. സ്ഥിരോല്‍സാഹം കഠിനാധ്വാനം എന്നിവയിലൂടെ ഗ്രന്ഥകാരന്‍ ചവിട്ടി കയറിയ ജീവിത ഔന്നത്യത്തിന്റെ കഥ കൂടിയാണ് ഈ കൃതി എന്നതിനാല്‍, ജീവിത വിജയം നേടാന്‍ ആഗ്രഹിക്കുന്ന ആയിരങ്ങള്‍ക്ക് ഇതിനകം തന്നെ വലിയ പ്രചോദനമായിത്തീര്‍ന്ന ക്യതിയാണിത്. വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലകളില്‍ ഖത്തര്‍ നടത്തുന്ന ഇടപെടലുകളും മുന്നേറ്റവും ഗ്രന്ഥത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. കൃതി ഇതിനകം തന്നെ ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പേര്‍ഷ്യന്‍ തുടങ്ങി ഒട്ടേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ദോഹയിലെ അറബി ഭാഷാ പണ്ഡിതനും വിവര്‍ത്തകനും ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറിയുമായ ഹുസൈന്‍ കടന്നമണ്ണയാണ് ഗ്രന്ഥത്തിന്റെ വിവര്‍ത്തനം നിര്‍വഹിച്ചിട്ടുള്ളത്.
ആര്‍ എസ്. അബ്ദുല്‍ ജലീല്‍ (ജനറല്‍ സെക്രട്ടറി, സി.ഐ.സി ഖത്തര്‍), ടി.കെ. ഖാസിം (വൈസ് പ്രസിഡന്റ്, സി.ഐ.സി ഖത്തര്‍), കെ.സി. അബ്ദുല്ലത്തീഫ് (കൂടിയാലോചന സമിതി അംഗം & മുന്‍ പ്രസിഡണ്ട്, സി.ഐ.സി ), അബ്ദുറഹ്‌മാന്‍ പുറക്കാട് (ഡയറക്ടര്‍ – സി.എസ്.ആര്‍ ദോഹ) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.