Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IM Special

കായല്‍മഠത്തില്‍ സെയ്താലിക്കുട്ടി , ജൈവ കൃഷിയുടെ ഉപാസകന്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പ്രവാസി മലയാളിയായ കായല്‍മഠത്തില്‍ സെയ്താലിക്കുട്ടി അക്ഷരാര്‍ഥത്തില്‍ ജൈവ കൃഷിയുടെ ഉപാസകനാണ് .മലപ്പുറം ജില്ലയിലെ തിരുനാവായക്കടുത്ത് കുണ്ടിലങ്ങാടി പട്ടര്‍ നടക്കാവിലെ കാര്‍ഷിക കുടുംബമായ കായല്‍മഠത്തില്‍ ജനിച്ചുവളര്‍ന്ന സെയ്താലിക്കുട്ടി ചെറുപ്പം മുതലേ കൃഷിയോട് താല്‍പര്യമുള്ള പ്രകൃതമായിരുന്നു. യൗവ്വനാരംഭത്തിലേ ഖത്തറിലെത്തിയ അദ്ദേഹം കണ്ട് വളര്‍ന്ന കൃഷി സംസ്‌കാരം മരുഭൂമിയിലും പരീക്ഷിച്ച് വിജയം വരിച്ചത് പ്രവാസി സമൂഹത്തിന് മാതൃകയാണ് . മനസ് വെച്ചാല്‍ അത്യാവശ്യം വേണ്ട പച്ചക്കറികളെല്ലാം സ്വന്തമായ കൃഷി ചെയ്യാമെന്ന മഹത്തായ പാഠമാണ് അദ്ദേഹം നല്‍കുന്നത്.


മരുഭൂമിയില്‍ കൃഷി ചെയ്യുക ശ്രമകരമായ ജോലിയാണ്. മണ്ണൊരുക്കിയും വളം ചേര്‍ത്തും നനച്ചും കൃഷിയെ പരിചരിക്കണമെങ്കില്‍ നല്ല ക്ഷമയും കൃഷിയോട് താല്‍പര്യവും വേണം. ഓരോ സീസണിലും എന്തൊക്കെ കൃഷി ചെയ്യണമെന്നതിനെക്കുറിച്ചും എന്തൊക്കെ മു്ന്‍കരുതലുകള്‍ എടുക്കണമെന്നതിനെക്കുറിച്ചും നല്ല ധാരണ വേണം. നിരന്തരമായ പരിശ്രമം കൊണ്ട് പലതും പഠിച്ചെടുത്താണ് ജൈവ കൃഷിയുടെ ഉപാസകനായി ഈ പ്രവാസി മലയാളി ശ്രദ്ധേയനാകുന്നത്.


കഴിഞ്ഞ നാല് പതിറ്റാണ്ടുകളോളമായി ഖത്തറിലെ വുകൈറില്‍ താമസ സ്ഥലത്തിനുചുറ്റും വൈവിധ്യമാര്‍ന്ന കൃഷിയിറക്കി മണ്ണും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം അടയാളപ്പെടുത്തുന്ന ഈ മലപ്പുറത്തുകാരന്‍ സുപ്രധാനമായ സന്ദേശമാണ് പ്രവാസി സമൂഹത്തിന് നല്‍കുന്നത്.

കൃഷി ജീവിതത്തിന് വല്ലാത്ത സംതൃപ്തി നല്‍കുന്ന ഒരു തൊഴിലെന്ന നിലയിലും കൂടിയാണ് വര്‍ഷങ്ങളായി മരുഭൂമിയിയില്‍ നൂറ് മേനി വിളയിച്ച് കൃഷിയുടെ വേറിട്ട മാതൃകകള്‍ പരീക്ഷിക്കുന്നത്. തികച്ചും ഓര്‍ഗാനിക്കായാണ് കൃഷി ചെയ്യുന്നത്. കാര്യമായും ആട്ടിന്‍ കാഷ്ടമാണ് വളമായി ഉപയോഗിക്കുന്നത്.


വുകൈറില്‍ സെയ്താലിക്കുട്ടി നട്ടുവളര്‍ത്തുന്ന കൃഷിയിടത്തിലെത്തുമ്പോള്‍ മരുഭൂമിയിലാണ് നാമെന്നത് വരെ നാം മറന്നുപോടേക്കും. കേരളത്തിലെ ഏതോ ഗ്രാമത്തിലെത്തിയ പ്രതീതിയാണ് ഓരോരുത്തര്‍ക്കും ഉണ്ടാവുക. അത്രക്കും സമൃദ്ധമായ പച്ചപ്പിനാല്‍ അലങ്കരിച്ച കൃഷിയിടത്തില്‍ വിളയുന്ന വിഭവങ്ങള്‍ അനവധിയാണ്.


വിശാലമായ തക്കാളിത്തോട്ടം, കാബേജും ക്വാളി ഫ്ളവറും, ബ്രക്കോളിയും പാലക്കും, കാരറ്റും, ബീറ്റ് റൂട്ടും, വഴുതനങ്ങയും ലെട്ടൂസും, പച്ചമുളകും മല്ലിച്ചപ്പും പൊതീനയും ജിര്‍ജിറും ബര്‍ദൂനിസും, കൂസും വെണ്ടക്കയും, കുക്കുമ്പറും എന്നുവേണ്ട അറബികള്‍ നിത്യവുമുപയോഗിക്കുന്ന എത്രയോ ഇനം പച്ചക്കറികളും ഇലകളുമാണ് ഈ നോട്ടത്തില്‍ സമൃദ്ധമായി വളരുന്നത്.വിവിധ തരത്തിലുള്ള ഉള്ളികളാണ് മറ്റൊരു പ്രധാന വിഭവം. അറബികള്‍ സലാഡിനുപയോഗിക്കുന്ന വെളുത്ത ഉള്ളിയും ചുമന്ന ഉള്ളിയും നന്നായി വളരുന്നുണ്ട്.

വളരെ ചെറുപ്രായത്തില്‍ തന്നെ ഖത്തറിലെത്തിയ സെയ്താലിക്കുട്ടി വീടിന് ചുറ്റും പച്ചപ്പ് പരത്തിയാണ് സ്വദേശി സ്പോണ്‍സറുടെ മനം കവര്‍ന്നത്. കൃഷിയില്‍ നിന്നുള്ള വിഭവങ്ങളേക്കാളും ഹരിത ഭംഗിയും കുളിര്‍മയുമാണ് സ്വദേശി കുടുംബത്തിന് ഏറെ കൗതുകം പകര്‍ന്നത്. വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികളൊക്കെ സ്വന്തമായി വിളയിക്കാന്‍ തുടങ്ങിയതോടെ ആവേശം വര്‍ദ്ധിച്ചു. വീടിനും ചുറ്റും രണ്ട് ഏക്കറയോളം വിശാലമായ സ്ഥലത്താണ് കൃഷിയിറക്കിയത്.

മണ്ണ് ചതിക്കില്ലെന്നത് പരമാര്‍ഥമാണെന്നാണ് തന്റെ ജീവിതാനുഭവമെന്ന് സെയ്താലിക്കുട്ടി സാക്ഷ്യപ്പെടുത്തുന്നു. എന്ത് നട്ടാലും നല്ല വിളവ് ലഭിക്കുന്നത് കൂടുതല്‍ കൃഷിയിറക്കാന്‍ പ്രോല്‍സാഹനമാണ്.മിക്കവാറും വിത്തുകളൊക്കെ ഇവിടെ നിന്ന് തന്നെയാണ് വാങ്ങുന്നത്. ചിലപ്പോള്‍ നാട്ടില്‍ നിന്ന് കൊണ്ടുവരും.

വിളഞ്ഞുനില്‍ക്കുന്ന പച്ചക്കറികളും ഇല വര്‍ഗങ്ങളുമൊക്കെ കാണുന്നത് തന്നെ വല്ലാത്ത അനുഭൂതിയാണ് സമ്മാനിക്കുന്നത്. ഊഷരമെന്ന് നാം വിചാരിക്കുന്ന മരുഭൂമിയിലെ കാര്‍ഷിക വിപ്ളവം പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തുന്നതോടൊപ്പം വിഷരഹിതമായ പച്ചക്കറികള്‍ ഭക്ഷിക്കാനും അവസരമൊരുക്കുന്നു. ശുദ്ധമായ പച്ചക്കറികള്‍ തേടി പല മലയാളി കുടുംബങ്ങളും തങ്ങളെ സമീപിക്കാറുണ്ടെന്ന് സെയ്താലിക്കുട്ടി പറഞ്ഞു.

ഈന്തപ്പനകളും ഈ തോട്ടത്തില്‍ ധാരാളമുണ്ട്. വിവിധ ഇനങ്ങളിലുള്ള അമ്പതോളം ഈന്തപ്പന മരങ്ങള്‍ ഇവിടെയുണ്ടെന്ന് സെയ്താലിക്കുട്ടി പറഞ്ഞു.

കായല്‍മഠത്തില്‍ കുടുംബാംഗങ്ങളായ അബ്ദുല്‍റസാഖ്, നാസര്‍, യൂസുഫ് എന്നിവരും ജൈവ കൃഷിയില്‍ സഹായികളാണ് .


സഹോദരി പുത്രനായ തിരൂര്‍ കുറ്റൂരിനടുത്തുള്ള നൗഫലാണ് മുഖ്യമായും ജൈവകൃഷിയുടെ പ്രചാരകന്‍. കൃഷി നനക്കുന്നതിനും വിളവെടുക്കുന്നതിനുമുള്ള ശാരീരിക സഹായത്തിലുപരി ജൈവ കൃഷിക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സജീവമായ പ്രചാരം നല്‍കുന്നത് നൗഫലാണ്. നിത്യവും തോട്ടത്തില്‍ നിന്നും പറിച്ചെടുക്കുന്ന വിഭവങ്ങളുമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള നൗഫലിന്റെ പോസ്റ്റുകള്‍ കൃഷി തല്‍പരരായ ആയിരക്കണക്കിനാളുകളാണ് പിന്തുണക്കാറുള്ളത്.

Related Articles

Back to top button