Archived Articles

ഡോം ഖത്തര്‍ രക്തദാന ക്യാമ്പുകള്‍ ചരിത്രം സൃഷ്ടിക്കുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ. രക്തദാന ക്യാമ്പുകള്‍ ഉള്‍പ്പെടെ സേവന മേഖലയില്‍ വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ചു കൊണ്ട് മലപ്പുറം ജില്ലയിലെ പ്രവാസി കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം ഖത്തറില്‍ ചരിത്രം സൃഷ്ടിക്കുന്നു.

സംഘടനയുടെ ഔപചാരികമായ ഉദ്ഘാടനത്തിന് മുമ്പ് തന്നെ നൂറില്‍ പരം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഹമദ് ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ ഒരു വിപുലമായ രക്തദാന ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചാണ് ഡോം ഖത്തര്‍ തങ്ങളുടെ സാന്നിധ്യമടയാളപ്പെടുത്തിയത്. ആറു മാസത്തിനുള്ളില്‍ നൂറോളം ആളുകളെ പങ്കെടുപ്പിച്ചു മറ്റൊരു രക്തദാന ക്യാമ്പ്. ഇപ്പോള്‍ ഹമദ്‌ഹോസ്പിറ്റലില്‍ അടിയന്തിരമായി രക്തം ആവശ്യമുണ്ട് എന്ന അറിയിപ്പിനെ തുടര്‍ന്ന് വളരെ പെട്ടെന്ന് നൂറോളം ആളുകളെ പങ്കെടുപ്പിച്ച് വളരെ വിജയകരമായി ഇന്നലെ മറ്റൊരു ക്യാമ്പ് കൂടി സംഘടിപ്പിച്ചാണ് ഡോം ഖത്തര്‍ ചരിത്രം രചിച്ചത്. .

വെള്ളിയാഴ്ച വൈകുന്നേരം ഹമദ് അങ്കണത്തില്‍ വച്ച് നടന്ന ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ഐ സി ബി എഫ് പ്രസിഡണ്ട് സിയാദ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സമൂഹത്തിന്റെ ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രശംസനീയവും ഉദാത്തമായ മാതൃകയുമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഡോം ഖത്തര്‍ പ്രസിഡണ്ട് വി സി മഷ്ഹൂദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സ്വാഗതവും ട്രഷറര്‍ കേശവദാസ് നിലമ്പൂര്‍ നന്ദിയും പറഞ്ഞു.

വളരെ ആത്മാര്‍ത്ഥതയോടെ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന ഹമദ് ഹോസ്പിറ്റല്‍ അധികാരികളെയും അതിന് മുമ്പില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റല്‍ ജീവനക്കാരെയും പ്രത്യേകം അഭിനന്ദിച്ചു. പുഞ്ചിരിക്കുന്ന മുഖത്തോടെ രക്തദാതാക്കളെ സ്വീകരിക്കുന്ന ജീവനക്കാരും ഈ മഹാ ദൗത്യത്തില്‍ പങ്കുകൊള്ളുന്ന സുമനസ്സരായ ഇന്ത്യന്‍ ജനതയുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഡോം ഖത്തറിന് പ്രചോദനമാകുന്നത് എന്ന് അധ്യക്ഷപ്രസംഗത്തില്‍ മസൂദ് പറഞ്ഞു

സ്വദേശി എന്നോ വിദേശി എന്നോ വ്യത്യാസമില്ലാതെ എല്ലാ ആളുകള്‍ക്കും ഒരുപോലെ സേവനം ലഭ്യമാക്കുന്ന ഹമദ് ഹോസ്പിറ്റലിന് ഒരു പ്രവാസി എന്ന നിലയില്‍ നല്‍കാന്‍ കഴിയുന്ന ഏറ്റവും മഹത്തരമായ സംഭാവനയാണ് രക്തദാനം. അത് സംഘടിപ്പിക്കുവാനും അതിലേക്ക് ആളുകളെ എത്തിക്കുവാനും ഡോം ഖത്തറിന്റെ വളണ്ടിയര്‍മാര്‍ എന്നും മുമ്പില്‍ ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് പറഞ്ഞു. ക്യാമ്പിന് ഡോക്ടര്‍ ഷെഫീഖ് താപ്പി മമ്പാട്, രതീഷ് കക്കോവ് നൗഫല്‍ കട്ടുപ്പാറ, ഇര്‍ഫാന്‍ ഖാലിദ്, രാജി നായര്‍, സ്റ്റാലിന്‍ ശിവദാസ്, സിദ്ദീഖ് വാഴക്കാട്, മൈമൂന സൈനുദ്ദീന്‍ , നിയാസ് കയ്‌പേങ്ങല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഖത്തറിലെ സാമൂഹിക പ്രവര്‍ത്തകനും ഡോം ഖത്തര്‍ രക്ഷാധികാരിയുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സംസ്‌കൃതി പ്രസിഡണ്ടും ഡോ ഖത്തര്‍ എക്‌സിക്യൂട്ടീവ് അംഗവുമായ ജലീല്‍ കാവില്‍, ഇന്‍കാസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അഷ്‌റഫ്, ഡോം ഖത്തര്‍ വൈസ് പ്രസിഡണ്ട് മാരായ അബ്ദുല്‍ റഷീദ് പി , ശ്രീധര്‍, സെക്രട്ടറിമാരായ രതീഷ് കക്കോവ്, ശ്രീജിത്ത് നായര്‍, ലേഡീസ് വിംഗ് കണ്‍വീനര്‍ സൗമ്യ പ്രദീപ്, ഫൈനാന്‍സ് കോഡിനേറ്റര്‍ നബ്ഷാ മുജീബ്, കണ്‍വീനര്‍മാരായ സഖി ജലീല്‍, ജുനൈബ സൂരജ്, നൗഫല്‍ കട്ടുപ്പാറ, ഇര്‍ഫാന്‍ ഖാലിദ്, സുരേഷ് ബാബു പണിക്കര്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!