ഫിഫ ട്രോഫിയുടെ ഖത്തര്‍ പര്യടനത്തിന് ഉജ്വല തുടക്കം
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകമെമ്പാടുമുള്ള കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 ലോക കപ്പിന് 200 ദിവസത്തെ കൗണ്ട് ഡൗണ്‍ ആരംഭിച്ചത് ആഘോഷമാക്കി ഫിഫ ട്രോഫിയുടെ ഖത്തര്‍ പര്യടനത്തിന് ഉജ്വല തുടക്കം .
ഫുട്‌ബോളിന്റെ ആവേശവും ലോക കപ്പിന്റെ ഗരിമയും കായിക ലോകത്ത് ഓളങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ സ്വീകരണ വേദികളില്‍ വമ്പിച്ച വരവേല്‍പാണ് കപ്പിന് ലഭിക്കുന്നത്.
ഇന്നലെ രാവിലെ ഖത്തറിലെ മുതിര്‍ന്നവരുടെ പരിചരണത്തിനായി പ്രവര്‍ത്തിക്കുന്ന അല്‍ ഇഹ് സാന്‍ എംപവര്‍മെന്റ് ആന്റ് കെയര്‍ സെന്ററില്‍ നിന്നാണ് ട്രോഫി പര്യടനമാരംഭിച്ചത്.
തുടര്‍ന്ന് ഭിന്ന ശേഷിക്കാരുടെ വിദ്യാഭ്യാസത്തിനായുള്ള ഷാഫല്ല സെന്ററിലും പ്രദര്‍ശനത്തിന് വെച്ചു. വൈകുന്നേരം 6 മണി മുതല്‍ രാത്രി 9 മണി വരെ ആസ്പയര്‍ പാര്‍ക്കില്‍ പ്രദര്‍ശിപ്പിച്ച ട്രോഫി അടുത്ത് നിന്ന് നേരില്‍ കാണാനും ട്രോഫിയോടൊപ്പം ഫോട്ടോയെടുക്കാനും നിരവധി പേരാണെത്തിയത്.
മിഡില്‍ ഈസ്റ്റിലും അറബ് ലോകത്തും ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പിന്റെ 22-ാം പതിപ്പിന് മുന്നോടിയായി ആവേശം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ മൗലവി പറഞ്ഞു. ലോകമെമ്പാടുമുള്ള അതിന്റെ അത്ഭുതകരമായ യാത്ര ആരംഭിക്കുന്നതിന് മുമ്പ് യഥാര്‍ത്ഥ ട്രോഫിയെ അടുത്ത് നിന്ന് അഭിനന്ദിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താന്‍ ഖത്തറിലെ എല്ലാവരേയും ക്ഷണിക്കുന്നതായി സംഘാടകര്‍ പറഞ്ഞു.
വൈകുന്നേരം 6 മണി മുതല്‍ രാത്രി 9 മണി വരെ യാണ് ഫിഫ ലോകകപ്പിന്റെ ഒറിജിനല്‍ ട്രോഫി പ്രദര്‍ശിപ്പിക്കുക. പകല്‍സമയത്ത് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലേതുള്‍പ്പെടെ വിവിധ വ്യാപാര സ്ഥാപനങ്ങളിലേക്കും സംഘടനകളിലേക്കും ട്രോഫി എത്തിക്കും.
മെയ് 6 വെള്ളിയാഴ്ച ഇന്‍ഡസ്ട്രിയല്‍ ഏരിയ – ക്രിക്കറ്റ് സ്റ്റേഡിയം, മെയ് 7 ശനിയാഴ്ച ലുസൈല്‍ മറീന, മെയ് 8 ഞായറാഴ്ച സൂഖ് വാഖിഫ് , മെയ് 9 തിങ്കള്‍ ദോഹയിലെ മുഷൈറിബ് ഡൗണ്‍ടൗണ്‍ എന്നിവിടങ്ങളിലാണ് ട്രോഫി പ്രദര്‍ശിപ്പിക്കുക.
മെയ് 10 ന് കതാറയില്‍ നടടക്കുന്ന പ്രത്യേക ചടങ്ങില്‍ ട്രോഫിയെ യാത്രയാക്കും. ഫിഫ ആസ്ഥാനത്തെത്തുന്ന ട്രോഫി ലോക പര്യടനം കഴിഞ്ഞ് ആദ്യ മത്സര ദിവസമായ നവംബര്‍ 21 നാണ് ദോഹയില്‍ തിരിച്ചെത്തുക.