ബര്‍വ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പില്‍ നിന്നും 1,400 ലധികം ഫര്‍ണിഷ് ചെയ്ത വീടുകള്‍ സുപ്രീം കമ്മിറ്റി വാടകക്കെടുത്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ബര്‍വ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പില്‍ നിന്നും 1,400 ലധികം ഫര്‍ണിഷ് ചെയ്ത വീടുകള്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി വാടകക്കെടുത്തതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ബര്‍വ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ബരാഹത് അല്‍ ജനൂബ് റിയല്‍ എസ്റ്റേറ്റ് കമ്പനി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി & ലെഗസിയുമായി 141.5 ദശലക്ഷം റിയാല്‍ മൂല്യമുള്ള പാട്ടക്കരാര്‍ ഒപ്പിട്ടതായി ബന്ധപ്പെട്ടവര്‍ പ്രഖ്യാപിച്ചു.
ആഗസ്ത് 1 മുതല്‍ 6 മാസത്തേക്ക് ‘ബരാഹത് അല്‍ ജനൂബ്’ പദ്ധതിയിലെ (ഇത് നിലവില്‍ അല്‍ വക്രയിലെ ബരാഹത്ത് അല്‍ ജനൂബ് കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു) എല്ലാ ഭവന യൂണിറ്റുകളും പാട്ടത്തിനെടുക്കുകയാണ് കരാറിന്റെ ഉദ്ദേശ്യമെന്ന് ബര്‍വ പ്രസ്താവനയില്‍ പറഞ്ഞു.
പൂര്‍ണമായും ഫര്‍ണിഷ് ചെയ്ത 1,404 വീടുകളാണ് പദ്ധതിയിലുള്ളത്. പാട്ടക്കാലാവധിയില്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തന വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് ഈ കരാര്‍ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖത്തറിലെ റിയല്‍ എസ്റ്റേറ്റ് വികസനം , നിക്ഷേപം എന്നീ മേഖലകളിലെ മുന്‍നിര കമ്പനികളിലൊന്നായ ബര്‍വ റിയല്‍ എസ്റ്റേറ്റ് കമ്പനി 2005ലാണ് സ്ഥാപിതമായത്.