ഫിഫ 2022 അവിസ്മരണീയമാക്കാനൊരുങ്ങി അര്‍ജന്റീന ഫാന്‍സ് ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ 2022 അവിസ്മരണീയമാക്കാനൊരുങ്ങി അര്‍ജന്റീന ഫാന്‍സ് ഖത്തര്‍. വൈവിധ്യമാര്‍ന്ന പരിപാടികളുമായാണ് ഖത്തറിലെ അര്‍ജന്റീന ഫാന്‍സ് മുന്നേറുന്നത്. കഴിഞ്ഞ ദിവസം നടന്ന ബ്‌ളഡ് ഡോണേഷന്‍ ക്യാമ്പ് അര്‍ജന്റീന ഫാന്‍സിന്റെ വേറിട്ട സേവനമായി.
161 പേരാണ് രക്തം ദാനം നല്‍കിയത്. ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍, കായിക ഇവന്റുകള്‍, മെഗാ ഇവന്റ്, ഫാമിലി മീറ്റ് അപ്പ് തുടങ്ങി വൈവിധ്യമായ ആഘോഷ പരിപാടികള്‍ക്കുള്ള ഒരുക്കത്തിലാണ് ഖത്തറിലെ അര്‍ജന്റീന ഫാന്‍സ് . രണ്ടായിരത്തിലധികം അംഗങ്ങളുള്ള ഈ കൂട്ടായ്മക്ക് നേതൃത്വം കൊടുക്കുന്നത് മലയാളികളാണ് എന്ന്തും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.
അര്‍ജന്റീന ഫാന്‍സ് ഖത്തറിന് ഇക്കഴിഞ്ഞ ജൂണിലാണ് തുടക്കമായത്. അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസിയുടെ ജന്മദിനത്തില്‍ ദോഹ കോര്‍ണിഷില്‍ നടന്ന ജന്മദിനാഘോഷത്തിനിടെ ലോഗോ പ്രകാശനം കൂടി കഴിഞ്ഞതോടെ ലോകകപ്പിന്റെ ആവേശപ്പാതയില്‍ തന്നെയാണു സംഘം.
അര്‍ജന്റീന ഫാന്‍സ് ഖത്തര്‍ (എ എഫ് ക്യു) മെമ്പര്‍ഷിപ്പ് വിതരണം മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം ക്യാപ്റ്റനുമായ ഡോ. ഐ എം വിജയന്‍ നിര്‍വഹിച്ചത് ആരാധകര്‍ക്ക് ആവേശം പകര്‍ന്നു.
ഖത്തര്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അടിക്കുന്നതും അടിപ്പിക്കുന്നതും മെസി തന്നെയായിരിക്കുമെന്നാണ് ആരാധകരുടെ ഉറപ്പ്. ഗാലറിക്ക് അകത്തും പുറത്തും ടീമിന് വേണ്ട എല്ലാ പിന്തുണയും നല്‍കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഖത്തറിലെ അര്‍ജന്റീന ഫാന്‍സ്.