ഖത്തറില്‍ റോഡുകള്‍ അടക്കലും വഴി തിരിച്ചുവിടലുകളും ഉടന്‍ അവസാനിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന റോഡ് പണികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും റോഡുകള്‍ അടക്കലും വഴി തിരിച്ചുവിടലുകളും ഉടന്‍ അവസാനിക്കുമെന്നും ട്രാഫിക് വകുപ്പിലെ ട്രാഫിക് ബോധവല്‍ക്കരണ വിഭാഗം തലവന്‍ ബ്രിഗേഡിയര്‍ ഡോ: മുഹമ്മദ് റാദി അല്‍ ഹജ്രി അഭിപ്രായപ്പെട്ടു. ഖത്തര്‍ റേഡിയോയിലെ ‘പോലീസ് വിത്ത് യു’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡുകള്‍ അടക്കുന്നതും ട്രാഫിക് വഴിതിരിച്ചുവിടലുകളും ഈ വഴിതിരിച്ചുവിടലുകള്‍ മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കുകളുമൊക്കെ പൊതുജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുവയാണ്. ഇവയൊക്കെ ഉടന്‍ അവസാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിലെ ട്രാഫിക് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ് റോഡ് സുരക്ഷയ്ക്ക് മാനദണ്ഡങ്ങളും വ്യവസ്ഥകളും സജ്ജമാക്കുകയാണെന്ന് ബ്രിഗേഡിയര്‍ അല്‍-ഹജ്രി വിശദീകരിച്ചു. ട്രാഫിക് നിയന്ത്രിക്കുന്നതിനും പിന്തുടരുന്നതിനുമുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിനും റഡാറുകള്‍, സിഗ്‌നല്‍ ക്യാമറകള്‍, ഒപ്റ്റിക്കല്‍ നിരീക്ഷണ ക്യാമറകള്‍ എന്നിവ സ്ഥാപിക്കുന്നതിനും ഉപകരണങ്ങളും മേല്‍നോട്ടവും ആവശ്യമുള്ള സ്ഥലങ്ങള്‍ തിരിച്ചറിയുന്നതിനും പുറമെയാണിത്. പൊതുമരാമത്ത് അതോറിറ്റി (അശ്്ഗാല്‍), ഗതാഗത മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ റോഡുകള്‍ പരിപാലിക്കുകയും വികസിപ്പിക്കുകയും ചെയ്യുമ്പോള്‍ ട്രാഫിക് അപകടങ്ങള്‍ കുറക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തറില്‍ വര്‍ഷങ്ങളായി നടക്കുന്ന റോഡ് പണികള്‍ ജനജീവിതത്തെ ബാധിക്കുകയും പല വ്യാപാര സ്ഥാപനങ്ങളേയും കഷ്ടത്തിലാക്കുകയും ചെയ്തിുരുന്നു. ലോകകപ്പിന് മുമ്പായി എല്ലാ റോഡുകളും തുറക്കുന്നതോടെ ഖത്തറില്‍ വലിയ ഉണര്‍വുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.