ഓണ്‍ ദി മൂവ്, നാടോടി ജീവിതത്തിന്റെ നേര്‍ക്കാഴ്ച
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ നാഷണല്‍ മ്യൂസിയത്തില്‍ നടക്കുന്ന ഓണ്‍ ദി മൂവ് പ്രദര്‍ശനം നാടോടി ജീവിതത്തിന്റെ നേര്‍ക്കാഴ്ച സമ്മാനിക്കുന്നതാണ്. സെന്‍ട്രല്‍ സഹാറ, ഖത്തര്‍, മംഗോളിയ എന്നിവിടങ്ങളിലെ നാടോടികളുടെയും അര്‍ദ്ധ-നാടോടികളുടെയും ചരിത്രങ്ങളും സംസ്‌കാരങ്ങളും ജീവിതങ്ങളും വിശകലനം ചെയ്യുന്ന പ്രദര്‍ശനം മാനവനാഗരികതയുടെ നാള്‍വഴികളിലേക്കും സാംസ്‌കാരിക ചരിത്രത്തിലേക്കും വെളിച്ചം വീശും.
ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്സണ്‍ ശൈഖ അല്‍ മയാസ്സ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനി, നിരവധി പ്രമുഖരുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്ത പ്രദര്‍ശനം 2023 ജനുവരി 14 വരെ നീണ്ടുനില്‍ക്കും.
സെന്‍ട്രല്‍ സഹാറ, ഖത്തര്‍, മംഗോളിയ എന്നീ മൂന്ന് വ്യത്യസ്ത പ്രദേശങ്ങളിലെ നാടോടികളുടെയും അര്‍ദ്ധ-നാടോടികളുടെയും ഇടയന്മാരുടെയും ജീവിതം അടയാളപ്പെടുത്തുന്ന സവിശേഷമായ പ്രദര്‍ശനമാണിത്.
പെയിന്റിംഗുകള്‍, ചരിത്ര ചിത്രങ്ങള്‍, ഓറല്‍ ഹിസ്റ്റോറിക്കല്‍, ആര്‍ക്കൈവല്‍ ഫൂട്ടേജ്, സമകാലിക ഫോട്ടോഗ്രാഫി എന്നിവയുള്‍പ്പെടെ 400-ലധികം അപൂര്‍വ വസ്തുക്കളുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് പ്രദര്‍ശനത്തിലുള്ളത്.
ഓണ്‍ ദി മൂവ്’, സങ്കീര്‍ണ്ണവും മനോഹരവുമായ സാംസ്‌കാരിക ജീവിതത്തിന്റെ നേര്‍കാഴ്ച സൃഷ്ടിക്കുമ്പോള്‍, വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തില്‍ ഈ ജനവിഭാഗങ്ങള്‍ എങ്ങനെ സമ്പന്നവും അര്‍ത്ഥവത്തായതുമായ സാമൂഹിക ജീവിതം സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്തുവെന്നാണ് അന്വേഷിക്കുന്നത്.
ഖത്തര്‍ നാഷണല്‍ മ്യൂസിയം, ലുസൈല്‍ മ്യൂസിയം, ഖത്തര്‍ നാഷണല്‍ ലൈബ്രറി, ഖത്തര്‍ മ്യൂസിയങ്ങള്‍ എന്നിവയുടെ ശേഖരങ്ങളില്‍ നിന്നും ഉലാന്‍ബാതറിലെ നാഷണല്‍ മ്യൂസിയം ഓഫ് മംഗോളിയ, പാരീസിലെ മ്യൂസി ഡു ക്വായ് ബ്രാന്‍ലി, വിയന്നയിലെ വെല്‍റ്റ്മ്യൂസിയം വെയ്ന്‍ എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര മ്യൂസിയങ്ങളില്‍ നിന്നുള്ള വായ്പാ വസ്തുക്കളും പ്രദര്‍ശനത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
ഖത്തറിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ വൈവിധ്യത്തെ ക്യൂറേറ്റ് ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന, ഖത്തറിന്റെ ക്രിയേറ്റീവ് സംരംഭങ്ങളുമായി താമസക്കാരെയും ആഗോള പ്രേക്ഷകരെയും ബന്ധിപ്പിക്കുന്ന ദേശീയ സാംസ്‌കാരിക പ്രസ്ഥാനമായ ഖത്തര്‍ ക്രിയേറ്റ്സിന്റെ ഭാഗമായി അവതരിപ്പിക്കുന്ന 10-ലധികം പ്രദര്‍ശനങ്ങളില്‍ ഒന്നാണ് ‘ഓണ്‍ ദി മൂവ്’.
രാജ്യങ്ങളും അവരുടെ ജനങ്ങളും തമ്മിലുള്ള ധാരണ വര്‍ദ്ധിപ്പിക്കുന്നതിന് രൂപകല്‍പ്പന ചെയ്ത ഒരു അന്താരാഷ്ട്ര സാംസ്‌കാരിക കൈമാറ്റമെന്ന് വിശേഷിപ്പിക്കാവുന്ന ഖത്തര്‍-മെനാസ സാംസ്‌കാരിക വര്‍ഷമായ 2022 ന്റെ ഭാഗമാണ് എക്‌സിബിഷന്‍.മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യ (മെനാസ) എന്നിവയുടെ സര്‍ഗ്ഗാത്മക ശക്തിയും പൈതൃകവും പ്രദര്‍ശനം പ്രതിഫലിപ്പിക്കുന്നു.
ഖത്തര്‍ അതിന്റെ ചരിത്രത്തിലെ അസാധാരണമായ ഒരു വര്‍ഷത്തിന് തയ്യാറെടുക്കുമ്പോള്‍, പ്രാദേശികവും അന്തര്‍ദേശീയവുമായ പ്രേക്ഷകര്‍ക്കായി ‘ഓണ്‍ ദി മൂവ്’ ഔദ്യോഗികമായി അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ശൈഖ അല്‍ മയാസ്സ പറഞ്ഞു. ശോഭനമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ പൂര്‍വ്വികരുടെ ജ്ഞാനത്തില്‍ നിന്ന് നാം പഠിക്കുമ്പോള്‍ എക്‌സിബിഷന്‍ സന്ദര്‍ശകര്‍ക്ക് നമ്മുടെ ഭൂതകാലത്തിലേക്ക് ഒരു ജാലകം തുറക്ികുന്നു. ഞങ്ങളുടെ ബെഡൂയിന്‍ നാടോടി സംസ്‌കാരത്തെക്കുറിച്ച് ഞങ്ങള്‍ അഭിമാനിക്കുന്നു. പുതിയ തലമുറക്ക് ആ ചരിത്ര സ്മൃതികളിലൂടെ ഒരു പ്രയാണം സാധ്യമാക്കുന്നതാണ് ഈ പ്രദര്‍ശനം, അവര്‍ പറഞ്ഞു.