വിശുദ്ധ ഖുര്‍ആനിന്റെ കോപ്പി കത്തിക്കാനുള്ള സ്വീഡിഷ് അനുമതിയെ ശക്തമായി അപലപിച്ച് ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. സ്റ്റോക്ക്‌ഹോമിലെ തുര്‍ക്കി എംബസിക്ക് മുന്നില്‍ വിശുദ്ധ ഖുര്‍ആനിന്റെ ഒരു പകര്‍പ്പ് കത്തിക്കാന്‍ സ്വീഡിഷ് അധികൃതരുടെ അനുമതിയെ ഖത്തര്‍ ശക്തമായി അപലപിച്ചു. ലോകത്തിലെ രണ്ട് ബില്യണിലധികം വരുന്ന മുസ് ലീങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഹീനമായ നടപടിയാണിതെന്നും വിശ്വാസം, വംശം, മതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള എല്ലാത്തരം വിദ്വേഷ പ്രസംഗങ്ങളും, രാഷ്ട്രീയ തര്‍ക്കങ്ങളിലെ പവിത്രത കളങ്കപ്പെടുത്തുന്ന നടപടികളേയും ഖത്തര്‍ പൂര്‍ണ്ണമായും നിരസിക്കുന്നതായും വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. ലോകത്ത് മുസ്ലിംകളെ ആവര്‍ത്തിച്ച് ലക്ഷ്യമിടുന്ന ശ്രമങ്ങള്‍ അപകടകരമായ വര്‍ദ്ധനവിന് സാക്ഷ്യം വഹിക്കുകയാണ്.
ഈ സാഹചര്യത്തില്‍, വിദ്വേഷം, വിവേചനം, പ്രകോപനം, അക്രമം എന്നിവ നിരസിക്കാനുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് മന്ത്രാലയം ആഹ്വാനം ചെയ്യുകയും സംഭാഷണത്തിന്റെയും പരസ്പര ധാരണയുടെയും തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.
സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ക്ക് ഖത്തറിന്റെ പൂര്‍ണ പിന്തുണയുണ്ടാകും. ചര്‍ച്ചയിലൂടെയും ധാരണയിലൂടെയും അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും തത്വങ്ങള്‍ സ്ഥാപിക്കാനുള്ള ഖത്തറിന്റെ താല്‍പ്പര്യവും മന്ത്രാലയം ആവര്‍ത്തിച്ചു.