ഖത്തര്‍ – ബഹ്റൈന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറും ബഹറൈനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനും ഉഭയ കക്ഷി ബന്ധം ഊഷ്മളമാക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ജനറല്‍ സെക്രട്ടറിയുടെ ആസ്ഥാനത്ത് ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
യോഗത്തില്‍ ഖത്തര്‍ പ്രതിനിധി സംഘത്തെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനിയും ബഹ്റൈന്‍ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും നയിച്ചു.
2021 ജനുവരി 5 ന് സൗദി അറേബ്യയില്‍ നടന്ന അല്‍ ഉല ഉച്ചകോടിയില്‍ പുറത്തിറക്കിയ അല്‍ ഉല പ്രസ്താവനയ്ക്ക് അനുസൃതമായി, ഉഭയകക്ഷി സമിതികളുടെ തലത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നതിന് ആവശ്യമായ സംവിധാനങ്ങളും നടപടിക്രമങ്ങളും വികസിപ്പിച്ചെടുക്കുന്നത് യോഗം കൈകാര്യം ചെയ്തു.
ഇരു രാജ്യങ്ങളും തങ്ങളുടെ സാഹോദര്യ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വികസനത്തിനുമുള്ള ജനങ്ങളുടെ അഭിലാഷങ്ങള്‍ നേടിയെടുക്കുന്നതിനും ജിസിസി സംയുക്ത പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനുമുള്ള വിധത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെയും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെയും പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.