നമ്മുടെ ഭൂമി നമ്മുടെ പൈതൃകം’ എന്ന മുദ്രാവാക്യവുമായി ഖത്തര്‍ പരിസ്ഥിതി ദിനാഘോഷം ഇന്ന്
അമാനുല്ല വടക്കാങ്ങര
ദോഹ: പരിസ്ഥിതി സംരക്ഷണത്തിനായി ഖത്തറിലെ ജനങ്ങളെ സജ്ജമാക്കുന്നതിന് നമ്മുടെ ഭൂമി നമ്മുടെ പൈതൃകം’ എന്ന മുദ്രാവാക്യവുമായി ഖത്തര്‍ പരിസ്ഥിതി ദിനാഘോഷം ഇന്ന് നടക്കും. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഖത്തര്‍ പരിസ്ഥിതി ദിനത്തില്‍ സംഘടിപ്പിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിന് പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കാനും പരിസ്ഥിതി സൗഹൃദ പെരുമാറ്റം സ്വീകരിക്കാന്‍ കമ്മ്യൂണിറ്റി അംഗങ്ങളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.മനുഷ്യന്റെ അശ്രദ്ധയാണ് ലോകമെമ്പാടുമുള്ള പാരിസ്ഥിതിക തകര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, കാട്ടുതീ, മരുഭൂവല്‍ക്കരണം തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമായ കാലാവസ്ഥാ വ്യതിയാനത്തിന് പാരിസ്ഥിതിക തകര്‍ച്ച ഒരു പ്രധാന കാരണമാണ്.
ഭൂമിയും വായുവും വെള്ളവും മലിനീകരണത്തില്‍ നിന്ന് മുക്തമായി നിലനിര്‍ത്തുന്നതിന് സംഭാവന നല്‍കണമെന്ന് ജനങ്ങളെ ഓര്‍മ്മിപ്പിക്കാനാണ് മന്ത്രാലയം ഈ ദിനം ആഘോഷിക്കുന്നത്.