മൊബൈല്‍ റീചാര്‍ജ് ഡാറ്റ മോഷ്ടിച്ച് വില്പന നടത്തിയ ഏഷ്യന്‍ വംശജന് പിടിയില്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. തന്റെ നാട്ടിലെ ഒരു ടെലികോം കമ്പനിയുടെ മൊബൈല്‍ റീചാര്‍ജ് ഡാറ്റ മോഷ്ടിച്ച് ഖത്തറില്‍ വില്പന നടത്തിയ ഏഷ്യന്‍ വംശജന് സി.ഐ.ഡിയുടെ പിടിയിലായതായയി ആഭ്യന്തര മന്ത്രാലയം.
കുറഞ്ഞ നിരക്കില്‍ വിദേശികള്‍ക്ക് അന്താരാശഷ്ട്ര കോളുകള്‍ ചെയ്യുന്നതിനുള്ള കാര്‍ഡുകള്‍ വില്പന നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷത്തിനൊടുവിലാണ് അറസ്റ്റ് നടന്നത്. പ്രതിയുടെ താമസ സ്ഥലത്തുനിന്നും അച്ചടി ഉപകരണങ്ങളോടൊപ്പം 6 മില്യണ്‍ റിയാല്‍ റീചാര്‍ജ് കാര്‍ഡുകളും കണ്ടെടുത്തു.
പ്രതി കുറ്റം സമ്മതിച്ചതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് അറിയിച്ചു. സിഐഡിയുടെ റിപ്പോര്‍ട്ടനുസരിച്ച് ഒരു ഹാക്കറുമായി സഹകരിച്ചാണ് പ്രതി കച്ചവടം നടത്തിയത്. ടെലികോം സ്ഥാപനത്തില്‍ നിന്ന് റീചാര്‍ജ് കോഡുകള്‍ ഹാക്കര്‍ മോഷ്ടിച്ച് സംശയിക്കപ്പെടുന്നയാള്‍ക്ക് അയയ്ക്കുകയും വ്യാജ റീചാര്‍ജ് കാര്‍ഡുകളില്‍ അച്ചടിച്ച് ഓണ്‍ലൈനില്‍ വില്ക്കുകയുമായിരുന്നുവെന്നാണ് കരുതുന്നത്.
ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍ നിശ്ചയിച്ചതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഐഎംഒ എന്നിവയില്‍ അന്താരാഷ്ട്ര കോളിംഗ് കാര്‍ഡുകള്‍ക്കുള്ള പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റിന് കാരണമായ അന്വേഷണം ആരംഭിച്ചതെന്ന് സിഐഡി അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് പ്രതിയെ സാമ്പത്തിക, സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്
രാജ്യത്തെ അംഗീകൃത ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കണമെന്നും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും നിയമപരമായ ഉത്തരവാദിത്തത്തിനും ഇരയാകാതിരിക്കാന്‍ വിശ്വസനീയമല്ലാത്ത ഉറവിടങ്ങളില്‍ നിന്ന് റീചാര്‍ജ് കാര്‍ഡുകള്‍ വാങ്ങരുതെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.