ഖത്തര്‍ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച ഇസ് ലാമോഫോബിയയെക്കുറിച്ച വട്ടമേശ സമ്മേളനം ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ: ലോകമെമ്പാടും ഇസ് ലാം ഭീതി ജനിപ്പിക്കുന്ന ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ പൊതുജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും അവബോധം വളര്‍ത്തുന്നതിനുമായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിലെ പോളിസി ആന്‍ഡ് പ്ലാനിംഗ് ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിച്ച ഇസ്ലാമോഫോബിയയെക്കുറിച്ച വട്ടമേശ സമ്മേളനം ശ്രദ്ധേയമായി . ഇസ്ലാമിനോടും മുസ്ലിംകളോടും ശത്രുതാപരമായ വിവരണങ്ങള്‍, മാധ്യമങ്ങളിലെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍, ഇസ്ലാമിന് വിരുദ്ധമായ ബഹുമുഖ സാമൂഹിക മനോഭാവങ്ങള്‍ എന്നിവ സൃഷ്ടിക്കുന്ന സാമൂഹിക പ്രതിസന്ധിയുടെ ആഴം വട്ടമേശസമ്മേളനം അടയാളപ്പെടുത്തി. ഇസ്ലാമോഫോബിയ – ഇസ്ലാമിനോടോ മുസ്ലിംകളോടോ ഉള്ള അനിഷ്ടം അല്ലെങ്കില്‍ മുന്‍വിധി ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ഒരു പ്രശ്നമായി തുടരുന്നതായി സമ്മേളനം വിലയിരുത്തി.
‘റൗണ്ട് ടേബിള്‍ ഓണ്‍ ഇസ്ലാമോഫോബിയ: വെല്ലുവിളികളെ നേരിടാനുള്ള നയ ചട്ടക്കൂട്’ എന്ന തലക്കെട്ടില്‍ നടന്ന ചര്‍ച്ചയില്‍ മേഖലയിലെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പങ്കാളികളും സംബന്ധിച്ചു. കുടിയിറക്കം, യുദ്ധക്കുറ്റങ്ങള്‍, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവയിലൂടെ ഇസ്ലാം വിരുദ്ധ പ്രസ്താവനകള്‍ അപകടകരമായ തലത്തില്‍ എത്തിയിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്ലാമോഫോബിയയും മുസ്ലിംകള്‍ക്കെതിരായ വിദ്വേഷവും ഉള്‍പ്പെടെയുള്ള വംശീയതയെ ചെറുക്കുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഖത്തറിന്റെ പ്രതിബദ്ധത ആവര്‍ത്തിച്ച് ഖത്തര്‍ അത്തരം സംഭവങ്ങളെയും നയങ്ങളെയും കുറിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.