വില്ല്യാപ്പള്ളി ഉസ്താദ് സാധാരണക്കാരന്റെ മനസ്സില്‍ ഇടം നേടിയ പണ്ഡിത പ്രതിഭ
ദോഹ. കഴിഞ്ഞ ദിവസം വഫാത്തായ വില്ല്യാപ്പള്ളി ഉസ്താദ് സാധാരണക്കാരന്റെ മനസ്സില്‍ ഇടം നേടിയ പണ്ഡിത പ്രതിഭയായിരുന്നുവെന്ന് അനുസ്മരണ സമ്മേളനത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം, വില്ല്യാപ്പള്ളി മുസ് ലിം ജമാഅത്ത് രക്ഷാധികാരി, മലാറക്കല്‍ മഹല്ല് ഖാദി, അതി പ്രഗല്‍ഭനായ കര്‍മശാസ്ത്ര പണ്ഡിതന്‍ എന്നീ നിലകളിലെല്ലാം അറിയപ്പെടുകയും തന്റെ വൈജ്ഞാനിക കഴിവുകള്‍ ദീനി രംഗത്ത് വിനിയോഗിക്കുകയും ചെയ്ത മഹാനായിരുന്നു വില്ല്യാപ്പള്ളി ഉസ്താദ് .
വില്ല്യാപ്പള്ളി മുസ് ലിം ജമാഅത്ത് ഖത്തര്‍ കമ്മറ്റി, കേരള ഇസ് ലാമിക് സെന്റര്‍, മലാറക്കല്‍, എസ്‌കെഎസ്എസ്എഫ് എന്നിവര്‍ സംയുക്തമായി കെ.എം.സി.സി ഹാളില്‍ സംഘടിപ്പിച്ച മയ്യിത്ത് നമസ്‌കാരത്തിലും പ്രാര്‍ഥനിയിലും വന്‍ ജനാവലി പങ്കെടുത്തു.
വി.എം.ജെ. പ്രസിഡണ്ട് നാസര്‍ നീലിമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കേരള ഇസ് ലാമിക് സെന്റര്‍ പ്രസിഡണ്ട് അബൂബക്കര്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, ആക്ടിംഗ് പ്രസിഡണ്ട് അന്‍വര്‍ ബാബു, സൈനുദ്ധീന്‍ നിസാമി, എസ്‌കെഎസ്എസ്എഫ് ആക്ടിംഗ് പ്രസിഡണ്ട് അജ്മല്‍ റഹ് മാനി, പി.എസ്.എം. ഹുസൈന്‍, കടമേരി കോളേജ് ജനറല്‍ സെക്രട്ടറി ഫൈസല്‍ കായക്കണ്ടി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
വില്ല്യാപ്പള്ളി മുസ് ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി പിവിഎ നാസര്‍ സ്വാഗതവും എസ്‌കെഎസ്എസ്എഫ് ജനറല്‍ സെക്രട്ടറി ഫദലു സാദിഖ് നിസാമി നന്ദിയും പറഞ്ഞു.