വരകളില്‍ കൗതുകം സൃഷ്ടിക്കുന്ന ഷാഹിര്‍ അബ്ദുല്‍ മജീദ്
ഡോ. അമാനുല്ല വടക്കാങ്ങര
ലളിതമായ വരകളില്‍ മനോഹരമായ ചിത്രങ്ങളൊരുക്കി കൗതുകം സൃഷ്ടിക്കുന്ന കലാകാരനാണ് ഷാഹിര്‍ അബ്ദുല്‍ മജീദ്. കോഴിക്കോട് ജില്ലയില്‍
നടുവണ്ണൂര്‍ അരക്കണ്ടി ഹൗസില്‍ അബ്ദുല്‍ മജീദിന്റേയും സുഹറയുടേയും മകനായ ഷാഹിര്‍ ഭാവനയും സൗന്ദര്യബോധവുമുള്ള പ്രതിഭയാണ്. പ്രതിഭയുടെ തിളക്കത്തില്‍ ഉതിര്‍ന്നുവീഴുന്ന ഷാഹിറിന്റെ സൃഷ്ടികള്‍ പലപ്പോഴും വ്യത്യസ്ത തലങ്ങളുള്ളവയാണ്. പെന്‍സിലും ബ്രഷൂം ഉപയോഗിച്ച് നിമിഷങ്ങള്‍കൊണ്ട് ഷാഹിര്‍ വരക്കുന്ന ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ ഒറിജിനാലിറ്റിയിലും അവതരണത്തിലും നമ്മെ അല്‍ഭുതപ്പെടുത്തും.
കലാകാരിയായ മാതാവ് സുഹറയില്‍ നിന്നും പകര്‍ന്ന് കിട്ടിയതാകാം ഷാഹിറിന് വരയിലുള്ള കഴിവ്. സുഹറ നല്ല ഒരു കലാകാരിയും ഗാര്‍ഹിക കൃഷി രംഗത്ത് ശ്രദ്ധേയയുമാണ്.
എം.ഇ.എസ്. ഇന്ത്യന്‍ സ്‌ക്കൂളില്‍ നിന്നും പ്ളസ് ടു കഴിഞ്ഞ് ഇപ്പോള്‍ സി.എന്‍.എ.ക്യൂവില്‍ ബിസിനസ് അഡ്്മിനിസ്ട്രേഷന് പഠിക്കുന്ന ഷാഹിര്‍ സ്‌ക്കൂളിലാകുമ്പോള്‍ തന്നെ ധാരാളം വരക്കാറുണ്ട്. എന്നാല്‍ പലപ്പോഴും തന്റെ ചിത്രങ്ങളെ പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ മിനക്കെടാത്തതിനാല്‍ അറിയപ്പെടാത്ത കലാകാരനായാണ് പലപ്പോഴും മറക്ക് പിന്നിലായത്.
സ്‌ക്കൂളില്‍ കായിക രംഗത്ത് വളരെ സജീവമായിരുന്ന ഷാഹിര്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് നിരവധി സമ്മാനങ്ങളാണ് സ്‌ക്കൂളില്‍ നിന്നും വാരിക്കൂട്ടിയത്. ഓട്ടം, ഹാന്റ് ബോള്‍, ഷോട്ട്പുട്ട്, കമ്പവലി എന്നിവയിലൊക്കെ സമ്മാനം നേടിയ ഷാഹിര്‍ കഥാരചനക്കും സമ്മാനം നേടിയിട്ടുണ്ട്.
ഈയിടെ ഖത്തര്‍ ഡവലപ്മെന്റ് ബാങ്കുമായി സഹകരിച്ച് സി.എന്‍.എ.ക്യൂ വിദ്യാര്‍ഥികളുടെ ബിസിനസ് ആശയങ്ങള്‍ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ബിസിനസ് ഗേറ്റ് വേ മല്‍സരത്തില്‍ ഷാഹിറിന്റെ ടീമിനായിരുന്നു രണ്ടാം സ്ഥാനം.
ഷാഹിറിന്റെ പിതാവ് അബ്ദുല്‍ മജീദ് ബിസിനസുകാരനാണ്.