Uncategorized

ജന നായകന് യാത്രാമൊഴിയോതി ഇന്‍കാസ് ഖത്തറിന്റെ അനുസ്മരണം

ദോഹ. വ്യാഴാഴ്ച രാത്രി ഐസിസി അശോകാ ഹാളില്‍ ഇന്‍കാസ് ഖത്തര്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗം പ്രിയ നേതാവിനുള്ള വികാരനിര്‍ഭരമായ വിട നല്‍കലായി.

ഖത്തറിലെ , രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങ് അക്ഷരാര്‍ത്ഥത്തില്‍ പ്രിയ നേതാവ് ഉമ്മന്‍ ചാണ്ടി യോടുള്ള ആദരവും സ്‌നേഹവും കൊണ്ട് സമ്പന്നമായിരുന്നു.

അന്ത്യയാത്രയുടെ അവസാന ഭാഗങ്ങള്‍ ഐ.സി.സി അശോകാ ഹാളിലെ വലിയ സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ പങ്കെടുത്ത എല്ലാവരും മെഴുകിതിരി തെളിച്ച് എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ചപ്പോള്‍, ഇല്ല… ഇല്ല മരിച്ചിട്ടില്ല…
ഉമ്മന്‍ ചാണ്ടി മരിച്ചിട്ടില്ല….ജീവിക്കുന്നു ഞങ്ങളിലൂടെ… എന്ന മുദ്രാവാക്യം കണ്ഠമിടറുന്ന സ്വരത്തില്‍, വികാരനിര്‍ഭരമായി, പ്രവര്‍ത്തകരില്‍ നിന്നും ഒഴുകി വരുന്നുണ്ടായിരുന്നു.

ഖത്തര്‍ മുന്‍ ഉപ പ്രധാന മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ ഹമദ് അല്‍ അതിയ്യ, ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് പരിപാടി ആരംഭിച്ചത്.മികച്ച രാഷ്ട്രീയക്കാരനും ഭരണാധികാരിയും ആയിരുന്നു ഉമ്മന്‍ ചാണ്ടി എന്ന് അദ്ദേഹം പറഞ്ഞു.

ഇന്‍കാസ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ ജനനായകന് ആദരാജ്ഞലി അര്‍പിച്ച് സംസാരിച്ചു.
ഒരു ജന നായകനും ഒരിക്കലും നേടാന്‍ കഴിയാത്ത, തന്റെ ജനങ്ങളുടെ ആത്മാര്‍ത്ഥ സ്‌നേഹത്തിന്റെ അമരത്ത്, തോല്‍വി എന്തെന്നറിയാത്ത അര നൂറ്റാണ്ട് കാലത്തെ രാഷ്ടീയ വസന്തകാല ഓര്‍മകള്‍ ജനങ്ങള്‍ക്ക് നല്‍കി കൊണ്ടാണ് പ്രിയ നേതാവ് യാത്രയാവുന്നത് എന്ന് പറഞ്ഞപ്പോള്‍ ഉമ്മന്‍ ചാണ്ടി എന്ന നേതാവ് ഇവിടെ വീണ്ടും ജീവിക്കുകയായിരുന്നു.

എല്ലാവര്‍ഷവും തിരഞ്ഞെടുക്കപ്പെടുന്ന മികച്ച സാമുഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് ഉമ്മന്‍ ചാണ്ടി സാറിന്റെ പേരില്‍ നല്‍കുന്നതാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഹൈദര്‍ ചുങ്കത്തറ വാക്കുകള്‍ അവസാനിപ്പിച്ചത്.

പ്രവാസി ഭാരതി സമ്മാന്‍ അവാര്‍ഡ് ജേതാവ് ഡോ. മോഹന്‍ തോമസ്, നോര്‍ക്ക ഡയറക്ടര്‍ ജെ.കെ. മേനോന്‍, ഐ.സി.സി പ്രസിഡന്റ് ഏ.പി. മണികണ്ഠന്‍, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുള്‍ റഹ്‌മാന്‍, ഐ.സി.സി മുന്‍ പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍, കെ.എം.സി.സി ജനറല്‍ സെക്രട്ടറി സലിം നാലകത്ത്, സീനിയര്‍ കമ്മ്യൂണിറ്റി ലീഡര്‍ കെ.എസ്.പ്രസാദ്, ഐ.സി.ബി. എഫ് ഉപദേശക സമിതി ചെയര്‍മാന്‍ സാം ബഷീര്‍ , സമന്വയം ഖത്തര്‍ പ്രസിഡന്റ് രവീന്ദ്ര പ്രസാദ്, ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ പ്രസിഡന്റ് സുലൈമാന്‍ മദനി, ഐ.സി.ബി. എഫ് ഉപദേശക സമിതി അംഗം ശശിധര്‍ ഹെബ്ബാല്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ വി.എസ്. നാരായണന്‍, സംസ്‌കൃതി ജനറല്‍ സെക്രട്ടറി ജലീല്‍ പെരുമ്പടപ്പ്, കേരളാ ബിസിനസ്സ് ഫോറം വൈസ് പ്രസിഡന്റ് കിമി അലക്‌സാണ്ടര്‍, ഇന്‍കാസ് മുഖ്യ രക്ഷാധികാരി മുഹമ്മദ് ഷാനവാസ്, കെ.എസ്.സി.എ പ്രസിഡന്റ് വി. എ. ഗോപിനാഥ്, ഐ.എം.സി.സി സെക്രട്ടറി ജാബിര്‍, യുവകലാ സാഹിതി പ്രസിഡന്റ് അജിത് പിള്ള, കള്‍ച്ചറല്‍ ഫോറം സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍, തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി സെക്രട്ടറി ഷറഫുദ്ധിന്‍, ഇന്ത്യന്‍ മീഡിയാ ഫോറം വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടന്‍, ആനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് കുമ്പിടി, എസ്.എം.സി.എ പ്രസിഡന്റ് മനോജ് മാത്യു, ഐ. സി. സി ഉപദേശക സമിതി അംഗം അഷറഫ് ചിറക്കല്‍, ഐ.സി.ബി.എഫ് ഉപദേശക സമിതി അംഗം അരുണ്‍ കുമാര്‍ തുടങ്ങി വിവിധ സംഘടനാ പ്രതിനിധികളും ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സംസാരിച്ചു.
ഉമ്മന്‍ ചാണ്ടി കേരള ജനതയെ എത്രമാത്രം സ്‌നേഹിച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെ അന്ത്യ യാത്രയിലുടനീളം കണ്ട ജനസാഗരം സാക്ഷിയാണ് എന്നും, കേരള രാഷ്ട്രീയ ഭൂപടത്തില്‍ പ്രിയ നേതാവിന്റെ പേര് മായ്ക്കപെടാതെ നിലനില്‍ക്കും എന്നും പരിപാടിക്ക് സമാപനം കുറിച്ചുകൊണ്ട് ജോപ്പച്ചന്‍ തെക്കേകൂറ്റ് പറഞ്ഞു.

സിദ്ദീഖ് പുറായില്‍, പ്രദീപ് പിള്ള, എബ്രഹാം ജോസഫ്,കെ.വി. ബോബന്‍, വി.എസ്.അബ്ദുള്‍ റഹ്‌മാന്‍, സി.എ. അബ്ദുള്‍ മജീദ്, സര്‍ജിത്ത് കെ.വി. ഷിബു സുകുമാരന്‍, ഷിജു കുര്യാക്കോസ്, അഷ്‌റഫ് നന്നമുക്ക്, ഷാഹുല്‍ ഹമീദ്, ജിഷ ജോര്‍ജ്ജ് തുടങ്ങി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ലാ ഭാരവാഹികളും ചടങ്ങിന് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!