ഖത്തറില്‍ ഗവണ്മെന്റ് ആശുപത്രികളിലെ ചികിത്സാ നിരക്കുകള്‍,ആദ്യ ഘട്ടത്തില്‍ താമസ വിസയിലുള്ളവര്‍ക്ക് ബാധകമാവില്ല
അമാനുല്ല വടക്കാങ്ങര
ദോഹ :ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വിവിധ ചികില്‍സകളുടെ നിരക്കുകള്‍ ഒക്ടോബര്‍ 3 ന് ഔദ്യോഗിക ഗസറ്റില്‍ പ്രഖ്യാപിക്കുകയും തൊട്ടടുത്ത ദിവസം മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തത് നിലവില്‍ താമസ വിസയിലുള്ളവര്‍ക്ക് ബാധകമാവില്ലെന്നും രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്ക് മാത്രമാണ് ബാധകമാവുകയെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ചികില്‍സാ ചാര്‍ജുകള്‍ ഘട്ടം ഘട്ടമായാണ് നടപ്പാക്കുക. പുതുതായി പ്രഖ്യാപിച്ച ചികിത്സാ നിരക്കുകള്‍ സംബന്ധിച്ച് ആരോഗ്യമന്ത്രാലയം കൂടുതല്‍ വ്യക്തത വരുത്തി. പുതിയ നിരക്കുകള്‍ ആദ്യ ഘട്ടത്തില്‍ ബാധകമാവില്ലെന്നുംതാമസ വിസയുള്ളവര്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം നിലവില്‍ വരുന്നതോടെയായിരിക്കും പുതുതായി പ്രഖ്യാപിച്ച ചികിത്സാ നിരക്കുകള്‍ ബാധകമാവുക.
ഖത്തറില്‍ നിലവില്‍ സന്ദര്‍ശകര്‍ക്ക് ആരോഗ്യ ഇന്‍ഷ്യൂറന്‍സ് നിര്‍ബന്ധമാണ്. താമസിയാതെ താമസ വിസയുള്ളവര്‍ക്കും ഇന്‍ഷ്യൂറന്‍സ് നിര്‍ബന്ധമാക്കുമെന്നും ചികില്‍സാ സംവിധാനങ്ങള്‍ ക്രമീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇന്നലെ പ്രാബല്യത്തില്‍ വന്ന നിരക്കുകള്‍ താമസ വിസക്കാര്‍ക്ക് തല്ക്കാലം ബാധകമാമില്ല എന്ന പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം പ്രവാസി സമൂഹത്തിന് ആശ്വാസം പകരുന്നതാണ്.