ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 139-ാം ജന്മദിനം ആഘോഷിച്ചു
ദോഹ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 139-ാം ജന്മദിനം ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആഘോഷിച്ചു.
രാഷ്ട്രീയ രംഗത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി മുഖ്യരക്ഷാധികാരി സിദ്ദിഖ് പുറായില്‍ ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. വോട്ടിങ് യന്ത്രത്തിലെ അപാകത പരിഹരിക്കാനുള്ള പ്രക്ഷോഭമാണു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അടിയന്തിര പ്രാധാന്യത്തോടെ നിര്‍വഹിക്കേണ്ടത് എന്ന് അദ്ധേഹം ഉല്‍ഘാടന ഭാഷണത്തില്‍ ഉല്‍ബോധിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് വിപിന്‍ പി കെ മേപ്പയൂര്‍ യോഗ നടപടികള്‍ നിയന്ത്രിച്ചു.
മുഖ്യ രക്ഷാധികാരി അഷ്റഫ് വടകര തന്റെ അനുഭവസമ്പത്തുമായി ഉള്‍ക്കാഴ്ചകള്‍ പങ്കുവെച്ചു, ഉപദേശക സമിതി ചെയര്‍മാന്‍ അബ്ബാസ് സി വി, അന്‍സാര്‍ കൊല്ലാടന്‍ എന്നിവര്‍ പാര്‍ട്ടിയുടെ അടിസ്ഥാന മൂല്യങ്ങളും തത്വങ്ങളും പ്രതിധ്വനിക്കുന്ന പ്രഭാഷണങ്ങള്‍ നടത്തി.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രയാത്രയിലേക്ക് വെളിച്ചം വീശിക്കൊണ്ട് സമഗ്രമായ മുഖ്യ പ്രഭാഷണമാണു മുതിര്‍ന്ന നേതാവ് സുരേഷ് കരിയാട് നടത്തിയത്. രാഷ്ട്രത്തെ രൂപപ്പെടുത്തുന്നതില്‍ പാര്‍ട്ടിയുടെ പങ്കിനെ കുറിച്ചും ജനാധിപത്യ ആശയങ്ങളോടുള്ള അതിന്റെ ശാശ്വതമായ പ്രതിബദ്ധതയെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പ്രതിപാദിച്ചു. ജനാധിപത്യ, സോഷ്യലിസ്റ്റ്, ബഹുസ്വരതയില്‍ ഊന്നിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രം ദേശീയതയില്‍ അധിഷ്ടിതമാണെന്ന് അദ്ധേഹം പ്രഭാഷണത്തില്‍ സൂചിപ്പിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദലി വാണിമേല്‍ സ്വാഗതവും ട്രഷറര്‍ ഹരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.