നഹ്ജുല്‍ ഹുദയെ ആദരിച്ചു
ദോഹ: കാന്‍സ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫാമിലി ചില്‍ഡ്രന്‍സ് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മലയാള ഹ്രസ്വചിത്രം ‘ഒച്ച്’ ന്റെ സംവിധായകന് നഹ്ജുല്‍ ഹുദയെ പ്രവാസി വെല്‍ഫെയര്‍ & കള്‍ച്ചറല്‍ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി ആദരിച്ചു.
ക്യു എഫ് എം റേഡിയോ സി ഇ ഒ അന്‍വര്‍ ഹുസൈന് വാണിയമ്പലം പരിപാടി ഉദ്ഘാടനം ചെയ്തു .ലോകത്തോട് ഏറ്റവും എളുപ്പത്തില്‍ സംവദിക്കാനാവുന്ന മാധ്യമമെന്ന നിലയില്‍ ഇത്തരം സിനിമകള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും ചുറ്റുപാടുകളിലെ അനീതികളെ ചോദ്യം ചെയ്യുന്ന സിനിമകള്‍ സമൂഹത്തിന് മുതല്‍കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡന്റ് റഷീദലി നഹ്ജുല്‍ ഹുദക്ക് പൊന്നാടയണിയിക്കുകയും ജില്ലയുടെ ഉപഹാരം കൈമാറുകയും ചെയ്തു. പരിപാടിയില്‍ ആശംസകളര്‍പ്പിച്ച് റഷീദലി സംസാരിച്ചു.
ഖത്തറില്‍ ഇലക്ട്രോണിക് എഞ്ചിനീയറായി ജോലി ചെയ്യുന്ന നഹ്ജുല്‍ ഹുദ തിരൂര്‍ ചേന്നര സ്വദേശിയാണ് . ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍ഡ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഷോട്ഫിലിമിനുള്ള ഹോണറബിള്‍ മെന്‍ഷനും ഒച്ച് സിനിമക്ക് ലഭിച്ചിരുന്നു. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം നൂല് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ വിവിധ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.