മോചനവും കാത്ത് ഇന്ത്യന്‍ ദമ്പതികള്‍ ഖത്തര്‍ ജയിലില്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: മോചനവും കാത്ത് ഇന്ത്യന്‍ ദമ്പതികള്‍ ഖത്തര്‍ ജയിലില്‍. മാര്‍ച്ച് 29 തിങ്കളാഴ്ചയാണ് ചരിത്രപ്രധാനമായ വിധിയിലൂടെ ഖത്തര്‍ ജയിലിലുള്ള ഇന്ത്യന്‍ ദമ്പതികളെ വെറുതെ വിട്ട് ഖത്തര്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍ കോടതി വിധിപകര്‍പ്പും രേഖകളും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്താത്തത് കാരണം മോചനം കാത്ത് ജിലില്‍ തന്നെ കഴിയുകയാണ് ദമ്പതികള്‍.
ലഹരിമരുന്ന് കേസില്‍ പത്ത് വര്‍ഷം തടവും ഒരു കോടി രൂപ പിഴയും വിധിച്ച് ഒരു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന മുംബൈ സ്വദേശികളായ ഒനിബ ഖുറൈശി, മുഹമ്മദ് ഷാരിഖ് ഖുറേഷി എന്നിവരെയാണ് നിരപരാധിത്വം അംഗീകരിച്ച് ഖത്തര്‍ കോടതി വെറുതെ വിട്ടത്.
അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ ഈ കേസില്‍ അനുകൂലമായ വിധി സമ്പാദിക്കുന്നതില്‍ ഖത്തറിലെ പ്രമുഖ നിയമവിദഗ്ധനും മലയാളി സാമൂഹ്യ പ്രവര്‍ത്തകനുമായ അഡ്വ. നിസാര്‍ കോച്ചേരിയുടെ സമയോചിതമായ ഇടപെടലുകളായിരുന്നുവെന്നത് മലയാളികള്‍ക്ക് ഏറെ അഭിമാനകരമായ വാര്‍ത്തയാണ്. കോച്ചേരിയുടെ നിര്‍ദേശ പ്രകാരമാണ് ഇന്ത്യന്‍ കോടതി, നാര്‍കോടിക് കണ്‍ട്രോള്‍ ബോര്‍ഡ്, വിവിധ മന്ത്രാലയങ്ങള്‍ എന്നിവയെ വിഷയത്തില്‍ ഇടപെടുത്തിയതും പ്രതികളുടെ നിരപരാധിത്വം തെളിയിക്കുന്നതിന് സഹായകമായ എല്ലാ രേഖകളും കോടതില്‍ സമര്‍പ്പിക്കാനായതും.
ജയിലുള്ള ഇന്ത്യന്‍ ദമ്പതികളുടെ മോചനത്തിന് പ്രയാസങ്ങളൊന്നുമില്ലെന്നും കോടതി വിധിപകര്‍പ്പ് എത്തുകയെന്ന സാങ്കേതികത്വം മാത്രമാണുള്ളതെന്നും അഡ്വ. നിസാര്‍ കോച്ചേരി പറഞ്ഞു. വിധി പകര്‍പ്പ് ലഭിച്ച ശേഷം കുട്ടിക്ക് താല്‍ക്കാലിക പാസ്പോര്‍ട്ട് എംബസിയില്‍ നിന്നും ലഭ്യമാക്കിയാല്‍ നാട്ടിലേക്ക് തിരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തറിലെ നീതിന്യായ ചരിത്രത്തില്‍ പുതിയ അധ്യായം രചിക്കുന്ന ഈ വിധി നിരപരാധികളായ ദമ്പതികള്‍ക്കും അവരുടെ കുടുംബത്തിനും മാത്രമല്ല മുഴുവന്‍ സമൂഹത്തിനും ആശ്വാസം നല്‍കുന്നതാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം ദമ്പതികള്‍ ഉടന്‍ ജയില്‍ മോചിതരാകുമെന്നും അവര്‍ക്ക് സുരക്ഷിതമായി നാട്ടിലേക്ക് തിരിച്ചുപോകാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
പ്രതികള്‍ക്ക് വേണ്ടി പ്രമുഖ ഖത്തരീ അഭിഭാഷകനായ അബ്ദുല്ല ഈസ അല്‍ അല്‍സാരിയാണ് ഹാജറായത്.
കോടതിവിധിയുടെ പകര്‍പ്പ് ബന്ധപ്പെട്ട വകുപ്പുകളിലെത്തിയ ശേഷമേ മോചനം സാധ്യമാവുകയുള്ളൂ. വിധിപകര്‍പ്പ് ഇതുവരേയും ലഭിച്ചിട്ടില്ലെന്നും ലഭിച്ച് കഴിഞ്ഞാല്‍ അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എംബസി വൃത്തങ്ങള്‍ ഇന്റര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു.