IM Special

‘ഇബ്രാഹിംബേവിഞ്ചയുടെ ഓര്‍മ്മകള്‍’ ഒന്നാം ചരമവാര്‍ഷികത്തില്‍

പ്രൊഫസര്‍ എം.എ. റഹ്‌മാന്‍

ഇബ്രാഹിം ബേവിഞ്ച എന്ന സുഹൃത്തും സഹപാഠിയും ഈ ഭൂമികയില്‍ നിന്ന് വിട വാങ്ങുമ്പോള്‍ ഞങ്ങള്‍ക്കുണ്ടാവുന്ന നഷ്ടങ്ങള്‍ ഒരു പാടാണ്. ഉത്തരദേശത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ ആ നഷ്ട വ്യഥ വല്ലാത്തൊരു ശൂന്യര ഉണ്ടാക്കുന്നു. ഉദുമ ഹൈസ്‌ക്കൂളില്‍ നിന്ന് എസ് എസ് എല്‍.സി പാസ്സായ എഴുപതുകളില്‍ കാസര്‍ക്കോട് കോളേജില്‍ എത്തിയ ഞാന്‍ മലയാളത്തിന്റെ മാധുര്യമറിഞ്ഞ ഒരു സഹപാഠിയെ കണ്ടെത്തിയത് ബേവിഞ്ചയിലാണ്.

ഏഴിലധികം ഭാഷ സംസാരിക്കുന്ന കാസര്‍ക്കോട് കോളേജിലെ ന്യൂ ബ്ലോക്കിലെ തേര്‍ഡ് ഗ്രൂപ്പില്‍ ഞങ്ങള്‍ ഒരേ ബെഞ്ചിലിരുന്ന് എഴു ഭാഷകളിലെ ആ ബാബേലിലെ എണ്‍പതു പേരുടെ അര്‍ഥമറിയാത്ത കലപിലയില്‍ അന്തംവിട്ട് ബേവിഞ്ചയുടെയും എന്റെയും കാസര്‍ക്കോടന്‍ മലയാളം വേറിട്ട് നിന്നു.

ഞങ്ങളുടെ സൗഹൃദം പൂത്തത് ബേവിഞ്ച അയക്കുന്ന സാഹിത്യ പ്രധാനമായ കത്തുകളിലൂടെയായിരുന്നു. രചനകള്‍ പരസ്പരം കത്തുകളിലൂടെ കൈമാറിയാണ് ഞങ്ങള്‍ കുറവുകള്‍ തിരിച്ചറിഞ്ഞത്. തെക്കിലിലെ ചന്ദ്രഗിരിപ്പുഴയുടെ നിസ്വനം കേള്‍പ്പിച്ച ആകത്തുകള്‍ ഒറ്റ ദിവസം കൊണ്ട് ഉദുമയിലെത്തി എന്റയും ഏകാന്തതകളെ സാര്‍ഥകമാക്കി. തെക്കിലില്‍ അവന് കൂട്ടാളിയായി ഉണ്ടായിരുന്നത് ചന്ദ്രഗിരിപ്പുഴ മാത്രമായിരുന്നില്ല. നല്ല പുസ്തക സമ്പത്തുള്ള ഒരു ലൈബ്രറി അന്ന് തെക്കിലില്‍ ഉണ്ടായിരുന്നു. ആ ലൈബ്രറിയിലെ ഞങ്ങള്‍ കാണാത്ത പുസ്തകങ്ങളുമായാണ് ബേവിഞ്ച ക്‌ളാസില്‍ വന്നിരുന്നത്.

ഒരിക്കല്‍ അവന്‍ കൊണ്ടുവന്ന അമീര്‍ ഹംസ എന്ന പുസ്തകം ഞാനന്വേഷിച്ച കാലത്തു തന്നെ കിട്ടിയ അമൂല്യ നിധിയായിരുന്നു. അവന്‍ കൊണ്ടുവരുന്ന പുസ്തകങ്ങള്‍ ഞങ്ങളും വായിച്ച് ഒന്നോ രണ്ടോ ദിവസം കൊണ്ട് തിരികെ നല്‍കും. അന്ന് കോളജിലെ ലൈബ്രറിയില്‍ പുസ്തകങ്ങളെ മക്കളെപ്പോലെ സ്‌നേഹിക്കുന്ന വിചിത്ര സ്വഭാവക്കാരനായ മാണിക്കം എന്നൊരു ലൈബ്രേറിയനുണ്ടായിരുന്നു. മാണിക്കം കന്യാകുമാരി ക്കാരനായിരുന്നു. ജീവിതത്തിന്റെ ഇരുതല മുട്ടിക്കാന്‍ നന്നേ പാടുപെടുന്ന ആ മധ്യവയസ്‌ക്കനായിരുന്നു ഞങ്ങളുടെ കോളേജിലെ കൂട്ടുകാരന്‍ . എപ്പോള്‍ നോക്കിയാലും പഴയ പുസ്തകങ്ങളുടെ ചട്ടകള്‍ കീറിയത് ദബ്ബണം കൊണ്ട് തുന്നിയും പശ കൊണ്ട് ഒട്ടിച്ചും സദാ പുകയില ചവക്കുന്ന തമിഴ് ചുവയുള്ള മലയാളം സംസാരിക്കുന്ന അദ്ദഹം എനിക്കും ബേവിഞ്ചയ്ക്കും ചോദിച്ച പുസ്തകങ്ങള്‍ തന്നു. ഓരോ മാസത്തിന്റെ ആദ്യവും റേഷന്‍ വാങ്ങാന്‍ 5 രൂപ അദ്ദേഹത്തിന് കടം കൊടുത്ത് സഹായിക്കണമെന്ന് മാത്രം .

ഞങ്ങള്‍ എവിടെന്നെങ്കിലും 5 രൂപയുണ്ടാക്കി മാസാദ്യം തന്നെ മാണിക്കം എന്ന നിസ്സഹായനായ ആ പിതാവിനെ സഹായിക്കും. ശമ്പളം കിട്ടിയ പിറ്റേ ദിവസം തന്നെ പണം മടക്കിത്തരുന്ന അതി വിശ്വസ്തനും കുലീനനുമായിരുന്നു മാണിക്കം എന്ന പുസ്തകപ്രേമി. അദ്ദേഹത്തിന് ഒരു പാട് വേറെയും നല്ല ഗുണങ്ങളുണ്ടായിരുന്നു. ഫീസടക്കാന്‍ പണമില്ലാതിരുന്ന ദരിദ്ര വിദ്യാത്ഥികളെ അധ്യാപകരുടെ സഹായത്താല്‍ മാണിക്കം രക്ഷിച്ചിട്ടുണ്ട്. പുസ്തകങ്ങളെ അരുമ മക്കളെപ്പോലെ സ്‌നേഹിക്കാന്‍ ഞങ്ങളെ പഠിപ്പിച്ചത് മാണിക്കമാണ്. ബേവിഞ്ച ഞങ്ങള്‍ക്കായി കൊണ്ടുവരുന്ന പുസ്തകങ്ങളില്‍ ചട്ടകീറിയതൊക്കെ പശയും ദബ്ബണവും കൊണ്ട് രക്ഷിച്ചെടുത്തത് മാണിക്കമാണ്. കോളജില്‍ ഞങ്ങള്‍ ഒത്തുചേര്‍ന്നിരുന്നത് അഭയസ്ഥാനമായ ലൈബ്രറിയിലാണ്. ഞങ്ങള്‍ക്കൊപ്പം അബ്ദുല്ല പട്ട് ള എന്നൊരു വിദ്ദ്യാര്‍ഥിയും വരും. അവന് മലയാളം നന്നായി എഴുതാന്‍ പ്രയാസം. അവന്റെ സുഹൃത്തിനയക്കാനുള്ള എഴുത്തുകള്‍ ഞാനാണ് എഴുതിക്കൊടുത്തിരുന്നത്. ഈ യൊരു പാരസ്പര്യം കൊണ്ട് അക്ഷരങ്ങളിലുടെ സൗഹൃദം നിലനിര്‍ത്തിയ ആത്മവിദ്യാല യമായിരുന്നു ഞങ്ങള്‍ക്ക് ഗവ: കോളേജ്.

പട്ട്‌ള അബ്ദുല്ല പ്രീഡിഗ്രി കഴിഞ്ഞ് ബോംബെയില്‍ പോയി സ്വന്തം അധ്വാനം കൊണ്ട് സമ്പന്നനായി. രണ്ടാഴ്ച മുമ്പ് അദ്ദേഹവും മരണപ്പെട്ടു. പ്രീഡിഗ്രിക്കാലത്താണ് അലിയാര്‍ സാര്‍ ഞങ്ങളുടെ അധ്യാപകനായി വന്നത്. അദ്ദേഹത്തിന്റെ ക്‌ളാസുകള്‍ ഞങ്ങളെ വളരെ ആകര്‍ഷിച്ചു. ആദ്യത്തെ ക്‌ളാസില്‍ തന്നെ ബേവിഞ്ചയും ഞാനും ആ ശബ്ദത്തിലെ മാന്ത്രികത തിരിച്ചറിഞ്ഞു. ക്‌ളാസുകഴിഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ നേരിട്ട് അദ്ദേഹത്തോട് പറഞ്ഞു. റേഡിയോ നാടകങ്ങളില്‍ അന്നേ ശ്രദ്ധേയമായിരുന്നു അദ്ദ്‌ദേഹത്തിന്റെ ശബ്ദം, ആ ബന്ധം ഒരിക്കലും മുറിഞ്ഞിട്ടില്ല. ഇന്നദ്ദേഹം ദേശീയ അവാര്‍ഡുവാങ്ങിയ ശബ്ദ മാന്ത്രികനാണ്. തന്റെ ഇന്റര്‍വ്യുകളില്‍ കാസര്‍ക്കോട് കോളേജിലെ ഈ രണ്ടു വിദ്യാത്ഥികളെ എന്നും പരാമര്‍ശിക്കും. ബേവിഞ്ചയുടെ പഠന കാലം അദ്ദേഹത്തിന്റെ പ്രഭാഷണ കാലം കൂടിയായിരുന്നു. മലയാളം അസോസിയേഷന്‍ സെക്രട്ടറിയായി അവന്‍ മത്സരിച്ചപ്പോള്‍ ഹൃദയാവര്‍ജകങ്ങളായ പ്രസംഗങ്ങളായിരുന്നു കൈമുതല്‍ . സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കോഴിക്കോട് പോയി എം.ടി.യെക്കൊണ്ടു വന്ന് സമാജം ഉത്ഘാടനം ചെയ്യിപ്പിക്കാന്‍ ബേവിഞ്ച നന്നേ പണിപ്പെട്ടു. ഞാനും എ എസും, ഹസ്സനുമൊക്കെ പിറകില്‍ നന്നായി അധ്വാനിച്ചു.

ബി.എ. ക്‌ളാസിലെത്തിയപ്പോള്‍ എ.എസ്. മുഹമ്മദ് കുഞ്ഞിയും രവിയും കൂടി ഞങ്ങളുടെ സംഘത്തിലായി. നാല്‍വര്‍ സംഘം ഉച്ചഭക്ഷണം കഴിക്കാന്‍ ഒന്നിച്ചാണ് വിദ്യാനിലെ ഹോട്ടലുകളിലേക്ക് പോകാറ്. നാലു പേര്‍ക്കും ഉച്ചയൂണ് കഴിക്കാനുള്ള പണം തികയാറില്ല. മലമ്പ്രദേശത്ത് നിന്നു വരുന്ന മിക്ക കുട്ടികളെയും സ്ഥിതി ഇതായിരുന്നു. അതുകൊണ്ട് ഊണ്‍ വിളമ്പാത്ത അപ്പൂട്ടിയുടെ ഹോട്ടലിലെ ചായയും ഉണ്ടയുമായിരുന്നു ഞങ്ങളുടെ ശരണം.

ഈ വിശപ്പിന്റെ വിളിയായിരുന്നു എന്റെ ജ്യേഷ്ഠനെയും അന്ന് കള്ളലോഞ്ചില്‍ ബോംബെയില്‍ നിന്ന് കയറാന്‍ പ്രേരിപ്പിച്ചത്. അവര്‍ ഗുജറാത്തില്‍ ഇറക്കപ്പെട്ടപ്പോള്‍ ബേവിഞ്ചയുടെ സഹോദരനും അവന്നൊപ്പം പോര്‍ബന്തര്‍ ജയിലിലായി. അത് ചന്ദികയില്‍ ലേഖനമായപ്പോള്‍ ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധം കൂടി. ഞങ്ങളുടെ ക്‌ളാസിലെ കൃഷ്ണ എന്ന കുട്ടി ഉച്ചയൂണ് കഴിക്കാതെ മുറ്റത്തെ മാന്തണില്‍ ഒറ്റക്കിരിക്കുന്നത് ഞങ്ങള്‍ കാണാറുണ്ടായിരുന്നു. അവനെ സഹായിക്കാനും ആര്‍ക്കും കഴിയാറില്ല. അങ്ങനെയിരിക്കുമ്പോള്‍ ഉച്ചഭക്ഷണം കഴിക്കാത്തതിനാല്‍ കൃഷ്ണന് മഞ്ഞപ്പിത്തം വന്നു. അവന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ അഡ്മിറ്റായി. ഡി.എം.ഒ. പ്രിന്‍സിപ്പലിനെ കൃഷ്ണന്റെ രോഗതീവ്രത ബോധ്യപ്പെടുത്തി. – ഭക്ഷണം കഴിക്കാത്തതു തന്നെയാണ് പ്രശ്‌നം. ശരിരത്തിലെ രക്തം മുഴുവന്‍ മാറ്റണം. 6000 മില്ലി രക്തമെടുക്കാനായി കോളേജിലെ മ കുട്ടികളെ മുഴുവന്‍ അയക്കണമെന്നതായിരുന്നു ആവശ്യം.

കൃഷ്ണനെ രക്ഷിക്കാനായി എല്ലാവരും കൈകോര്‍ത്തു. ഞങ്ങള്‍ , ഇബ്രാഹിം ബേവിഞ്ച, കെ.കെ.ഷാഫി, കുഞ്ഞമ്പു കുറ്റിക്കോല്‍ ജയന്‍ കുപ്പാടത്ത്, ഗോപാലകൃഷ്ണ ന്‍ , എ എസ് , രവി, ഹസ്സന്‍ മാങ്ങാട്, രമേശ് തുടങ്ങിയവരുടെ മനുഷ്യപ്പറ്റി ന്റെ ടീം ഉണര്‍ന്നു. സര്‍ക്കാര്‍ ആശുപത്രിക്കുമുമ്പില്‍ രക്തദാനം നല്കാന്‍ തയ്യാറായ നൂറുകണക്കിന് കുട്ടികളുടെ നിര നഗരത്തിലെ ബസ്സ്റ്റാന്‍ഡ് വരെ നീണ്ടിട്ടും കൃഷ്ണന്‍ രക്ഷപ്പെട്ടില്ല. കോളജ് പഠന കാലത്തെ ഏറ്റവും ദൂരന്താത്മകമായ സംഭവത്തിന് ഞങ്ങളും സാക്ഷിയായി.

ബി.എ. ഫൈനല്‍ പരീക്ഷയില്‍ ഞാന്‍ തോറ്റു. ഇബ്രാഹിം പാസ്സായി. അദ്ദേഹം പട്ടാമ്പിയില്‍ എം.എ. മലയാളത്തിന് ചേര്‍ന്നു. ഞാന്‍ പി.എസ്.സി പരീക്ഷ എഴുതി പയ്യന്നൂര്‍ ലാന്റ് ട്രിബൂണലില്‍ പകര്‍പ്പെഴുത്ത് ഗുമസ്തനായി. ബി.എ. പാസ്സായശേഷം രണ്ടുവര്‍ഷം കഴിഞ്ഞാണ് ഞാന്‍ എം.എ. മലയാളത്തിന് പട്ടാമ്പിയില്‍ ചേര്‍ന്നത്. – അതും ഇബ്രാഹിമിന്റെ ഉപദേശത്തോടെ . അവന്‍ നിര്‍ദേശിച്ച ചെറുകാടിന്റെ ഷെല്‍ട്ടറിലാണ് ഞാന്‍ താമസിച്ചത്.

വായന അടിസ്ഥാന വിഭവമാക്കിയ ഒരെഴുത്തുകാരന്‍ ബേവിഞ്ചയുടെ ജനിതകത്തിലുണ്ടായിരുന്നു. അതീവ ഏകാഗ്രതയിലും സമഗ്രതയിലും പ്രഭാഷണം നിര്‍വ്വഹിക്കാനുള്ള സര്‍ഗാത്മകമായ ഒരു കഴിവ് അധ്യാപനത്തിലും നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പ്രാന്തവല്‍ക്കരിക്കപ്പെട്ട മുസ് ലിം സാംസ്‌കാരിക ചരിത്രത്തിന് ഒരു ഇടമുണ്ടാക്കാന്‍ ആരചനകള്‍ക്കു കഴിഞ്ഞു. എം.ടി.യുടെ കഥാപ്രപഞ്ചം ആയിരുന്നു എം.ഫില്‍ പ്രബന്ധം. അതു പുസ്തകമാക്കിയപ്പോള്‍ മരുമക്കത്തായത്തിന്റെ ചിത്രരൂപങ്ങള്‍ വരയ്ക്കാന്‍ ബേവിഞ്ച ആവശ്യപ്പെട്ടത് എന്നോടാണ്. ടി. ഉബൈദിന്റെ കാവ്യ പ്രപഞ്ചത്തെപ്പറ്റിയുള്ള പഠന പുസ്തകം ആധികാരവും മൗലികവുമാണ്. ഉബൈദിനെ തിരിച്ചറിയാനുള്ള ശരിയായ ഒരു ശ്രമം കൂടി അതിലുണ്ട്. ഞങ്ങളുടെ സുഹൃത്തായ കോട്ടിക്കുളത്തെ അമീറലിയുടെ സഹോദരിയാണ് പത്നി. ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് ഈ കുറിപ്പവസാനിപ്പിക്കാം.

Related Articles

Back to top button
error: Content is protected !!