സംസ്‌കൃതി ഖത്തര്‍ രജത ജൂബിലി ആഘോഷം ജോണ്‍ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്യും
ദോഹ. ‘സംസ്‌കൃതി’ ഖത്തറിന്റെ പ്രവാസഭൂമികയില്‍ മലയാള സമൂഹത്തിന്റെ കലാ-കായിക സാമൂഹിക സാംസ്‌കാരിക സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമായിട്ടു രണ്ടരപതിറ്റാണ്ടുകള്‍ പിന്നിടുകയാണ്. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വൈവിധ്യങ്ങളായ പരിപാടികളാണ് രജതജൂബിലിയാഘോഷങ്ങളുടെ ഭാഗമായി സംസ്‌കൃതി സംഘടിപ്പിക്കുന്നത് .ഈ ആഘോഷപരിപാടികളുടെ ഉദ്ഘാടനവും -കുടുബംസംഗമവും ഒക്ടോബര്‍ 11 വെള്ളിയാഴ്ച വുകൈര്‍ മഷാഫ് പോഡാര്‍ പേള്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മലയാളം കമ്മ്യൂണിക്കേഷന്‍ എം. ഡി യുമായ ജോണ്‍ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഖത്തറിലെ സാമൂഹിക സാംസ്‌കാരിക സംഘടന പ്രതിനിധികള്‍,വാണിജ്യ-വ്യവസായ പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
രാവിലെ 9 മുതല്‍ ജനകീയ നാടന്‍ കായിക മത്സരങ്ങളോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും. രണ്ടായിരത്തിലധികം പേരുടെ മെഗാ കേരളീയസദ്യ, പതിനൊന്നുമുതല്‍ 130 ലേറെ സ്ത്രീകളും കുട്ടികളും പങ്കെടുക്കുന്ന കേരളീയ സാംസ്‌കാരിക തനിമയാര്‍ന്ന തിരുവാതിരകളി, മാര്‍ഗംകളി, ഒപ്പന, ചവിട്ട്‌നാടകം, പൂരക്കളി, ഫ്യൂഷന്‍, ക്ളാസിക്കല്‍ സംഘനൃത്യങ്ങള്‍, ഗാനമേള, വഞ്ചിപാട്ട്, വീരനാട്യം, കഥകളി, പഞ്ചാരിമേളം തുടങ്ങി മൂന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കലാവിരുന്ന് അരങ്ങേറും. ഉച്ചക്ക് രണ്ടരയോടെ രജത ജൂബിലി ആഘോഷ ഉദ്ഘാടനസംസ്‌കാരിക സമ്മേളനം നടക്കും.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തില്‍ നിന്നുള്ള സാഹിത്യ പ്രതിഭകള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സദസ്, പ്രഭാഷണ സദസ്, ആര്‍ദ്രനിലാവ് കാവ്യപരിപാടി, മലയാളം മിഷന്‍ വിവിധ പരിപാടികള്‍, സി. വി ശ്രീരാമന്‍ സാഹിത്യപുരസ്‌കാരം, വനിതാ ശില്പശാല, ബോധവല്‍ക്കരണ സെമിനാറുകള്‍, മാധ്യമ സെമിനാറുകള്‍ സാംസ്‌കാരിക കലാപരിപാടികള്‍, വിവിധ കായിക ടൂര്‍ണന്മെന്റുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും
ജനറല്‍ സെക്രട്ടറി ഷംസീര്‍ അരീക്കുളം, പ്രസിഡന്റ് സാബിത് സഹീര്‍,പ്രവാസിക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍, പ്രോഗ്രാം കണ്‍വീനര്‍ ഒക്കെ പരുമല എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.