ദിശ തൃത്താലക്ക് പ്രൗഢ ഗംഭീരമായ തുടക്കം
ദോഹ: ദിശ തൃത്താലക്ക് പ്രൗഢ ഗംഭീരമായ തുടക്കം. സംഘടനാ ശാക്തീകരണത്തിന്റെയും മണ്ഡലത്തിലെ പ്രധാന പ്രവര്‍ത്തകരുടെ നേതൃപാഠവം വളര്‍ത്തിയെടുക്കുന്നതിന്റെയും ഭാഗമായി കെഎംസിസി ഖത്തര്‍ തൃത്താല മണ്ഡലം കമ്മിറ്റി ഒരുവര്‍ഷകാലത്തേക്ക് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ‘ദിശ തൃത്താല’ പഠന ഗവേഷണ പാഠ്യ പദ്ധതിക്ക് തിരശീല ഉയര്‍ന്നു. തുമാമ കെഎംസിസി ഹാളില്‍ നടന്ന ചടങ്ങില്‍ കെഎംസിസി ഖത്തര്‍ സംസ്ഥാന പ്രസിഡണ്ട് ഡോ. സമദ് ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനതലത്തില്‍ തന്നെ വ്യത്യസ്തമായ ആശയങ്ങളോടെ സജീവമായ പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃക കാണിക്കുന്നവരാണ് തൃത്താല മണ്ഡലം കമ്മിറ്റിയെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് സുഹൈലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍, ജനറല്‍ സെക്രട്ടറി ആഷിക് അബൂബക്കര്‍ സ്വാഗതം ആശംസിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്ത് മുഖ്യാതിഥിയായി പങ്കെടുത്ത് സംഘടന പ്രവര്‍ത്തനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും കാലഘട്ടത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ച് നവീന ആശയങ്ങള്‍ നടപ്പാക്കുന്ന നേതൃത്വത്തെ യോഗത്തില്‍ അഭിനന്ദിക്കുകയും ചെയ്തു
‘ദിശ തൃത്താല-എന്തിന്’ എന്ന വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി വി.ടി.എം. സാദിക്ക് പഠിതാക്കള്‍ക്ക് ക്ലാസ് എടുത്തു. എഴുതിയും പറഞ്ഞും പഠിപ്പിച്ചും, സാമൂഹിക-രാഷ്ട്രീയ-ചരിത്രബോധമുള്ള യുവ നേതൃത്വത്തെ വളര്‍ത്തിയെടുക്കുന്നതിലൂടെ, വ്യക്തിപരമായും സംഘടനാപരമായും ജില്ലയിലെ സാമുദായിക സംഘടനാ രംഗത്ത് ഒരു വഴിത്തിരിവാണ് സംഭവിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ‘ദിശ തൃത്താല’ കോഴ്സിന്റെ പഠന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട സിലബസ് ജില്ലാ സെക്രട്ടറി സിറാജുല്‍ മുനീര്‍ പരിപാടിയില്‍ അവതരിപ്പിച്ചു.
ജില്ലാ പ്രസിഡണ്ട് ജാഫര്‍ സാദിഖ്, ജനറല്‍ സെക്രട്ടറി അമീര്‍ തലക്കശ്ശേരി ഭാരവാഹികളായ മഖ്ബൂല്‍ തച്ചോത്ത്, അഷറഫ് പുളിക്കല്‍, അസര്‍ പള്ളിപ്പുറം, മൊയ്ദീന്‍ കുട്ടി, നസീര്‍ പുളിക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. മണ്ഡലം ട്രഷറര്‍ ബഷീര്‍ കെ. എം. നന്ദി പറഞ്ഞു.
ദിശ തൃത്താല കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ കെവി.ഷാജി, കെ. പി അന്‍ഷാദ്, കെ. സി അജ്മല്‍, മുഹമ്മദ് ഫായിസ് എന്നിവര്‍ നേതൃത്വം നല്‍കി.