കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ മൂന്ന് ദിവസത്തെ ശാസ്ത്രയാന്‍ ആരംഭിച്ചു
തേഞ്ഞിപ്പലം. കാലിക്കറ്റ് സര്‍വകലാശാലയുടെ അക്കാദമിക – ഗവേഷണ നേട്ടങ്ങള്‍ നേരിട്ടറിയാന്‍ പൊതുജനങ്ങള്‍ക്ക് അവസരമേകുന്ന മൂന്ന് ദിവസത്തെ ശാസ്ത്രയാന്‍ ആരംഭിച്ചു. സര്‍വകലാശാലാ കാമ്പസ് പഠനവകുപ്പുകളും ലാബുകളും സര്‍വകലാശാലയുടെ ഗവേഷണ പദ്ധതികളുമെല്ലാം വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി തുറന്നു നല്‍കുന്ന ശാസ്ത്രയാന്‍ പരിപാടി വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആര്യഭട്ടഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം ഡോ. ജിജു പി. അലക്‌സ് മുഖ്യാതിഥിയായിരുന്നു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ഈ മൂന്ന് ദിവസവും സര്‍വകലാശാലാ പാര്‍ക്കും സസ്യോദ്യാനവും തുറന്ന് നല്‍കും.
സര്‍വകലാശാലാ പഠനവകുപ്പുകളുടേതിന് പുറമെ കേരളവനഗവേഷണ കേന്ദ്രം, മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, സി.ഡബ്ല്യു.ആര്‍.ഡി.എം., സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുടങ്ങി ഇരുപതിലേറെ ഗവേഷണ സ്ഥാപനങ്ങളുടെ വിജ്ഞാനപ്രദങ്ങളായ സ്റ്റാളുകളും പ്രദര്‍ശനത്തിനുണ്ട്.