പ്രമേഹ രോഗികള്‍ റമദാനില്‍ വീടുകളില്‍ തന്നെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിരീക്ഷിക്കണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിരീക്ഷിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടതാണെന്നും പ്രമേഹ രോഗികള്‍ റമദാനില്‍ വീടുകളില്‍ തന്നെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിരീക്ഷിക്കണമെന്നും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ സീനിയര്‍ ഹെല്‍ത്ത് എഡ്യൂക്കേറ്റര്‍ അമാനി അജീന അഭിപ്രായപ്പെട്ടു.
നിലവിലെ സാഹചര്യത്തില്‍ രക്തത്തിലെ കൃത്യമായി നിയന്ത്രിക്കുന്നതിനായി എല്ലാ പ്രമേഹരോഗികളും വീട്ടില്‍ നിരീക്ഷണം നടത്തണം. ചിലരില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കുറയുന്നത് ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കും.
ഉച്ചയ്ക്ക് 12 മണിക്ക് (ഉച്ചയ്ക്ക്), ഇഫ്താറിന് മുമ്പ്, ഇഫ്താര്‍ കഴിഞ്ഞ് മൂന്ന് മണിക്കൂറിന് ശേഷം, അത്താഴത്തിനു തൊട്ടുമുമ്പ്, അത്താഴം കഴിഞ്ഞ് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് എന്നിങ്ങനെയാണ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കേണ്ടത്.
റമദാനില്‍ പ്രമേഹ രോഗികള്‍ ഇഫ്താര്‍, സുഹൂര്‍ എന്നീ രണ്ട് അടിസ്ഥാന ഭക്ഷണം കഴിക്കണം. അത്താഴം ഫജര്‍ വരെ വൈകിക്കുന്നതാണ് ഉത്തമം. സാധാരണ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തുടരാം. എന്നാല്‍ ഉച്ച കഴിഞ്ഞ് വിശ്രമിക്കണം. ഇഫ്താറിന് ശേഷം വലിയ അളവില്‍ വെള്ളം കുടിക്കുക.
ഹൈപ്പോഗ്ലൈസീമിയ കേസുകളില്‍ (രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന അവസ്ഥയില്‍ ) ഉപവാസം ഉടനടി നിര്‍ത്തുകയും പഞ്ചസാര നിറഞ്ഞ ഭക്ഷണം കഴിക്കുകയും വേണമെന്ന് അവര്‍ നിര്‍ദേശിച്ചു.