പുണ്യങ്ങളുടെ പൂക്കാലം വരവായി
ഡോ. അമാനുല്ല വടക്കാങ്ങര
കോവിഡ് ഭീഷണിയുടെ രണ്ടാം തരംഗം ഗുരുതരമായ ആശങ്ക സൃഷ്ടിക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ റമദാന്‍ സമാഗതമാകുന്നത്. തറാവീഹ് നമസ്‌കാരങ്ങളോ ഇഅ്തികാഫോ ഇഫ്താര്‍ സംഗമങ്ങളോ ഇല്ലാത്ത റമദാന്‍ വിശ്വാസി സമൂഹത്തെ തെല്ലെന്നുമല്ല അലോസരപ്പെടുത്തുന്നത്. പക്ഷേ വ്യക്തിപരവും സാമൂഹികവുമായ സുരക്ഷിതത്വത്തിന് ഏറെ പ്രാധാന്യമുള്ള ഈ സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെ റമദാനിനെ വരവേല്‍ക്കണം
കോവിഡിന്റെ ആദ്യ തരംഗം ഭീതി വിതച്ച സന്ദര്‍ഭത്തിലാണ് കഴിഞ്ഞ വര്‍ഷം നാം റമദാനിനെ വരവേറ്റത്. എല്ലാ പരിമിതികള്‍ക്കുള്ളിലും
റമദാനിനെ ആഘോഷമാക്കി ജീവിതം സാര്‍ഥകമാക്കുവാന്‍ വിശ്വാസി സമൂഹത്തിന് കഴിഞ്ഞു.
ഏറെ പ്രതീക്ഷയും അതിലേറെ പ്രത്യാശയുമായി കഴിഞ്ഞ വര്‍ഷം റമദാനിനെ യാത്രയാക്കിയപ്പോള്‍ നാം എന്തൊക്കയോ പ്രതിജ്ഞകളും തീരുമാനങ്ങളുമൊക്കെയെടുത്തിരുന്നു. ആ തീരുമാനങ്ങളോടൊക്കെ നീതി പാലിക്കുവാന്‍ നമുക്ക് സാധിച്ചുവോ, എത്രത്തോളം നാം സ്രഷ്ടാവുമായി ചെയ്ത കരാറുകള്‍ പാലിച്ചു, കര്‍മങ്ങളുടെ കണക്കുപുസ്തകത്തിലെ ബാലന്‍സ് ഷീറ്റ് എന്താണ് എന്നിവയെക്കുറിച്ചൊക്കെ ഗൗരവത്തില്‍ ചിന്തിക്കുകയും ആലോചിക്കുകയും ചെയ്യേണ്ട സന്ദര്‍ഭമാണിത്.
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം കൊണ്ടാണ് ഒരിക്കല്‍ കൂടി പ്രവാസ ഭൂവിലിരുന്ന് വിശുദ്ധ റമദാനിനെ വരവേല്‍ക്കുവാന്‍ നമുക്കൊക്കെ അവസരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം റമദാനില്‍ നമ്മോടൊപ്പമുണ്ടായിരുന്ന പലരും ഈ വര്‍ഷം റമദാനിനെ സ്വീകരിക്കാന്‍ നമ്മോടൊപ്പമില്ല എന്നത് നമുക്കോരോരുത്തര്‍ക്കും ഒരു മുന്നറിയിപ്പും പാഠവുമാണ്. കോവിഡിന്റെ കരാളഹസ്തങ്ങളിലമര്‍ന്ന് നിത്യവും കുറേ ജീവനുകള്‍ പൊലിയുന്നത് നമ്മളൊക്കെയറിയുന്നുണ്ട്. കരുണാമയനായ തമ്പുരാന്‍ ഈ മഹാമാരിയുടെ വിപത്തില്‍ നിന്നും ലോകത്തിനാകെ മോചനം നല്‍കുമാറാകട്ടെ.
റമദാന്‍ സ്രഷ്ടാവിന്റെ സമ്മാനമാണ്. വിശ്വാസിക്ക് ലഭിക്കാവുന്ന ബമ്പര്‍ സമ്മാനം. പ്രവാസ ജീവിതത്തില്‍ നാം സ്ഥിരമായി കാണുന്ന മെഗാ നറുക്കെടുപ്പിലൂടെയുള്ള സമ്മാനങ്ങള്‍ പോലെയല്ല സ്രഷ്ടാവിന്റെ സമ്മാനം. അനുഷ്ഠിക്കേണ്ട പ്രകാരം കര്‍മമനുഷ്ഠിക്കുന്നവരൊക്കെ വിജയിക്കുകയും സമ്മാനാര്‍ഹരാവുകയും ചെയ്യുന്ന സവിശേഷ സന്ദര്‍ഭമാണിത്. ബമ്പര്‍ സമ്മാനമാകട്ടെ ഏതൊരു വിശ്വാസിയുടേയും ജീവിതാഭിലാഷമായ സ്വര്‍ഗ പൂങ്കാവനത്തിലേക്ക് പ്രത്യേകം സജ്ജമാക്കിയ റയ്യാന്‍ കവാടത്തിലൂടെയുള്ള പ്രവേശവും.
ആരെങ്കിലും കറകളഞ്ഞ വിശ്വാസത്തോടും പ്രതിഫലേച്ഛയോടും റമദാന്‍ മാസം വ്രതമനുഷ്ഠിച്ചാല്‍ അവന്റെ മുന്‍ചൊന്ന പാപങ്ങളൊക്കെ പൊറുത്തുകൊടുക്കുമെന്നാണ് കരുണാമയനായ സ്രഷ്ടാവ് പഠിപ്പിക്കുന്നത്.
റമദാനിനെ സ്വീകരിക്കുവാന്‍ അവസരം ലഭിച്ചവര്‍ ശരിക്കും ഭാഗ്യവാന്മാരാണ്. പുണ്യങ്ങള്‍ വാരിക്കൂട്ടുവാന്‍ അവസരം ലഭിച്ചവര്‍. ജീവിത യാത്രയിലെ എല്ലാ പോരായ്മകളും തീര്‍ത്ത് സ്രഷ്ടാവിന്റെ ഇഷ്ടപ്പെട്ട ദാസന്മാരാകുവാനുള്ള മഹത്തായ അവസരം ലഭിച്ചവര്‍. ഇനിയും ഇതുപോലൊരു അവസരം ലഭിച്ചേക്കില്ലെന്ന ധാരണയോടെ വീണുകിട്ടിയ അസുലഭ മുഹൂര്‍ത്തം വിവേകപൂര്‍വം ഉപയോഗിക്കുകയെന്നതാണ് സന്ദര്‍ഭം ആവശ്യപ്പെടുന്നത്.
വാക്കും നോക്കും ചിന്തയും പ്രവര്‍ത്തിയുമെല്ലാം സ്രഷ്ടാവെന്ന ഏകത്വത്തില്‍ കേന്ദ്രീകരിച്ച് ആ ശക്തിയുടെ കരുണാകടാക്ഷങ്ങള്‍ മാത്രം പ്രതീക്ഷിക്കുന്ന റമദാനിലെ വ്രതാനുഷ്ഠാനം നിസ്തുലമായ അര്‍പ്പണത്തിന്റെയും വിധേയത്വത്തിന്റേയും പ്രതിഫലനമാണ്. രഹസ്യവും പരസ്യവും ഒരു പോലെ അറിയുന്ന, തന്റെ ഓരോ ചലനങ്ങളും സദാവീക്ഷിക്കുകയും രേഖപ്പെടുത്തിവെക്കുകയും ചെയ്യുന്ന പ്രപഞ്ചനാഥന്റെ പ്രീതിക്കായി സമര്‍പ്പിക്കുന്ന വ്രതാനുഷ്ഠാനത്തിന് സ്വര്‍ഗത്തില്‍കുറഞ്ഞ പ്രതിഫലമില്ലെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. റമദാനിലെ ഓരോ പുണ്യകര്‍മങ്ങളും എഴുപതും എഴുപതാനായിരവും സ്രഷ്ടാവ് ഉദ്ദേശിക്കുന്നപക്ഷം അതിലധികവുമെല്ലാം പ്രതിഫലം ലഭിക്കുമെന്നതിനാല്‍ ഈ സുവര്‍ണാവസരം തെല്ലും പാഴാക്കാതിരിക്കുന്നവരാണ് ഭാഗ്യവാന്മാര്‍.
ജീവിതം ഒരു യാത്രയാണ്. അല്ല വലിയ ഒരു യാത്രയിലെ ഒരു ഇടത്താവളമാണ്. എന്നാല്‍ ഈ യാത്രയുടേയും വിശ്രമവേളയുടെയും ദൈര്‍ഘ്യം എത്രയാണെന്ന് സ്രഷ്ടാവിനല്ലാതെ മറ്റാര്‍ക്കും അറിയാന്‍ കഴിയുകയില്ല എന്നത് ഈ യാത്രയുടെ പ്രാധാന്യം വിളിച്ചോതുന്നു. ഒരു പക്ഷേ ഈ യാത്ര ഇന്ന് അവസാനിച്ചേക്കാം. വര്‍ഷങ്ങള്‍ നീണ്ടുപോയെന്നും വരും. ഈ അനിശ്ചിതത്വവും പ്രതീക്ഷയും ജീവിതത്തിന്റെ അര്‍ഥ തലങ്ങളുടെ അപാരത നമ്മെ ബോധ്യപ്പെടുത്തുന്നു. ഈ ലോകത്ത് നിനക്കൊരു പരദേശിയുടേയോ യാത്രക്കാരന്റേയോ റോളാണ് വഹിക്കാനുള്ളതെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.
ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയില്‍ പലരും പല സ്ഥലങ്ങളിലും എത്തുന്നു. ലഭ്യമായ പല മാര്‍ഗങ്ങളിലൂടെയും ലക്ഷ്യത്തിലേക്ക് കുതിക്കുന്നു. അളവറ്റ ദയാപരനും കരുണാവാരിധിയുമായ സ്രഷ്ടാവ് അവന്റെ അടിയാറുകള്‍ക്ക് സന്മാര്‍ഗം കാണിക്കാനായി പ്രവാചകരെ അയക്കുകയും വേദഗ്രന്ഥങ്ങള്‍ നല്‍കുകയും ചെയ്തു. എല്ലാ സമൂഹങ്ങള്‍ക്കും നിര്‍ദേശിക്കപ്പെട്ട കര്‍മമാണ് വ്രതാനുഷ്ഠാനം. ജീവിത യാത്രയില്‍ മനുഷ്യനെ സൂക്ഷ്മതയുള്ളവനാക്കുകയും പാപക്കറകള്‍ കഴുകി പരിശുദ്ധനാക്കുകയും ചെയ്യുന്ന മഹത്തായ കര്‍മം.
റമദാന്‍ മാസം പുണ്യങ്ങളുടെ പൂക്കാലമാണ്. രാവും പകലും അനുഗ്രഹീതമായ സുവര്‍ണകാലം. ഓരോ പുണ്യകര്‍മത്തിനും പതിന്മടങ്ങ് പ്രതിഫലം വാഗ്ദത്തം ചെയ്യപ്പെട്ട കാലം. വിണ്ണും മണ്ണും പുണ്യങ്ങള്‍ വാരിക്കൂട്ടുവാനുള്ള എല്ലാ സാഹചര്യങ്ങളുമൊരുക്കുന്ന അനുഗ്രഹീത മാസം. ഈ മാസം അതുകൊണ്ട് തന്നെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. ദുനിയാവിന്റെ പിന്നാലെയുളള ഓട്ടത്തിനിടയില്‍ റമദാനിനെ വേണ്ടപോലെ സ്വീകരിക്കാന്‍ കഴിയാത്തവരാണ് ഏറ്റവും വലിയ ദൗര്‍ഭാഗ്യവാന്മാര്‍ എന്ന കാര്യം നാമോരോരുത്തരും ഗൗരവത്തില്‍ ഓര്‍ക്കുക.
റമദാനിലെ രാത്രിയുടെ അന്ത്യയാമങ്ങളില്‍ നന്മചെയ്യുന്നവരെ സ്വാഗതം ചെയ്തും തിന്മ ചെയ്യുന്നവരെ പിന്തിരിപ്പിച്ചും മാലാഖമാര്‍ ഇറങ്ങുമെന്ന് ചില നബിവചനങ്ങളില്‍ കാണാം.
ജീവിതയാത്ര ജന്മനാടില്‍ നിന്നും മറ്റോരു രാജ്യത്തെത്തിച്ചവരാണ് പ്രവാസികള്‍. പ്രവാസം കടലില്‍ മല്‍സ്യബന്ധനത്തിനുപോകുന്നതുപോലെയാണ്. വലിയ പ്രതീക്ഷകളുമായി മല്‍സ്യ ബന്ധനത്തിന് പോകുന്ന ചിലര്‍ക്ക് ചാളയോ അതുപോലുള്ളതോ ആയ ചെറിയ മല്‍സ്യങ്ങളാണ് ലഭിക്കുന്നത്. വേറെ ചിലര്‍ക്ക് അയലയും കരീമീനുമെല്ലാം ലഭിക്കുന്നു. വേറെയും ചിലര്‍ക്ക് അയക്കോറ, ആഗോലി പോലത്തെ വിലപ്പെട്ട മീനുകളാണ് ലഭിക്കുന്നത്. പ്രവാസ ലോകത്ത് ഭാഗ്യം പരീക്ഷിക്കുന്നവരും വ്യത്യസ്ത തലങ്ങളിലാണ് എത്തിപ്പെടുന്നതെന്നര്‍ഥം.
പ്രവാസിയുടെ റമദാന്‍ അനുഭവങ്ങള്‍ വ്യത്യസ്ത കാരണങ്ങളാല്‍ പലപ്പോഴും വ്യതിരിക്തവും സവിശേഷമാകുന്നു. പരസ്പര സ്നേഹത്തിന്റേയും സഹകരണത്തിന്റേയും ജീവസ്സുറ്റ മാതൃകകള്‍ പ്രകടമാകുന്ന എത്രയോ അനുഭവങ്ങളാണ് പ്രവാസികളുടെ റമദാനില്‍ കാണുന്നത്. വീടും കുടുംബവും വിട്ട് ഒറ്റക്ക് താമസിക്കുന്നവരാണ് അധികം പ്രവാസികളും. പലരുടേയും ജീവിതത്തെ ശരിയായ രീതിയില്‍ സംസ്‌കരിക്കുവാനും ആത്മീയതയുടെ പാതയിലേക്ക് നയിക്കുവാനും പ്രവാസ ഭൂമിയിലെ റമദാന്‍ അനുഭവങ്ങള്‍ക്ക് സാധിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്.
റമദാനിന്റെ ചൈതന്യം അതിന്റെ ആത്മീയ വിഭവങ്ങളിലാണ്. സ്രഷ്ടാവിന്റെ കല്‍പന അനുസരിച്ചും അവന്റെ പ്രതിഫലം മാത്രം കാംക്ഷിച്ചും പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ വെടിയുകയും ജീവിതം തന്നെ പുനഃക്രമീകരിക്കുകയും ചെയ്യുന്ന മഹത്തായ കര്‍മമാണ് വ്രതാനുഷ്ഠാനം. കണ്ണും കാതും മനസും ശരീരവും ബുദ്ധിയും ചിന്തയുമെല്ലാം ഒന്നുചേരുന്ന ഈ പുണ്യകര്‍മം ഏകമാനവികതയുടേയും സാഹോദര്യത്തിന്റേയും സര്‍വോപരി മനുഷ്യസൗഹാര്‍ദ്ധത്തിന്റേയും സമത്വത്തിന്റേയും അമൂല്യ അധ്യാപനങ്ങള്‍ പകര്‍ന്നുനല്‍കുമ്പോള്‍ അത് കൂടുതല്‍ ആസ്വദിക്കുന്നതും പ്രാവര്‍ത്തികമാക്കുന്നതും പ്രവാസികളാണെന്ന് വേണം കരുതാന്‍.
റമദാനിന്റെ ഏറ്റവും വലിയ സവിശേഷത മാനവരാശിക്ക് സന്മാര്‍ഗദര്‍ശനമായി ഖുര്‍ആന്‍ അവതരിച്ച മാസം എന്നതാണ്. സത്യാസത്യ വിവേചകമായും സ്രഷ്ടാവിങ്കലേക്കുള്ള വഴികാട്ടിയായും കാരുണ്യവാനായ സ്രഷ്ടാവ് ഖുര്‍ആന്‍ അവതരിപ്പിക്കുവാന്‍ തെരഞ്ഞെടുത്ത മാസമാണ് റമദാന്‍. അതുകൊണ്ട് തന്നെ റമദാനില്‍ ഖൂര്‍ആനിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്.
പ്രവാചകന്റെ സ്വഭാവത്തെക്കുറിച്ച് അവിടുത്തെ പത്നിമാരോടാന്വേഷിച്ചപ്പോള്‍ തിരുമേനിയുടെ സ്വഭാവം ഖുര്‍ആനായിരുന്നു എന്നാണ് അവര്‍ പറഞ്ഞത്. വിശ്വാസി സമൂഹം മുഖവിലക്കെടുക്കേണ്ട ഒരു വചനമാണിത്. ഖുര്‍ആനിനെ ജീവിതത്തിന്റെ വഴികാട്ടിയായി സ്വീകരിച്ച് ഖുര്‍ആനിന്റെ സ്വഭാവം ഉള്‍കൊള്ളുക എന്നതാണ് വിശ്വാസത്തിന്റെ തേട്ടം.
പ്രതിസന്ധികള്‍ക്കിടയിലും റമദാനിനെ വേണ്ടപോലെ പ്രയോജനപ്പെടുത്തി സ്വര്‍ഗത്തിന്റെ അവകാശികളാകുവാന്‍ സര്‍വശക്തനായ അല്ലാഹു നമുക്കെല്ലാവര്‍ക്കും തൗഫീഖ് നല്‍കി അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.