IM Special

കാലം നല്‍കിയ കനിവ്


സവിതാ ദീപു
ഒരിക്കല്‍,വിദേശ പര്യടനം കഴിഞ്ഞു നിറയെ സ്വത്തു സമ്പാദിച്ച് ധനികനായി ഒരു വ്യാപാരി നാട്ടില്‍ തിരിച്ചെത്തി.
പുതിയ കുതിരാലയങ്ങള്‍ തീര്‍ത്തും കച്ചവട ശാലകള്‍ പണിതും അയാള്‍ മേല്‍ക്കു മേല്‍ അഭിവൃദ്ധി നേടി.
അയാളുടെ പേര് അയല്‍നാടുകളിലും പ്രശസ്തമായി.
അയാളുടെ സൗധങ്ങളുടെ വെണ്മ, മല മുകളില്‍ നിന്ന് പോലും കാണാന്‍ പറ്റുന്നതായിരുന്നു.
എത്രയും ധനികന്‍ ആണെങ്കിലും അയാള്‍ അതീവ ദുഖിതനായിരുന്നു.
വിഷാദമൂറുന്ന കണ്ണുകള്‍ അയാളുടെ മുഖമുദ്രയായി.
രാത്രി കാലങ്ങളില്‍ പോലും ഉറക്കമില്ലാതെ …..
വീട്ടുകാരുടെ നന്മയും …. വ്യാപാരത്തിലെ അഭിവൃദ്ധിയും … മാത്രം മുന്നില്‍ കണ്ടു രാവും പകലും അയാള്‍ അധ്വാനിച്ചു കൊണ്ടിരുന്നു .

കുഞ്ഞുങ്ങളെ ലാളിക്കാനോ … ഭാര്യയുടെ അടുത്തു ഇരിക്കാനോ … വൃദ്ധരായ മാതാപിതാക്കളോട് സംസാരിക്കാനോ കഴിയാത്ത വിധം തിരക്കു പിടിച്ചതായിരുന്നു അയാളുടെ ദിനചര്യകള്‍.

ധാരാളം സമ്പത്ത് കുമിഞ്ഞു കൂടിയിട്ടും അയാള്‍ക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്രയും ദുഖമുണ്ടായിരുന്നു …
രാത്രിയിലെ ചന്ദ്രികയും … പകലിലെ സൂര്യനും ….
അയാളെ തഴുകി കടന്നു പോകുന്ന ഇളംകാറ്റു പോലും, അയാള്‍ക്ക് അസ്വസ്ഥതകള്‍ മാത്രം നല്‍കി.

ദിനരാത്രങ്ങള്‍ കഴിയും തോറും അയാളുടെ മുഖത്തു കരിനിഴല്‍ പടര്‍ന്നു കൊണ്ടിരുന്നു.
അയാളുടെ ഭാര്യ എത്രയൊക്കെ സ്‌നേഹത്തോടെ ഇടപഴകിയിട്ടും അയാളുടെ മുഖത്തെ വ്യാകുലതകള്‍ മാഞ്ഞില്ല.
ഇനി, വിദേശത്ത് കണ്ടു മുട്ടിയ സുഹൃത്തുക്കളുടെ ഓര്‍മ്മകളായിരിക്കുമോ അയാളുടെ ദുഖത്തിന് കാരണമെന്ന് ആ സാധു സ്ത്രീ സംശയിച്ചു.

പക്ഷേ… സാധുവായിരുന്നുവെങ്കിലും അവര്‍ ബുദ്ധിമതി കൂടിയായിരുന്നു.
പണത്തിന്നോടുള്ള ആര്‍ത്തിയാണ് ഭര്‍ത്താവിന്റെ ദുഖത്തിന്ന് കാരണം എന്ന് അവര്‍ക്ക് മനസ്സിലായി.

ഭര്‍ത്താവിനെ ഈ വ്യാകുലതകളില്‍ നിന്നും വഴിമാറ്റിയില്ലെങ്കില്‍, ഒരുപക്ഷെ അദ്ദേഹം മരിച്ചു പോകുമെന്ന് അവര്‍ക്ക് തോന്നി. അവര്‍,സമ്പന്നനാണെങ്കിലും അറു പിശുക്കനായ ഭര്‍ത്താവിന്റെ പ്രവര്‍ത്തികള്‍ വേദനയോടെ സഹിച്ചു പോന്നു.
ഇതെല്ലാം കണ്ട് വിഷമിച്ച വൃദ്ധയായ മാതാവ് തന്റെ സഹോദരനെ വിവരമറിയിച്ചു.

താമസിയാതെ, അവരുടെ വീടിനടുത്തുള്ള ആല്‍ത്തറയില്‍ ഒരു സന്യാസി എത്തിച്ചേര്‍ന്നു.
എപ്പോഴും, ധ്യാനലീനനായി ഇരിക്കുന്ന സന്യാസിയുടെ പ്രസന്നതയിലും വാക്ചാതുരിയിലും ആളുകള്‍ മയങ്ങി.സന്യാസിയുടെ അത്ഭുതപ്രവൃത്തികള്‍ ഗ്രാമങ്ങളില്‍ വാര്‍ത്തകളായി.

ഇതെല്ലാം കേട്ട്
ഒരിക്കല്‍ അയാള്‍ സന്യാസിയെ കാണാനെത്തി.
കാവി പുതച്ചു, കല്ലുമണി മാലകള്‍ ഇട്ട്, രുദ്രാക്ഷം വിരലുകളില്‍ തെരുപ്പിടിപ്പിച്ചു കൊണ്ട്,
ഭാവിയും ഭൂതവും വിളിച്ചു പറയുന്ന ഒരു വൃദ്ധന്‍ .
വ്യാപാരിയെ കണ്ട മാത്രയില്‍ അയാളുടെ യാത്രകളും,വിഷമങ്ങളും സമയമില്ലായ്മയും ദുഃഖങ്ങളും മാത്രമല്ല എന്തിന് അയാളുടെ വീട്ടിനുള്ളിലെ മുറികളുടെ എണ്ണവും വരെ സന്യാസി പറഞ്ഞു.

അത്ഭുതപരതന്ത്രനായ അയാള്‍,
വേര്‍തിരിച്ചറിയാത്ത അയാളുടെ ദുഖങ്ങളെ കുറിച്ച് സന്യാസിയോട് തുറന്നു പറഞ്ഞു ….

കുറെ നേരത്തെ ആലോചനയ്ക്ക് ശേഷം കണ്ണു തുറന്ന സന്യാസി,
നിങ്ങള്‍ സമ്പാദിക്കുന്നതില്‍ നിന്ന് ഒരു ഭാഗം ദൈവത്തിനു വിളക്കെണ്ണ വാങ്ങാന്‍ കൊടുക്കൂ … നിങ്ങളുടെ എല്ലാ വിഷമവും മാറും എന്ന് പറഞ്ഞു കണ്ണുകള്‍ അടച്ചു ധ്യാനത്തിലായി.
പണം നഷ്ടപ്പെടുത്തിയിട്ടുള്ള സന്തോഷം വേണ്ടെന്ന് വച്ച് വ്യാപാരി തിരിച്ചു പോയി.
പക്ഷേ… ഉറക്കമില്ലാത്ത രാവുകളുടെ
കുറെ നാളത്തെ ആലോചനകള്‍ക്കൊടുവില്‍ അയാള്‍ ഒരു സഞ്ചി നിറയെ പണവുമായി ക്ഷേത്ര ദര്‍ശനത്തിനു പുറപ്പെട്ടു .
ധനികനായ അയാള്‍ക്ക് വേണ്ടി പ്രത്യേക പൂജകളും വഴിപാടുകളും നടന്നു.
പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍
അവിടെയുള്ള എല്ലാ ഭിക്ഷക്കാര്‍ക്കും അയാള്‍ പണം എറിഞ്ഞു കൊടുത്തു.
നാണയതുട്ടുകള്‍ പെറുക്കിയെടുക്കുന്ന യാചകരെ കണ്ടു അയാളുടെ ചുണ്ടില്‍ ചിരി പടര്‍ന്നു.
തിരിച്ചു വരും വഴി … ഒഴിഞ്ഞ പണ സഞ്ചി അയാള്‍ ദൂരേക്ക് വലിച്ചെറിഞ്ഞു …
കുറെ ദൂരം പോയപ്പോള്‍, അയാള്‍ക്ക് ആ ഒഴിഞ്ഞ പണസഞ്ചി ഒഴിവാക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.
ആ പണസഞ്ചി അയാളുടെ ഒരുപാട് യാത്രകളില്‍ കൂടെയുണ്ടായിരുന്നതായിരുന്നു.
ഇനിയും ഒരുപാടുകാലം ഉപയോഗിക്കാമായിരുന്നല്ലോയെന്ന തോന്നല്‍ ശക്തമായി.
അയാള്‍ തിരിച്ചു നടന്നു … വലിച്ചെറിഞ്ഞു കളഞ്ഞ പണ സഞ്ചിക്കായി അയാള്‍ അലഞ്ഞു .

അലക്ഷ്യമായി ഏതോ
വഴിയില്‍ ഉപേക്ഷിക്കപ്പെട്ട സഞ്ചി കാണാതെ അയാള്‍ ദുഖിതനായി ….
മനസ്സില്‍ പുതിയ ഒരു ദുഃഖം കൂടി കൂട്ടിനെത്തി …
അയാള്‍ മറ്റെല്ലാറ്റിനെയും മറന്നു ….

കാലങ്ങള്‍ കടന്നു പോയി …
അയാളുടെ ജീവിതത്തിലേക്ക് നന്മകള്‍ സാമ്രാജ്യം ഒരുക്കി ..
എന്നിട്ടും ,
എന്തെന്നറിയാത്ത ദുഃഖം അയാളെ അലട്ടി .
ഒരിക്കല്‍ അയാള്‍ വ്യാപാരത്തിനായി ദൂരദേശത്തേക്ക് യാത്രയായി .
പോകുന്ന വഴിയില്‍ അയാള്‍ പോയ ക്ഷേത്രവും കണ്ടു .
പെട്ടന്ന് അയാള്‍ക്ക് , അയാളുടെ പഴയ പണസഞ്ചിയെ കുറിച്ചോര്‍മ്മ വന്നു .
അയാള്‍ അവിടെയെല്ലാം വര്‍ഷങ്ങള്‍ക്കു മുമ്പ് നഷ്ടപ്പെട്ട ആ സഞ്ചിക്കു വേണ്ടി തിരഞ്ഞു .
അവിടെ ഒരു മരത്തിന്റെ വേരുകള്‍ക്കിടയില്‍ മണ്ണ് പുതഞ്ഞു കിടന്നിരുന്ന സഞ്ചി അയാള്‍ തിരിച്ചറിഞ്ഞു .

സന്തോഷത്തോടെ അയാള്‍ അത് വലിച്ചെടുത്തു …
അതിന്റെ അറകളില്‍ നിന്ന് ഇഴ ജന്തുക്കള്‍ പുറത്തു ചാടി ..
നിറം മങ്ങി പഴകിയ സഞ്ചി നിറയെ തുളകള്‍ വീണിരുന്നു …
വര്‍ഷങ്ങളുടെ മാറ്റം അതില്‍ ഒരുപാടു അഴുക്കും , പൊടിയും നിറച്ചു …
ഉപയോഗ ശൂന്യമായ അതിനെ അയാള്‍ ദുഖത്തോടെ ചേര്‍ത്തു പിടിച്ചു .
ഒരിക്കല്‍, അയാളുടെ പണം നിറഞ്ഞിരുന്ന തോല്‍സഞ്ചിയുടെ അറകള്‍, ദ്രവിച്ചു ഓട്ട വീണത് കണ്ട് അയാള്‍ ആശ്ചര്യപ്പെട്ടു.
തന്നോടൊട്ടിചേര്‍ന്നിരുന്ന കാലത്തെ സമ്പന്നനായിരുന്ന പണസഞ്ചി, കുറച്ചു കാലം കൊണ്ട് ഒന്നിനും കൊള്ളാത്തതായത് അയാളെ ചിന്തഗ്രസ്തനാക്കി.
പണത്തിന്ന് പുറകെ പോകുന്ന തിരക്കില്‍ തന്നെ വേര്‍പെട്ടുപോയ ബന്ധങ്ങളെക്കുറിച്ചോര്‍ത്തു അയാള്‍ക്ക് കുറ്റബോധം തോന്നി.
അയാള്‍ ഭാര്യയെയും വീട്ടുകാരെയും കുറിച്ചോര്‍ത്തു.
അവരുടെ സ്‌നേഹത്തിന്റെ വശ്യത അയാളില്‍ സമാധാനം നിറച്ചു.
തന്റെ വിഡ്ഢിത്തം ഓര്‍ത്തു ലജ്ജിതനായെങ്കിലും
ദുഃഖം കൊണ്ട് മൂടിയ അയാളുടെ മനസ്സില്‍ സന്തോഷം നിറഞ്ഞു.
ഇനിയൊരിക്കലും പണത്തിന്ന് തന്നെ കീഴ്‌പ്പെടുത്താനാവില്ലെന്ന് പ്രതിജ്ഞയെടുത്തു ഓര്‍മ്മയ്ക്കായ് ഓട്ട വീണ പഴയ സഞ്ചിയുമെടുത്തു അയാള്‍ യാത്ര തുടര്‍ന്നു.

Related Articles

Back to top button
error: Content is protected !!