സംസ്‌കൃതി ഖത്തര്‍ പന്ത്രണ്ടാമത് സി വി ശ്രീരാമന്‍ സാഹിത്യപുരസ്‌കാരം ജലീലിയോ ഏറ്റുവാങ്ങി

ദോഹ: ഐ സി സി അശോക ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്‌കൃതി ഖത്തര്‍ പന്ത്രണ്ടാമത് സി വി ശ്രീരാമന്‍ സാഹിത്യപുരസ്‌കാരം ജലീലിയോ ഏറ്റുവാങ്ങി.പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റും തിരക്കഥാകാരനും സാഹിത്യ അക്കാദമി പുരസ്‌കാരം, ജെസിബി പുരസ്‌കാരം എന്നിവയുടെ ജേതാവുമായ എസ് ഹരീഷ് പുരസ്‌കാര സമര്‍പ്പണം നിര്‍വഹിച്ചു. 50000 രൂപയും ശില്‍പ്പവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം.
സംസ്‌കൃതി വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി വി ശ്രീരാമന്‍ സാഹിത്യപുരസ്‌കാരത്തിന്റെ നാള്‍വഴികള്‍ അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ ശ്രീനാഥ് ശങ്കരന്‍കുട്ടി വിശദീകരിച്ചു.തുടര്‍ന്ന് എസ് ഹരീഷ് മുഖ്യപ്രഭാഷണം നടത്തി. മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച രണ്ടോ മൂന്നോ കഥാകൃത്തുക്കളില്‍ ഒരാളായി ഗണിക്കപ്പെടേണ്ട സി. വി. ശ്രീരാമന്റെ പേരിലുള്ള ഈ പുരസ്‌കാരം ലോകമെമ്പാടുമുള്ള പ്രവാസി എഴുത്തുകാര്‍ ആഗ്രഹിക്കുന്ന അംഗീകാരമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീരാമന്റെ കഥകളുടെ വ്യത്യസ്ത തലങ്ങളെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും പ്രഭാഷണത്തില്‍ ഹരീഷ് വിശദീകരിച്ചു.
കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍ ആശംസകള്‍ അര്‍പ്പിച്ചു. അവാര്‍ഡ് ജേതാവ് ജലീലിയോ മറുപടി പ്രഭാഷണം നടത്തി. വനിത വേദി സെക്രട്ടറി ജെസിത ചിന്ദുരാജ് സന്നിഹിതയായിരുന്നു . 2026 ലേക്കുള്ള സംസ്‌കൃതി മെംബര്‍ഷിപ്പ് വിതരണോല്‍ഘടനവും വേദിയില്‍ വെച്ച് എസ്. ഹരീഷ് നിര്‍വ്വിച്ചു.കൊറിയയില്‍ വെച്ച് നടക്കുന്ന ണീൃഹറ ങമേെലൃ െഅവേഹലശേര ങലലേലേക്ക് യോഗ്യത നേടിയി സംസ്‌കൃതി ഖത്തര്‍ ഫിറ്റ്നസ് ഫ്രൈഡേ ട്രെയിനര്‍ ജെയ്സണ്‍ ജെക്ക് കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍ സംസ്‌കൃതിയുടെ ആദരവ് അര്‍പ്പിച്ചു.
ഇതേ വേദിയില്‍ 2014 മുതല്‍ 2024 വരെ സി വി ശ്രീരാമന്‍ സാഹിത്യപുരസ്‌കാരത്തിന് അര്‍ഹമായ കഥകളുടെ സമാഹാരം എസ് ഹരീഷ് ജലീലിയോക്ക് നല്‍കി പ്രകാശനം ചെയ്തു.
തുടര്‍ന്ന് നടന്ന സുപ്രസിദ്ധ കാഥികന്‍ കെടാമംഗലം സദാനന്ദന്റെ ശിഷ്യനായ സൂരജ് സത്യനും സംഘവും അവതരിപ്പിച്ച ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും എന്ന കഥാപ്രസംഗവും സദസ്സിന്റെ മനംകവര്‍ന്നു.സൂരജ് സത്യന്റെ സംഘത്തില്‍ ആലപ്പി ഋഷികേശ്(ഹാര്‍മോണിയം) ഗസല്‍ സോമന്‍ (തബല) എന്‍ മുരളി (കീബോര്‍ഡ്) എന്നിവരാണ് ഉണ്ടായിരുന്നത്.
ചടങ്ങിന് സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം സ്വാഗതവും സെക്രട്ടറി ബിജു പി മംഗലം നന്ദിയും പറഞ്ഞു.
