കേരളത്തിലെ സാമൂഹിക സൗഹൃദം സംരക്ഷിക്കുക – ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍

ദോഹ: കേരളത്തിന്റെ പാരമ്പര്യമായ മതസൗഹാര്‍ദ്ദത്തെയും സാമൂഹിക ഐക്യത്തെയും ദുര്‍ബലപ്പെടുത്തുന്ന വര്‍ഗീയ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും ഉയര്‍ന്നുവരുന്നതില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രവര്‍ത്തക കണ്വെന്ഷന് ഗൗരവമായ ആശങ്ക രേഖപ്പെടുത്തി. സമൂഹത്തിന് മാതൃകയാകേണ്ട രാഷ്ട്രീയ നേതാക്കള്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന പ്രസ്താവനകളില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കണമെന്നും അധികാരലാഭത്തിനായി മതവികാരം ചൂഷണം ചെയ്യുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കി. കേരളത്തിന്റെ ആത്മാവായ മതേതരത്വം സംരക്ഷിക്കാന്‍ എല്ലാ വിഭാഗങ്ങളും ഒന്നിച്ച് മുന്നോട്ട് വരണമെന്ന് ആവശ്യപ്പെട്ട കണ്വെന്ഷന്, സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ് വേദികളിലൂടെയും നടക്കുന്ന വിദ്വേഷ പ്രചരണങ്ങളെ നിയമപരമായി കര്‍ശനമായി നേരിടാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
മദീന ഖലീഫയിലെ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ പ്രസിഡണ്ട് സിറാജ് ഇരിട്ടി അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ കെ എം നാസര്‍ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ അബ്ദുല്‍ ലത്തീഫ് നല്ലളം, താജുദ്ദീന് മുല്ലവീടന്‍, മുജീബ്റഹ്മാന്‍ മദനി, ഷാഹുല്‍ ഹമീദ്, മൊയ്ദീന് ഷാ, ഹമീദ് കല്ലിക്കണ്ടി, ഹമദ് ബിന്‍ സിദ്ധീഖ് എന്നിവര്‍ സംസാരിച്ചു. പരിപാടിക്ക് അബ്ദുറഹ്മാന് മദനി, നസീര്‍ പാനൂര്‍, അജ്മല്‍ ജൗഹര്‍, ഷനീജ് എടത്തനാട്ടുകര, അഹമദ് മുസ്തഫ നേതൃത്വം നല്കി
