ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതകം ഉത്പാദക രാജ്യമാകാനൊരുങ്ങി ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതകം ഉത്പാദക രാജ്യമാകാനൊരുങ്ങി ഖത്തര്‍ മുന്നേറുകയാണെന്ന് ഊര്‍ജ മന്ത്രിയും ഖത്തര്‍ പെട്രോളിയം പ്രസിഡന്റും സിഇഒയുമായ സഅദ് ഷെരീദ അല്‍ കഅബി ബ്ലൂംബെര്‍ഗ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എണ്ണ, കല്‍ക്കരി എന്നിവയില്‍ നിന്ന് ശുദ്ധമായ ഊര്‍ജ്ജത്തിലേക്ക് ലോകം മാറുന്നതിനനുസരിച്ച് വര്‍ദ്ധിച്ചുവരുന്ന ദ്രവീകൃത പ്രകൃതിവാതകത്തിന്റെ ആവശ്യകത കണക്കിലെടുത്ത് കുറഞ്ഞത് അടുത്ത രണ്ട് ദശകക്കാലമെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതകം ഉത്പാദിപ്പിക്കുകയാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്.
പ്രതിവര്‍ഷം എല്‍എന്‍ജി ശേഷി 50 ശതമാനത്തിലധികം വര്‍ദ്ധിപ്പിച്ച് പ്രതിവര്‍ഷ ഉല്‍പാദനം 126 മില്യണ്‍ ടണ്‍ ആക്കുന്നതിന് ഖത്തര്‍ കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കും. സൂപ്പര്‍-ശീതീകരിച്ച ഇന്ധനത്തിന്റെ ലോകത്തെ പ്രധാന വിതരണക്കാരാണ് ഖത്തര്‍.
വിപുലീകരണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ചുരുങ്ങിയ ചിലവില്‍ എല്‍എന്‍ജി ഉത്പാദിപ്പിക്കാന്‍ രാജ്യത്തിന് കഴിയും. എണ്ണവില ബാരലിന് 20 ഡോളറില്‍ താഴെയാണെങ്കിലും ഇത് ലാഭകരമാകുമെന്ന് അല്‍ കാബി പറഞ്ഞു.
നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ് പദ്ധതിയെക്കുറിച്ച് ഖത്തര്‍ പെട്രോളിയം കഴിഞ്ഞ ആഴ്ചയാണ് തീരുമാനമെടുത്തത്. ഒരു പക്ഷേ 2021 ല്‍ ഈ നാഴികക്കല്ല് പിന്നിട്ട ലോകത്തിലെ ഒരേയൊരു പദ്ധതിയായിരിക്കുമിതെന്ന് അദ്ദേഹം പറഞ്ഞു.