ജിജോയ് ജോര്‍ജിന്റെ സര്‍ഗപഥങ്ങള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ഖത്തറിലെ വിദ്യാഭ്യാസ കലാ സാംസ്‌കാരിക മേഖലകളില്‍ ശ്രദ്ധേയനായ ജിജോയ് ജോര്‍ജിന്റെ സര്‍ഗപഥങ്ങള്‍ വൈവിധ്യവും വ്യതിരിക്തവുമാണ്. അധ്യാപകന്‍, കവി, ഗാനരചയിതാവ്, നടന്‍, സ്‌ക്രിപ്റ്റ് രചയിതാവ് തുടങ്ങി വ്യത്യസ്ത റോളുകള്‍ പ്രത്യക്ഷപ്പെടുന്ന അദ്ദേഹം പ്രവാസ ജീവിതം ധന്യമാക്കുന്നത് സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലൂടെയാണ്.
കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ സ്വദേശിയായ ജിജോയ് നീറന്താനം സെന്റ് തോമസ് യു,പി. സ്‌ക്കൂള്‍, രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌ക്കൂള്‍, ബാംഗ്‌ളൂര്‍ സെന്റ് ജോസഫ് കോളേജ്, ഉഴവൂര്‍ സെന്റ് സ്റ്റീഫണ്‍സ് കോളേജ്, പാല സെന്റ് തോമസ് കോളേജ്, കണ്ണൂര്‍ മടമ്പം പി.കെ.എം. കോളേജ് എന്നിവിടങ്ങളിലാണ് വിദ്യ അഭ്യസിച്ചത്. ഇംഗ്‌ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തരം ബിരുദവും ബി.എഡുമെടുത്ത ശേഷം മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍, മാലിദ്വീപ് എന്നിവിടങ്ങളില്‍ ജോലി ചെയ്ത ശേഷമാണ് ദോഹയിലെത്തിയത്.
ദോഹയില്‍ അറിയപ്പെടുന്ന ഇംഗ്‌ളീഷ് അധ്യാപകനായ ജിജോയിയുടെ സംഗീതവാസന തിരിച്ചറിഞ്ഞത് കൂട്ടുകാരനും പാട്ടുകാരനുമായ മുരളി മാധവനാണ്. സോംഗ് ലൗവ് ഗ്രൂപ്പില്‍വെച്ച് 2015 ലാണ് ഇരുവരും സൗഹൃദത്തിലാവുകയും മുരളി ആവശ്യപ്പെട്ടതനുസരിച്ച് ഒരു ആല്‍ബത്തിനുള്ള പാട്ടെഴുതാന്‍ ജിജോയ് തയ്യാറാവുകയും ചെയ്തത്. ആല്‍ബം എന്ന ആശയം നടന്നില്ലെങ്കിലും അച്ഛനെക്കുറിച്ചും അമ്മയെക്കുറിച്ചുമൊക്കെ ജിജോയ് എഴുതിയ വരികള്‍ മനോഹരമായ ശബ്ദത്തില്‍ മുരളി ആലപിക്കുകയും സംഗീതാസ്വാദകരുടെ കയ്യടി നേടുകയും ചെയ്തു. ഇത് കൂടുതല്‍ ഗാനങ്ങളെഴുതാന്‍ പ്രേരണയായി. മുരളിയാണ് ഖത്തറിലെ യുവ സംഗീത സംവിധായകനായ കോളിന്‍ തോമസിനെ പരിചയപ്പെടുത്തിയത്. ജിജോയ് കോളിന്‍ തോമസ് കൂട്ടുകെട്ടില്‍ കുറഞ്ഞ കാലം കൊണ്ട് മികച്ച നിരവധി പാട്ടുകളാണ് സംഗീത ലോകത്തിന് ലഭിച്ചത്. പ്രണയ ഗാനങ്ങളും ഭക്തി ഗാനങ്ങളും സന്ദേശഗാനങ്ങളുമായി ഇരുവരും സഹൃദയലോകത്ത് സജീവമാവുകയായിരുന്നു
ജിജോയ് കോളിന്‍ തോമസ് ടീമിന്റെ പ്രഥമ സംഗീത ആല്‍ബം നിന്‍ മിഴിയോരം ചലചിത്ര പിന്നണി ഗായകന്‍ നജീം അര്‍ഷാദിന്റെ ശബ്ദത്തില്‍ സംഗീത ലോകം ആഘോഷിച്ചത് ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ശാനു ചേലക്കരയായിരുന്നു ആല്‍ബത്തിന്റെ സംവിധായകന്‍.
ഇതിനകം അമ്പതിലേറെ ഗാനങ്ങളും 40 കവിതകളും ജിജോയ് രചിച്ചിട്ടുണ്ട്. പ്രണയവും വിരഹവും മോഹങ്ങളും മോഹ ഭംഗങ്ങളും പ്രകൃതി ഭംഗിയും പ്രകൃതി നാശവും മരണവും മാരിയും മാരിവില്ലും മനുഷ്യനും മനുഷ്യത്വവുമെല്ലാം ഭാവനയില്‍ ഭാഷക്ക് വര്‍ണ്ണങ്ങളേകിയപ്പോള്‍ ജിജോയ്യുടെ പ്രഥമ കവിതാസമാഹാരം എന്റെ കവിതകള്‍ എന്ന പേരില്‍ 2018 ല്‍ പുറത്തിറങ്ങി.
ജിജോയ് ജോര്‍ജിന്റെ പ്രഥമ കാവ്യ സമാഹാരം പ്രകാശനം
എം. ജി. ശ്രീകുമാറിന്റെ അനുഗ്രഹീഹ ശബ്ദത്തില്‍ പ്രചാരം നേടിയ മൈന്റ് ട്യൂണ്‍ ഇക്കോ വേവ്‌സിന്റെ തീം സോംഗ് എഴുതിയത് ജിജോയ് ജോര്‍ജായിരുന്നു എന്നത് പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. ഖത്തര്‍ ക്‌നാനായ കള്‍ചറല്‍ അസോസിയേഷന്റെ തീം സോംഗ് ജിജോയ് എഴുതി വിനോദ് ശ്രീനിവാസനാണ് ആലപിച്ചത്.
ചലചിത്ര പിന്നണി ഗായകരായ ഹരിശങ്കര്‍, സിതാര കൃഷ്ണകുമാര്‍, ചിത്ര അരുണ്‍, ജാസി ഗിഫ്റ്റ്, അരുണ്‍ ആലാട്ട്, അഭിജിത്ത് കൊല്ലം, നിത്യാ മാമന്‍ തുടങ്ങിയവരും ജിജോയ് രചിച്ച ഗാനങ്ങള്‍ പാടിയിട്ടുണ്ട്.
ഈയിടെ പുറത്തിറങ്ങിയ ജിജോയിയുടെ നെഞ്ചില്‍ എന്ന ആല്‍ബം സൂപ്പര്‍ഹിറ്റായിരുന്നു .പുറത്തിറങ്ങാനിരിക്കുന്ന മായാനക്ഷത്രം, താലി എന്നീ സിനിമകള്‍ക്കും ജിജോയ് ഗാനങ്ങളെഴുതിയിട്ടുണ്ട്. താലിയിലെ ഗാനം പി. ജയചന്ദ്രനാണ് ആലപിച്ചിരിക്കുന്നത്.
പല ഷോര്‍ട്ട് ഫിലിമുകളിലും ജിജോയ് സഹകരിച്ചിട്ടുണ്ട്. വളര്‍ന്നുവരുന്ന ബോളിവുഡ് ഡയറക്ടര്‍ സോജന്‍ ജോസഫ് സംവിധാനം ചെയ്ത ഭൂമിയുടെ അവകാശികള്‍ എന്ന ഷോര്‍ട്ട് ഫിലിമിന്റെ സ്‌ക്രിപ്റ്റ് ജിജോയിടേതാണ്.
അദ്ദേഹത്തിന്റെ രചനയിലുള്ള ദ ടാസ്‌ക്, പത്രോസ്, തളിര്, കണ്‍വെട്ടം എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ വൈകാതെ പുറത്തിറങ്ങും. ഇതില്‍ ടാസ്‌കിന്റെ ടീസര്‍ കഴിഞ്ഞ ദിലസം പുറത്തിറങ്ങിയപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വമ്പിച്ച പ്രതികരണങ്ങളാണുണ്ടായത്. ടാസ്‌കില്‍ ജിജോയ് അഭിനയിക്കുന്നുമുണ്ട്.
ബഹറൈനിലെ 24 ഫ്രെയിംസ് റീഡേര്‍സ് ഫോറം 2020 ല്‍ നടത്തിയ മല്‍സരത്തില്‍ ജിജോയിയുടെ അതിരുകള്‍ എന്ന സ്‌ക്രിപ്റ്റ് സമ്മാനം നേടിയിരുന്നു.
വളര്‍ന്നുവരുന്ന കലാകാരന്മാരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി പ്രശസ്ത സംവിധായകന്‍ ഷാജൂണ്‍ കാര്യാലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് ക്‌ളാപ്പുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ജിജോയ് കഴിഞ്ഞ വര്‍ഷം സംഘടന നടത്തി പ്രഥമ ഐ.വി. ശശി ഷോര്‍ട് ഫിലിം ഫെസ്റ്റിവലിന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററായിരുന്നു.
പാല, കടത്തുരുത്തി നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള ഖത്തര്‍ പ്രവാസികളുടെ കൂട്ടായ്്മയായ ഉപകാര്‍ ഖത്തറിന്റെ ജനറല്‍ സെക്രട്ടറിയായ അദ്ദേഹം സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ സജീവമാണ്.
ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ജോലി ചെയ്യുന്ന സിന്ധുവാണ് ഭാര്യ. ആതിര, അജന്‍, ആര്യ, ആര്‍ദ്ര എന്നിവര്‍ മക്കളാണ്.
അറ നിറഞ്ഞ കലാകാരനും ബഹുമുഖ പ്രതിഭയുമായ ജിജോയ് തന്റെ കഴിവുകളെ മാനവിക സൗഹൃദവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതിനാണ് പ്രയോജനപ്പെടുത്തുന്നത് എന്നത് അടിവരയിടപ്പെടേണ്ടതാണ്. ഏകമാനവികതയുടേയും സാമൂഹ്യ ഐക്യത്തിന്റേയും പ്രസക്തിയും പ്രാധാന്യവും അനുദിനം വര്‍ദ്ധിക്കുന്ന സമകാലിക ലോകത്ത് ഏറെ ശ്രദ്ധേയനായി പ്രവാസി കലാകാരനായി ജിജോയ് മാറുന്നതും ഈ പരിപ്രേക്ഷ്യേത്തിലൂടെയാകും.
മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ് തീം സോം റിലീസിനോടനുബന്ധിച്ച് ജിജോയ് ജോര്‍ജിനെ ആദരിച്ചപ്പോള്‍