ഹാജി കെ.വി.അബ്ദുല്ലക്കുട്ടി: കര്‍മോല്‍സുക ജീവിതത്തിന്റെ വേറിട്ട മാതൃക

ഡോ. അമാനുല്ല വടക്കാങ്ങര
നിരന്തരമായ പരിശ്രമവും അര്‍പ്പണബോധവും കൊണ്ട് ഉന്നതങ്ങള്‍ കീഴ്‌പ്പെടുത്തി കര്‍മോല്‍സുക ജീവിതത്തിന്റെ വേറിട്ട മാതൃക സമ്മാനിച്ചാണ് ഹാജി കെ.വി.അബ്ദുല്ലക്കുട്ടി ഈ ലോകത്തോട് വിടപറഞ്ഞത്. ജീവിതത്തിലുടനീളം സഹജീവി സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ഉയര്‍ന്ന മാതൃക അടയാളപ്പെടുത്തിയ നല്ലൊരു സംഘാടകനും ടീം പ്‌ളെയറുമായിരുന്നു. മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ മലയാളി മാന്വലില്‍ അദ്ദേഹത്തെ പരിചയപ്പെടുത്തിയത് വായനക്കാര്‍ക്കായി ഇവിടെ സമര്‍പ്പിക്കുന്നു.

ഖത്തറിലെ പൊതുപ്രവര്‍ത്തകര്‍ക്കിടയില്‍ സേവനം മുഖ മുദ്രയാക്കി ജനഹൃദയം കീഴടക്കിയ ശ്രദ്ധേയ വ്യക്തിത്വമാണ് കെ.വി. അബ്ദുല്ലക്കുട്ടി, പഠനോപകരണങ്ങളും പുസ്തകവും വാങ്ങാന്‍ കാശില്ലാത്തതിനാല്‍ പഠനമുപേക്ഷിക്കേണ്ടി വന്ന പത്താം ക്ലാസുകാരന്‍ കഠിനാദ്ധ്വാനത്തിലൂടെ ഖത്തറില്‍ എഴുതിച്ചേര്‍ത്ത ചരിത്രം ഏതൊരു വിദ്യാസമ്പന്നനും അസൂയ ഉണ്ടാകുന്നതാണ്. ഖത്തര്‍ ഭരണകൂടത്തിന്റെ കീഴിലുള്ള നിരവധി പ്രമുഖ ഓഫീസുകളില്‍ ഉത്തരവാദപ്പെട്ട സ്ഥാനമലങ്കരിച്ചാണ് അര നൂറ്റാണ്ട് കാലത്തെ പ്രവാസം പിന്നിട്ട് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്.
കഠിനാദ്ധ്വാനം, സ്‌നേഹമസൃണമായ പെരുമാറ്റം, എന്തും വേഗത്തില്‍ ഹൃദിസ്ഥമാക്കാനുള്ള കഴിവ്, ഭാഷാനൈപുണ്യം എല്ലാറ്റിനുമുപരി ചുറുചുറുക്കോടെയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഈ ചാവക്കാട്ടുകാരനെ തൊഴില്‍ രംഗത്തും സേവനമേഖലയിലും ശ്രദ്ധേയനാക്കിയത്. അറിയാത്ത കാര്യങ്ങള്‍ ചോദിച്ചറിയാനും പഠിക്കാനും യാതൊരു മടിയും വിചാരിക്കാതെ ഔപചാരിക വിദ്യാഭ്യാസത്തേക്കാളും പ്രായോഗിക പരിജ്ഞാനം നേടിയാണ് അദ്ദേഹം കര്‍മരംഗത്ത് ശോഭിച്ചത്.

തൃശൂര്‍ ജില്ലയിലെ ചാവക്കാട് പ്രദേശത്ത് ദീനീ വിദ്യാഭ്യാസം പഠിക്കാന്‍ വേണ്ടി വന്ന മൊയ്തീന്‍ കുഞ്ഞ് മുസ്ല്യാരുടെയും കൊങ്ങണം വീട്ടില്‍ കദീജയുടെയും പത്ത് മക്കളില്‍ ഏഴാമനായി 1949 മെയ് ഒന്നിനാണ് ജനനം. പിതാവിന് മൗലവി ജോലിയില്‍ നിന്ന് തുഛമായ കൂലിയാണ് ലഭിച്ചത്. ഇത് കുടും ബത്തിന്റെ ദാരിദ്ര്യം മാറ്റാന്‍ തന്നെ തികയില്ലായിരുന്നു. അമ്പ തുകളില്‍ പത്താം ക്ലാസ് പഠനമെന്നത് തന്നെ വലിയ നേട്ടമായിരുന്നു.

ഉമ്മ മൈനര്‍ പാസ്പോര്‍ട്ട് എടുത്ത് തന്നപ്പോള്‍ പതിനേഴാമത്തെ വയസ്സില്‍ , 1967ല്‍ ആഗസത് 15ന് ഖത്തറിലേക്ക് വന്നു. 1949ല്‍ തുടങ്ങിയ ബിസ്മില്ല ഹോട്ടലിന്റെ ഉടമയായ മാതൃ സഹോദരിയുടെ പുത്രനായ ഹാജി കെ ഹംസയാണ് വിസ നല്‍കിയത്. ആദ്യകാല ഖത്തര്‍ പ്രവാസികളുടെ ആശാഗേഹമായിരുന്നു ബിസ്മില്ലാ ഹോട്ടല്‍. ബോംബെയില്‍ നിന്നും ബ്രിട്ടിഷ് ഇന്ത്യ കമ്പനിയുടെ പാസഞ്ചര്‍ കപ്പലിലാണ് കടല്‍ മുറിച്ച് കടന്നത്. കറാച്ചി, മസ്‌കത്ത്, അബുദാബി വഴി അന്ന് നടത്തിയ കപ്പല്‍ യാത്ര ഓര്‍ക്കുമ്പോള്‍ ഇന്നും ശരീരം തണുത്തുറയും.ജൂലായ്, ആഗസ്ത് മാസങ്ങളിലാണത്രെ കടല്‍ അധികവും പ്രക്ഷുബ്ധമാകാറ്. കൂറ്റന്‍ തിരമാലകള്‍ കപ്പലിനെ പലപ്പോഴും പിടിച്ചുലച്ചു. ഭയന്ന് വിറച്ച് മരണത്തെ നിരവധി തവണ മുഖാമുഖം കണ്ടാണ് മുന്നോട്ട് നീങ്ങിയത്.
അബ്ദുല്ലകുട്ടിയുടെ മൂത്ത സഹോദരങ്ങളായ അബ്ദുള്‍ ഖാദര്‍,ഹംസ എന്നിവരും നേരത്തെ ഖത്തറിലെത്തിയിരുന്നു എന്നതിനാല്‍ ജോലി കണ്ടെത്താനും താമസത്തിനും ദുരിതം നേരിടേണ്ടി വന്നില്ല. വൈദ്യുതി,വെള്ളം എന്നിവ ആവശ്യത്തിന് ലഭ്യമായിരുന്നു. ടാങ്കറില്‍ കൊണ്ടുവന്ന് നിറക്കുകയായിരുന്നു. ഇന്നത്തെ പോലെ എയര്‍കണ്ടീഷന്‍ അന്നൊരു ആവശ്യമായിരുന്നില്ല. പലരും ചെറിയ കെട്ടിടങ്ങളുടെ ടെറസില്‍ പായ വിരിച്ചാണ് അന്തിയുറങ്ങിയിരുന്നത്.

മുസ് ലീം ലീഗ് പാരമ്പര്യവുമായി ഖത്തറിലെത്തിയതിനാല്‍ തുടക്കം മുതല്‍ തന്നെ (1969) ചന്ദ്രിക പത്രത്തിന്റെ ലേഖകനായി പ്രവര്‍ത്തിച്ചു. ചന്ദ്രിക റീഡേഴ്‌സ് ഫോറം ഖത്തറില്‍ സ്ഥാപിക്കുകയും അതിന്റെ പ്രഥമ പ്രസി ഡണ്ടാവുകയും ചെയ്തു. ചെറുതും വലുതുമായ നിരവധി സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസില്‍ പ്രവര്‍ത്തി ച്ചിട്ടുണ്ട്. ഖത്തറിലെ അമേരിക്കന്‍ എമ്പസിയില്‍ അസിസ്റ്റന്റ്‌റ് കമേര്‍സ്യല്‍ അറ്റാഷെയായി 1975ല്‍ ജോലി കിട്ടിയെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അവിടെ ചേരാന്‍ കഴിഞ്ഞില്ല.
ജെയദ് മോട്ടോഴ്സിന്റെ ജനറല്‍ ട്രേഡിംഗ് കമ്പനി യാര്‍ഡിലും, അല്‍ ബസാര്‍ എന്ന സ്ഥാപനത്തിലും ചെയ്ത ജോലിയാണ് അറബി,ഇംഗ്ലീഷ് ഭാഷയില്‍ മികവ് നേടാന്‍ സഹായിച്ചത്. ഇവിടെ സ്വതന്ത്ര ചുമതലയുള്ള സെയില്‍സ്മാനായിരുന്നതിനാല്‍ ഉയര്‍ന്ന ഓഫീസുകളിലെ പ്രമുഖരുമായി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു. ടൈപ്പ്‌റൈറ്റിംഗ് പഠിച്ചതോടെ എല്ലാ ഓഫീസുകളില്‍ നിന്നും ഓഫറുകള്‍ തേടിയെത്താന്‍ തുടങ്ങി. കൂടുതല്‍ ജനസമ്പര്‍ക്കമുള്ള വാണിജ്യ സാമ്പത്തിക മന്ത്രാല ത്തിലെ ജോലിയാണ് 1971 ല്‍ തിരഞ്ഞെടുത്തത്.

1975ല്‍ ആദ്യ ത്തെ ഇന്ത്യന്‍ മുസ്ലിം നേത്യസംഗമം ഖത്തറില്‍ നടത്തിയതും സി.എച്ച്, സേട്ടുസാഹിബ് അടക്കമുള്ള നേതാക്കളെ അതിന്നായി കൊണ്ടുവന്നതും ശ്രദ്ധേയമായിരുന്നു. ഖത്തറിന്ന് സ്വാതന്ത്യം ലഭിക്കുന്നതിന്ന് മുമ്പ് നിലവിലുണ്ടായിരുന്ന ദാറുല്‍ ഹുകു മില്‍ ജോലി ചെയ്ത് ചുരുക്കം ചില ഇന്ത്യക്കാരില്‍ ഒരാളാണ് ഹാജി കെ.വി. അബ്ദുല്ലകുട്ടി
ഖത്തറിലെ അമീറിന് അന്ന് ഹാക്കിം എന്നാണ് പറഞ്ഞിരുന്നത്. പാലസില്‍ ചെന്ന് ഹാക്കിം ശൈഖ് അഹമ്മദ് ബിന്‍ അലി അല്‍ഥാനിയെ കണ്ടപ്പോള്‍ അവിടെ ജോലി ലഭിച്ചു. ഖത്തര്‍ ഗവണ്‍മെന്റ് നിലവില്‍ വരുന്നതിന്ന് മുമ്പായിരുന്നു അത്. 1974 ഇരുപത്തഞ്ചാമത്തെ വയസില്‍ വിവാഹത്തിന്ന് മുമ്പായി ഹജ്ജ് ചെയ്ത കെ.വിക്ക് അതിന്ന് കഴിഞ്ഞത് തന്നെ ഭരണകൂടവുമായുള്ള അടുത്ത ചങ്ങാത്തമാണ്.
ആയിടെയാണ് ഖത്തറിലെ പ്രമുഖ കുടുംബാംഗമായ ശൈഖ് അബ്ദുല്ല ഇബ്രാഹിം അല്‍ അന്‍സാരി ചികിത്സക്കായി കേരളത്തിലേക്ക് പുറപ്പെട്ടത്. യാത്രയില്‍ ഒപ്പമുണ്ടാവേണ്ടിയിരുന്നത് കെ.വിയായിരുന്നെങ്കിലും ചില തടസ്സങ്ങള്‍ നേരിട്ടപ്പോള്‍ സി.ടി.അബ്ദുറഹീമിനാണ് ചുമതല ലഭിച്ചത്.
1975ല്‍ പെട്രോകെമിക്കല്‍ കമ്പനിയില്‍ ജനറല്‍ മാനേജറുടെ സെക്രട്ടറിയായെങ്കിലും ഒന്നരമാസത്തിനകം അവിടം സ്വാതന്ത്ര്യക്കുറവായി മാറിയതിനാല്‍ അവിടം വിട്ടു. എയര്‍ ലിങ്ക് ഇന്റര്‍ നാഷണലിന്റെ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ജോ ലി നോക്കുമ്പോഴാണ് ഗള്‍ഫിലെ വ്യാവസായിക സാമ്പത്തിക ഉന്നമനത്തനായി നയ പരിപാടികളും പഠനങ്ങളും നടത്തുന്നതിന്ന് വേണ്ടി രൂപീകൃതമായ ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ കണ്‍സള്‍ട്ടേഷന്‍ (ഗോയിക്) എന്ന സ്ഥാപന ത്തില്‍ 1977 ല്‍ ജോലി ലഭിക്കുന്നത്. ക്ലര്‍ക്കായിട്ടായിരുന്നു ആദ്യ നിയമനമെങ്കിലും ഇരുപത്തിമൂന്ന് വര്‍ഷത്തിന്ന് ശേഷം പി രിയുമ്പോള്‍ കമ്യൂണിക്കേഷന്‍ മേധാവിയും സര്‍വ്വീസ് ഓപറേറ്ററുമായിരുന്നു.

ഉയര്‍ന്ന തസ്തികകളില്‍ എല്ലാ സൗകര്യങ്ങളോടെയും ജീവിച്ച അബ്ദുല്ലകുട്ടിയെ ജനകീയനാക്കിയത് അദ്ദേഹത്തിന്റെ സേവന സന്നദ്ധതയും നല്ലമനസ്സുമാണ്. ജാതിമതഭേദമന്യേ ഏതൊരാളെയും സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയ അബ്ദുല്ലക്കുട്ടി തുടക്കം മുതലേ ഇന്ത്യന്‍ കാര്യാലയവുമായി അടുത്തിടപഴകുകയും സാധ്യമായ എല്ലാ മേഖലകളിലും സഹ കരിച്ച് സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.
ഖത്തറില്‍ ഇന്ത്യന്‍ സംഘടനകളുടെ അതിപ്രസരമുണ്ടാകുന്നതിന് മുമ്പ് വ്യക്തികള്‍ പ്രസ്ഥാനങ്ങളായി പ്രവര്‍ത്തി ക്കലായിരുന്നു. അത്തരം പ്രസ്ഥാനങ്ങളില്‍ സുപ്രധാനമായ സ്ഥാനം വഹിച്ച അബ്ദുല്ലക്കുട്ടി കേരളത്തില്‍ നിന്നുള്ള പല മുസ് ലിം നേതാക്കളുടേയും ഖത്തര്‍ സന്ദര്‍ശന വേളകളിലും മറ്റും സ്തുത്യര്‍ഹമായ സേവനമാണ് അനുഷ്ടിച്ചത്.

ഇന്ത്യക്കാരുടെയിടയില്‍ മാത്രമല്ല സ്വദേശികളുടേയും ഹൃദയം കവര്‍ന്ന അബ്ദുല്ല കുട്ടിയുടെ ഗോയിക്കിലെ ജോലി അവസാനിച്ചപ്പോള്‍ അദ്ദേഹത്തിന് വേണ്ടി ഖത്തറിലെ പ്രമുഖര്‍ പലരും പിടിവലി നടത്തുകയായിരുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഒടുവില്‍ ഖത്തര്‍ മുനിസിപ്പല്‍ അഫയേര്‍സ് ആന്റ് അഗ്രികള്‍ചറല്‍ മന്ത്രി അലി ബിന്‍ മുഹമ്മദ് അല്‍ഖാതറിന്റെ പ്രത്യേക ക്ഷണപ്രകാരം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായാണ് ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് ഫാലഹ് നാസര്‍ ഫാലഹ് ഫൗണ്ടേഷന്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ സ്ഥാ നം ഏറ്റെടുത്ത് മന്ത്രാലയത്തോട് വിട പറയുകയാണുണ്ടായത്.
നീണ്ട നാല്‍പ്പത്തി ഏഴ് വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തിനിട യില്‍ ആരും അബ്ദുല്ലകുട്ടിയെ പുഞ്ചിരിക്കുന്ന മുഖത്തോടെയ ല്ലാതെ കണ്ടിട്ടുണ്ടാവില്ല. ഏത് പ്രതിസന്ധിയും സുസ്‌മേരവദന നായി കൈകാര്യം ചെയ്യുന്ന മാതൃകാപരനായ പ്രവര്‍ത്തകനായിരുന്നു അബ്ദുല്ലക്കുട്ടി. ഒരു കാലത്ത് നിത്യവും ആശുപത്രി സന്ദര്‍ശിക്കുകയും രോഗികളെ സഹായിക്കലും പതിവാക്കിയിരുന്ന അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥതയും നിഷ്‌കളങ്കതയും ഏവരിലും കൗതു കമുണര്‍ത്തും. സ്പീച്ച് ക്രാഫ്റ്റ്, പേര്‍സണാലിറ്റി ഡവലപ്മെന്റ് തുടങ്ങിയ മേഖലയിലും പരിശീലനം നേടിയ അദ്ദേഹത്തിന്റെ സാമൂഹ്യ ബന്ധങ്ങളും സ്‌നേഹ ശൃംഖലയും ഖത്തറിലുടനീളം പടര്‍ന്ന് കിടക്കുകയാണ്.

കാല്‍ നൂറ്റാണ്ടിലേറെയും കുടുംബത്തോടൊപ്പമാണ് ഇവിടെ ജീവിച്ചത്. സന്തോഷകരമായ കുടുംബജീവിതം, ഈ കാലയളവില്‍ നമ്മുടെ കുറേ സഹജീവികളെ സഹായിച്ച തിലുള്ള സന്തോഷം ഇതൊക്കെയാണ് മറ്റെന്തിനേക്കാളും വിലമതിക്കുന്നതെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു, വിദ്യാഭ്യാസ തൊഴില്‍ രംഗങ്ങളിലെ ചരിത്രപരമായ കാരണങ്ങളാല്‍ പിന്തള്ളപ്പെട്ടു പോയവരുടെ ഉന്നമനം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യയുടെ ഖത്തര്‍ ചാപ്റ്റര്‍ രൂപീകരിക്കുന്നതില്‍ കാര്യമായ പങ്ക് വഹിച്ച അബ്ദുല്ല ക്കുട്ടിയാണ് സിജി ഖത്തര്‍ സ്ഥാപക ജനറല്‍ സെക്രട്ടറി. ആളും അര്‍ഥവും കൊണ്ട് മറ്റു ഗള്‍ഫ് രാജ്യങ്ങ ളെ അപേക്ഷിച്ച് ഖത്തര്‍ ചെറുതാണെങ്കിലും മറ്റേത് ഗള്‍ഫ് ചാപ്റ്ററിനേക്കാളും ഖത്തര്‍ സിജി ചാപ്റ്റര്‍ സജീവമായി നിലകൊള്ളുന്നതിന്റെ പ്രധാന രഹസ്യം ഈ ചാവക്കാട്ടുകാരന്റെ അശ്രാന്ത പരിശ്രമങ്ങളാണ് എന്ന് പറഞ്ഞാല്‍ അത് അധികപറ്റാവില്ല.

ഗ്രീന്‍ ഖത്തര്‍ ക്ലീന്‍ ഖത്തര്‍ പ്രോഗ്രാമിന്റെ ഖത്തര്‍ കോഓര്‍ഡിനേറ്ററായിരുന്ന കെ.വി പാരിസ്ഥിതിക പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മലയാളികളില്‍ പ്രമുഖനാണ്. നോര്‍ത്ത് അറ്റ്‌ലാന്റിക് കോളജില്‍ നിന്ന് ഫിനാന്‍ഷ്യല്‍ എക്കൗണ്ട്‌സ് ഡിപ്ലോമയും ഖത്തര്‍ ലാംഗേജ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അറബിക് ഡിപ്ലോമയും സ്വന്തമാക്കിയ കെ.വി. പാതി വഴിയിലുപേക്ഷിച്ച പഠനം ഖത്തറില്‍ നിന്ന് സമയം കണ്ടെത്തിയാണ് പൂര്‍ത്തിയാക്കിയത്.

എല്ലാ നല്ല സംരംഭങ്ങള്‍ക്കും അകമഴിഞ്ഞ സഹകരണവുമായി രംഗത്തെത്തുന്ന അബ്ദുല്ല കുട്ടിയുടെ റോള്‍മോഡല്‍ കേരളത്തിലെ ഇസ്ലാമിക വൈജ്ഞാനിക മേഖലയിലെ ശ്രദ്ധേയനായിരുന്ന ഡോ. മുഹ്യുദ്ദീന്‍ ആലുവായിയാണ്. മരിക്കുന്നത് വരെ ആലുവായിയുമായി അടുത്ത സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്നു കെ.വി.ഷഫീയാബിയാണ് ഭാര്യ, റുക്നുദ്ധീന്‍, റഹ്‌മുദ്ധീന്‍, റൈഹാന, റുക്‌സാന എന്നിവരാണ് മക്കള്‍.