ആസാദി കാ അമൃത് മഹോത്സവിന് ഉജ്ജ്വല തുടക്കം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ കള്‍ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന 75 ആഴ്ച്ചകള്‍ നീണ്ടുനില്‍ക്കുന്ന ആസാദി കാ അമൃത് മഹോത്സവ് ആഘോഷപരിപാടികള്‍ക്ക് ഉജ്ജ്വല തുടക്കമായി.
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളില്‍ കോവിഡ് നിയന്ത്രണങ്ങളോടെ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഭദ്രദീപം കൊളുത്തിയും ഐ.സി.സി പരിസരത്ത് മരങ്ങള്‍ നട്ടുപിടിപ്പിച്ചും ഉദ്ഘാടനം ചെയ്തു.
വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടന്ന പരിപാടിയില്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യന്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ അംബാസര്‍ ഖാലിദ് ബിന്‍ ഇബ്റാഹീം അല്‍ ഹമര്‍ മുഖ്യാതിഥിയായിരുന്നു.
ചടങ്ങിനോടനുബന്ധിച്ച് ഐ.സി.സി സ്‌പോണ്‍സര്‍ ചെയ്ത 75 ആളുകള്‍ക്കുള്ള ഐ.സി.ബി.എഫ് ലൈഫ് ഇന്‍ഷൂറന്‍സ് രേഖകള്‍ ഒഫീഷ്യല്‍സിന് കൈമാറി.
ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന പൈതൃകവും ആഘോഷവും കൂട്ടിയിണക്കിയ വിവിധ കലാപരിപാടികളും ചടങ്ങിനെ വര്‍ണ്ണാഭമാക്കി.