IM Special

ഡോ. സൂസ ടിമ സൂസന്‍, ഖത്തറിലെ നൃത്തവേദിയിലെ വേറിട്ട കലാകാരന്‍

ഡോ. അമാനുല്ല വടക്കാങ്ങര

ഖത്തറിലെ നൃത്തവേദിയിലെ വേറിട്ട കലാകാരനായ ഡോ. സൂസ ടിമ സൂസന്‍, മികച്ച അധ്യാപകന്‍, കൊറിയോഗ്രാഫര്‍, പെര്‍ഫോര്‍മര്‍ എന്നീ നിലകളില്‍ശ്രദ്ധേയനാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി ഖത്തറിലുള്ള അദ്ദേഹം അറനിറഞ്ഞ കലാകാരനും അധ്യാപകനുമായി നൂറ് കണക്കിന് വിദ്യാര്‍ഥികളെയാണ് പരിശീലിപ്പിച്ചത്. ഖത്തറിലെ ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌ക്കൂള്‍, മാമാങ്കം എന്നിവിടങ്ങളിലെ നൃത്താധ്യാപകനായിരുന്ന സൂസ ടിമ സൂസണ്‍ ഇപ്പോള്‍ ഡോറെ മിഫ പെര്‍ഫോര്‍മിംഗ് ആര്‍ട് സെന്ററിന്റെ പ്രിന്‍സിപ്പലാണ്.

കൊല്ലങ്കോട് നീരോടി തുറയിലെ ഏറോണി, മേരി മെറ്റില്‍ഡ എന്നിവരുടെ മകനായാണ് ജനനം. എന്നാല്‍ സംസ്‌കൃതവും ക്ളാസിക്കല്‍ നൃത്തവുമൊക്കെ പഠിക്കാനായിരുന്നു നിയോഗം. എട്ടാം ക്ളാസില്‍ പഠിക്കുമ്പഴേ തന്നിലെ കലാവാസനകള്‍ തിരിച്ചറിഞ്ഞ ഫാദര്‍ ലൂയിയാന്‍ ജോസഫ്, ഫാദര്‍ രാജശേഖരന്‍, ഫാദര്‍ സി ജയന്‍ എന്നിവരാണ് ഏറെ പ്രോല്‍സാഹങ്ങള്‍ നല്‍കിയത്. അങ്ങനെ തിരുവനന്തപുരം രൂപതയുടെ പിന്തുണയോടെയാണ് നൃത്തകലയില്‍ ഉന്നതവിദ്യാഭ്യാസം നേടിയത്. ഭരതനാട്യത്തിലുള്ള താല്‍പര്യം കണക്കിലെടുത്ത് തമിഴ് തഞ്ചാവൂര്‍ യൂണിവേര്‍സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയാണ് കലാരംഗത്ത് സജീവമായത്.

രണ്ട് വര്‍ഷം മഹാരാഷ്ട്രയില്‍ നൃത്താധ്യാപകനായി ജോലി ചെയ്തു. 2009 മുതല്‍ തിരുവനന്തപുരം മാര്‍ത്താണ്ഡം സ്‌ക്കൂളിലെ അധ്യാപകനായിരുന്നു. സ്‌ക്കൂളിന്റെ മാനേജിംഗ് ഡയറക്ടര്‍ ബിന്ദു ശ്രീകുമാറിന്റെ പിന്തുണ സുസയുടെ വളര്‍ച്ചയില്‍ ഏറെ സഹായിച്ചു.
2014 ലാണ് ഖത്തറിലെത്തിയത്. വളരെ കുറഞ്ഞ കാലം കൊണ്ട് ജനകീയനായ അധ്യാപകനായി സൂസ മാറി. നാലു വര്‍ഷത്തോളം ഐ.സി.സി. ഡാന്‍സ് മത്സരങ്ങളില്‍ മിക്ക സമ്മാനങ്ങളും വാരിക്കൂട്ടിയത് സൂസയുടെ വിദ്യാര്‍ഥികളായിരുന്നു.

നിരവധി അവാര്‍ഡുകള്‍ സൂസ ടിമയെ തേടിയെത്തിയത് സ്വാഭാവികം മാത്രം. 2008 ല്‍ ഹമാരേ ദേശ് എന്ന പ്രോഗ്രാമിന് ബെസ്റ്റ് കൊറിയോഗ്രാഫര്‍ അവാര്‍ഡ് നേടിയ അദ്ദേഹം 2017 ല്‍ അടൂര്‍ ഭാസി ടെലിവിഷന്‍ അവാര്‍ഡും നാടകരാജ കിരന്റെ നൃത്താവിഷ്‌ക്കാരത്തിന് ബെസ്റ്റ് കൊറിയോഗ്രാഫര്‍ അവാര്‍ഡും നേടി. 2019 ല്‍ താന്‍ പഠിച്ച സ്ഥാപനത്തില്‍ നിന്നും ബെസ്റ്റ് ഔട്ട്സ്റ്റാന്റിംഗ് സ്റ്റുഡന്റ് അവാര്‍ഡ് നേടിയ അദ്ദേഹം റൈസ് ഭാരത മാമിണി അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.

കലാ സ്നേഹികളായ എല്ലാവരുമായും ഊഷ്മളമായ സൗഹൃദമാണ് സൂസക്കുള്ളത്. വ്യവസായിയായ മിബു ജോസ് ഖത്തറിലെ തന്റെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കിയ കലാസ്നേഹിയാണെന്ന് നന്ദിയോടെ ഓര്‍ക്കുന്നു.

ഭരതനാട്യം, കുച്ചുപ്പുടി, മോഹനിയാട്ടം, സെമി ക്ളാസിക്, ഫോള്‍ക്, കണ്ടംപററി നൃത്തങ്ങളൊക്കെ ഒരു പേലെ വഴങ്ങുന്ന പരിശീലകനായും നര്‍ത്തകനായും കലാരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന കലാകാരനാണ് സൂസ ടിമ സൂസന്‍.
ശൃംഖാര്‍ എന്ന ഹൃസ്വ ചിത്രത്തിന്റെ കൊറിയോഗ്രാഫറായിരുന്ന അദ്ദേഹം ഇന്ത്യ, ഖത്തര്‍ എന്നിവക്ക് പുറമേ സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. നിഷയാണ് ഭാര്യ. ആഷ്ലി മകനാണ്.

 

Related Articles

Back to top button
error: Content is protected !!