ഡെലിവറി ബൈക്കോടിക്കുന്നവര്‍ക്ക് പ്രത്യേക ബോധവല്‍ക്കരണവുമായി ആഭ്യന്തര മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഡെലിവറി സര്‍വീസുകള്‍ക്കായി ബൈക്കോടിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുകയും മോട്ടോര്‍ സൈക്കിള്‍ സംബന്ധമായ റോഡപകടങ്ങളള്‍ കൂടുകയും ചെയ്ത സാഹചര്യത്തില്‍ ഡെലിവറി ബൈക്കോടിക്കുന്നവര്‍ക്ക് പ്രത്യേക ബോധവല്‍ക്കരണവുമായി ആഭ്യന്തര മന്ത്രാലയം.
മോട്ടോര്‍ സൈക്കിള്‍ സംബന്ധിച്ച റോഡപകടങ്ങള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് എല്ലാ മോട്ടോര്‍ ബൈക്കുകളുടെയും ഡെലിവറി കമ്പനികളുടെയും പട്ടിക തയ്യാറാക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റിലെ ബോധവല്‍ക്കരണ, വിവര വകുപ്പ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാദി അല്‍ ഹാജിരി വെളിപ്പെടുത്തി. ഖത്തര്‍ റേഡിയോയുമായി സംസാരിക്കുകയായിരുന്നു അല്‍ ഹാജിരി.
കോവിഡ് പശ്ചാത്തലത്തില്‍ ഹോം ഡെലിവറി വാഹനങ്ങള്‍ ഗണ്യമായി കൂടി. ട്രാഫിക് കണ്‍ട്രോള്‍ റഡാറുകള്‍ അവയുടെ ലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനാല്‍ മോട്ടോര്‍ബൈക്ക് ഒരു വാഹനമായി കണക്കാക്കുന്നുവെന്നും മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും അല്‍ ഹജ്രി ചൂണ്ടിക്കാട്ടി.