ഷബീറിന് കണ്ണീരോടെ വിട
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ :കഴിഞ്ഞ ദിവസം ഖത്തറില്‍ അന്തരിച്ച മലയാളി യുവാവ് ഷബീറിന് കണ്ണീരോടെ വിട. ഇന്നലെ വൈകുന്നേരം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഷബീറിന് പ്രാര്‍ഥനയില്‍ കുതിര്‍ന്ന അന്ത്യോപചാരങ്ങളര്‍പ്പിച്ചപ്പോള്‍ മണല്‍തരികള്‍പോലും കണ്ണീരില്‍ കുതിരുന്നതുപോലെ. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും നിരവധി പേരാണ് മയ്യിത്ത് നമസ്‌കാരത്തിലും പ്രാര്‍ഥനയിലും പങ്കുചേര്‍ന്നത്.
മഗ്രിബ് നമസ്‌കാരാനന്തരമാണ് ഷബീറിന്റെ മൃതദേഹം അബൂ ഹമൂര്‍ ഖബര്‍സ്്ഥാന്‍ ഏറ്റുവാങ്ങിയത്.
ജീവിതത്തില്‍ എല്ലാവര്‍ക്കും അനിവാര്യമായ തിരിച്ചുപോക്കിന് മനുഷ്യര്‍ക്ക് മനസ്സിലാവുന്ന യാതൊരുമാനദണ്ഡങ്ങളുമില്ലെന്ന് ബോധ്യപ്പെടുത്തിയ വേര്‍പാട് സ്വന്തക്കാരിലും സുഹൃത്തുക്കളിലും നൊമ്പരമുണര്‍ത്തി
ഖത്തറില്‍ ജനിച്ച് വളര്‍ന്ന ഷബീര്‍ എം.ഇ.എസ് ഇന്ത്യന്‍ സ്‌ക്കൂള്‍ പൂര്‍വ വിദ്യാര്‍ഥിയാണ്. നിരവധി സുഹൃത്തുക്കള്‍ ഖത്തറിലുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ തന്നെ ഷബീറിന്റെ മരണവാര്‍ത്ത സുഹൃദ് വലയങ്ങളില്‍ ദുഖം പടര്‍ത്തിയിരുന്നു. അനുശോചന സന്ദേശങ്ങളും പ്രാര്‍ഥനകളുമായി സാമൂഹ്യ മാധ്യമങ്ങള്‍ നിറഞ്ഞുനിന്നപ്പോള്‍ സ്വന്തം ജീവിതത്തില്‍ സുഹൃത്തുക്കള്‍ക്ക് എന്ത് മാത്രം പ്രാധാന്യമാണ് ഷബീര്‍ നല്‍കിയിരുന്നതെന്ന് ബോധ്യപ്പെടും. ജീവിതം നശ്വരമാണ്. ഏത് നിമിഷവും തിരശ്ശീല വീഴാം. അതിനാല്‍ ജീവിച്ചിരിക്കുമ്പോള്‍ സ്നേഹിച്ചും നല്ല കാര്യങ്ങളില്‍ സഹകരിച്ചും ജീവിതം അടയാളപ്പെടത്തണമെന്നാണ് ഈ യുവാവിന്റെ മരണം നമ്മെ ഓര്‍മിപ്പിക്കുന്നത്.
ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മുന്‍ പ്രസിഡണ്ട് കടലുണ്ടി ടി എം കുഞ്ഞി മുഹമ്മദിന്റെയും ചെമ്മാട് പരേതനായ കല്ലുപറമ്പന്‍ ഗുലാം മുഹിയുദ്ദീന്‍ ഹാജിയുടെ മകള്‍ സൈബുന്നീസയുടെയും മൂത്ത മകനാണ് ഷബീര്‍. കോഴിക്കോട് കടലുണ്ടി സ്വദേശിയാണ്