Uncategorized

കേരള ബിസിനസ് ഫോറം വിര്‍ച്വല്‍ ബിസിനസ് എക്‌സ്‌പോ 2021 സംഘടിപ്പിച്ചു

ദോഹ ‘ കേരള ബിസിനസ് ഫോറം കേരളത്തിലെ സംരംഭകരെ പങ്കെടുപ്പിച്ചുകൊണ്ട് വിര്‍ച്വല്‍ ബിസിനസ് എക്‌സ്‌പോ 2021 (VBE 2021)സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 12 പ്രവാസി സംരംഭകരാണ് VBE 2021 ല്‍ പങ്കെടുത്ത് തങ്ങളുടെ സ്ഥാപനങ്ങളെ പരിചയപ്പെടുത്തിയത്. കേരളത്തില്‍ നിന്നും, വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമായി നിരവധി ആളുകള്‍ ഓണ്‍ലൈന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഈ പരിപാടിയില്‍ പങ്കെടുത്തു.

ആഞ്ജലീന പ്രേമലത ഐ.എഫ്.എസ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ പ്രവാസി സമൂഹത്തില്‍ നിന്നും നൂതനമായ സംരംഭങ്ങള്‍ ഉണ്ടാകുവാന്‍ ഇത്തരത്തിലുള്ള പരിപാടികള്‍ ഏറെ ഗുണം ചെയ്യുമെന്ന് അവര്‍ പറഞ്ഞു.

കെ.ബി.എഫ് പുറത്തിറക്കിയ പ്രിവിലേജ് കാര്‍ഡ്, ഐബിപിസി പ്രസിഡന്റ് അസിം അബ്ബാസ് പ്രകാശനം ചെയ്തു. പ്രിവിലേജ് കാര്‍ഡിനെ നിഷാം ഇസ്മായില്‍ പരിചയപ്പെടുത്തി.

പ്രവാസി സമൂഹത്തില്‍ നിന്നും അന്താരാഷ്ട്ര നിലവാരമുള്ള വ്യവസായങ്ങള്‍ വരണമെന്നാണ് കെ.ബി.എഫിന്റെ ആഗ്രഹമെന്നും, ഇത്തരം സംരംഭങ്ങള്‍ പുതിയ സംരംഭകര്‍ക്ക് പ്രചോദനവും ഊര്‍ജ്ജവും നല്‍കുമെന്ന്, കെ.ബി.എഫ് പ്രസിഡന്റ്, ജയരാജ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കെ.ബി.എഫ് ജനറല്‍ സെക്രട്ടറി ഷഹീന്‍ ഷാഫി സ്വാഗതവും ജോയിന്റ് സെക്രട്ടറിയും എക്‌സ്‌പോ കണ്‍വീനറുമായ ഫാസില്‍ ഹമീദ് നന്ദിയും അര്‍പ്പിച്ചു.

കേരളത്തിലെ പ്രവാസി സംരംഭങ്ങളായ തെന്നല്‍ ജംഗിള്‍ ക്യാമ്പ്, ഷാനവാസ് ബാവ & കമ്പനി, ദിലത ലൈഫ്, റുസിയ ഹെല്‍ത്ത് കെയര്‍, ഹില്‍ പോയിന്റ്, എല്‍-മേക്ക്, പിഎം ബി ഇന്റീരിയര്‍സ്, നാലുമണിക്കാറ്റ്, ജെബി ആര്‍സെന്‍, ബെല്‍ജിയം ഫ്‌ലെയ്ക്‌സ്, ഭാസുരി ഇന്‍ & ഫ്യൂച്ചര്‍ എയ്സ് ഹോസ്പിറ്റല്‍ എന്നിവരാണ് എക്‌സ്‌പോയില്‍ പങ്കെടുത്തത്.

പരിപാടിയുടെ റേഡിയോ പാര്‍ട്ണര്‍ റേഡിയോ സുനോ ആയിരുന്നു. ജെഫ് മീഡിയ, എക്‌സ്‌പോയുടെ മാര്‍ക്കറ്റിംഗ് വിഭാഗം കൈകാര്യം ചെയ്തു. കെ ബി എഫ് VBE 2021 ന്റെ രണ്ടാം എഡിഷന്‍, ഉടനെയുണ്ടാകുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

കെ.ബി.എഫ് ഫൗണ്ടര്‍ ജനറല്‍ സെക്രട്ടറി, വര്‍ഗീസ് വര്‍ഗീസ് മോഡറേറ്റര്‍ ആയിരുന്നു. ഐ.സി.സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, മുന്‍ പ്രസിഡന്റ് മണികണ്ഠന്‍ എ പി, ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുള്ള തെരുവത്തു എന്നിവര്‍ സന്നിഹിതരായിരുന്നു.

Related Articles

Back to top button
error: Content is protected !!