ഖത്തറില്‍ കോവിഡ് വാക്‌സിന്‍ യോഗ്യതയ്ക്കുള്ള പ്രായപരിധി 35 വയസ് ആയി കുറച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ കോവിഡ് വാക്‌സിന്‍ യോഗ്യതയ്ക്കുള്ള പ്രായപരിധി 35 വയസ് ആയി കുറച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
നാഷണല്‍ കോവിഡ് 19 വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഘട്ടം ഘട്ടമായുള്ള റോള്‍ ഔട്ടിന്റെ ഭാഗമായാണ് ഈ മാറ്റം വരുന്നത്. ഡിസംബര്‍ 23 മുതല്‍ വ്യത്യസ്ത പ്രായപരിധിയിലുള്ളവരെ പരിഗണിച്ചാണ് വാക്‌സിന്‍ നല്‍കുന്നത്.് ഖത്തര്‍ ജനസംഖ്യയിലെ ഏറ്റവും അപകടസാധ്യതയുള്ള വിഭാഗത്തില്‍ 1,200,000 വാക്സിനേഷന്‍ ഡോസുകള്‍ ഇതിനകം നല്‍കിയിട്ടുണ്ട്.
വാക്‌സിനേഷന്‍ ‘യോഗ്യത പരിധി 35 വയസ് ആയി കുറയ്ക്കുന്നത് ജനസംഖ്യയുടെ വിശാലമായ വിഭാഗത്തിന് പ്രതിരോധ കുത്തിവയ്പ് നല്‍കാനും കോവിഡ് -19 ല്‍ നിന്ന് പരിരക്ഷിക്കപ്പെടാനും സഹായിക്കും. മാര്‍ച്ച് ആരംഭം മുതല്‍, ഞങ്ങള്‍ പ്രതിവാര വാക്‌സിനുകളുടെ എണ്ണം ഇരട്ടിയാക്കി, കഴിഞ്ഞ ഏഴ് ദിവസങ്ങളില്‍ മാത്രം 35 ലധികം വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലായി 160,000 ഡോസുകള്‍ നല്‍കിയിട്ടുണ്ട്, ‘കോവിഡിനെ നേരിടുന്നതിനുള്ള ദേശീയ ആരോഗ്യ സ്ട്രാറ്റജിക് ഗ്രൂപ്പിന്റെ ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പകര്‍ച്ചവ്യാധികളുടെ തലവനുമായ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.
ഖത്തറിലെ മുതിര്‍ന്നവരില്‍ മൂന്നില്‍ ഒരാള്‍ക്ക് എന്ന തോതില്‍ ഇതിനകം വാക്‌സിന്റെ ഒരു ഡോസെങ്കിലും ലഭിച്ചിട്ടുണ്ട്. കുറഞ്ഞത് ഒരു ദശലക്ഷം ജനസംഖ്യയുള്ള രാജ്യങ്ങളില്‍ 100 പേരില്‍ നല്‍കപ്പെടുന്ന മൊത്തം വാക്‌സിന്‍ ഡോസുകളുടെ അനുപാതത്തില്‍ ഖത്തര്‍ ലോകത്ത് ഒമ്പതാം സ്ഥാനത്താണ്. ഇത് ശ്രദ്ധേയമായ നേട്ടമാണ്. വാക്‌സിനേഷന്‍ പ്രോഗ്രാമിനോടുള്ള പൊതുജനങ്ങളുടെ പ്രതികരണം ആശാവഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.