ഖത്തര്‍ ഫലസ്തീന്‍ ജനതക്കൊപ്പം ഉറച്ചുനില്‍ക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. പലസ്തീന്‍ പ്രശ്നം പ്രധാന വിഷയമാണെന്നും ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ നേതൃത്വത്തില്‍ ഖത്തര്‍ ഫലസ്തീന്‍ ജനതക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും ശൂറ കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സൈദ് അല്‍ മഹമൂദ് അഭിപ്രായപ്പെട്ടു. അറബ് ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍ സംഘടിപ്പിച്ച അറബ് പാര്‍ലമെന്റിന്റെ സ്പീക്കര്‍മാരുടെ അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അല്‍ ഖുദ്‌സും അല്‍ അഖ്‌സാ പള്ളിയും അറബ്, ഇസ്‌ലാമിക ലോകത്തിന് തിരിച്ചുകിട്ടുന്നതിനും 1967 ജൂണ്‍ 4 ലെ അതിര്‍ത്തികള്‍ പ്രകാരം കിഴക്കന്‍ ഖുദ്സ് തലസ്ഥാനമായിസ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുമാണ് ഖത്തര്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നത്.
ഇസ്രയേല്‍ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചുവെന്നും അതില്‍ ഇടപെടാനും തടയാനും അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തതായും അദ്ദേഹം പറഞ്ഞു. അല്‍ ഖുദ്‌സ്, അല്‍ അഖ്‌സാ പള്ളി, പലസ്തീന്‍ ജനത എന്നിവ എങ്ങനെ സംരക്ഷിക്കാമെന്നതിനെക്കുറിച്ചുള്ള നിര്‍ണായകവും ഗുരുതരവുമായ വെല്ലുവിളിയാണ് അറബ് സമൂഹം നേരിടുന്നത്.
അന്താരാഷ്ട്ര നിയമത്തോടുള്ള വ്യക്തമായ വെല്ലുവിളിയായും ദശലക്ഷക്കണക്കിന് അറബികള്‍, മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍ എന്നിവരുടെ വികാരങ്ങളെ അവഗണിച്ചും കഴിഞ്ഞ ദിവസം ഇസ്രായേല്‍ തങ്ങളുടെ സൈന്യത്തെയും പോലീസിനെയും കുടിയേറ്റക്കാരെയും ഉപയോഗിച്ച് വംശീയവും മനുഷ്യത്വരഹിതവുമായ ആക്രമങ്ങളാണ് നടത്തിയത്.
അല്‍ അക്‌സാ പള്ളി, ഡമാസ്‌കസ് ഗേറ്റ്, ഷെയ്ഖ് ജറ അയല്‍പ്രദേശങ്ങള്‍, ഗാസ എന്നിവയെ വെടിയുണ്ടകളില്‍ നിന്നും സംരക്ഷിക്കാന്‍ നിലകൊള്ളുന്ന പലസ്തീന്‍ ജനതയ്ക്ക് ഷൂറ കൗണ്‍സില്‍ സ്പീക്കര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
സംയുക്ത അറബ് പ്രവര്‍ത്തനങ്ങളില്‍ വിശ്വാസം വീണ്ടെടുക്കുന്ന ഒരു ഏകീകൃത നിലപാടോടെ അറബ് ലോകം മുന്നോട്ടുപോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.