മാനവിക സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും വികാരങ്ങളടയാളപ്പെടുത്തി രാജ്യം ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: മാനവിക സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും വികാരങ്ങളടയാളപ്പെടുത്തി രാജ്യം ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു. കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വലിയ ഈദ് ഗാഹുകള്‍ ഒഴിവാക്കി കൂടുതല്‍ പള്ളികളിലും ചെറിയ ഈദ് ഗാഹുകളിലുമായാണ് പെരുന്നാള്‍ നമസ്‌കാരം നടന്നത്. കണിശമായ കോവിഡ് പ്രോട്ടോക്കോളുകളും സുരക്ഷ മുന്‍കരുതലുകളും പാലിച്ചായിരുന്നു ആഘോഷം .
1028 പള്ളികളിലും ഈദ് ഗാഹുകളിലുമായി നടന്ന പെരുന്നാള്‍ നമസ്‌കാരങ്ങളില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. സാമൂഹിക അകലത്തിന്റെ കാലത്തും സ്‌നേഹബന്ധങ്ങളും കുടുംബ ബന്ധങ്ങളും ശക്തമാക്കണമെന്നും പ്രാര്‍ഥനയും ഗുണകാംക്ഷയും കൈമുതലാക്കിയാണ് സമൂഹം മുന്നോട്ടുപോവേണ്ടതെന്നും പെരുന്നാള്‍ ഖുതുബ നിര്‍വഹിച്ച ഇമാമുമാര്‍ ഉദ്‌ബോധിപ്പിച്ചു.
അല്‍ വജ്ബ ഈദ് ഗാഹിലാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയും പൗരന്മാര്‍ക്കൊപ്പം പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചത്. അമീറിന്റെ പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ ഥാനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ ഥാനി, ശൂറ കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സൈദ് അല്‍ മഹമൂദ് ,ശൂറ കൗണ്‍സില്‍ അംഗങ്ങള്‍, അംബാസഡര്‍മാര്‍, ശൈഖുമാര്‍, മന്ത്രിമാര്‍ തുടങ്ങി നിരവധി പ്രമുഖരും അല്‍ വജബ ഈദ് ഗാഹിലെ പെരുന്നാള്‍ നമസ്‌കാരത്തില്‍ സംബന്ധിച്ചു.
കസേഷന്‍ കോടതി ജഡ്ജിയും സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ അംഗവുമായ ഡോ. ഥഖീല്‍ ശായര്‍ അല്‍ ശമ്മരിയാണ് അല്‍ വജബയില്‍ ഈദ് പ്രഭാഷണം നടത്തിയത്. വ്രതാനുഷ്ഠാനവും രാത്രി നമസ്‌കാരവും മറ്റു പുണ്യപ്രവര്‍ത്തികളും ചെയ്ത വിശ്വാസികള്‍ക്കുള്ള സമ്മാനമാണ് ഈദ് എന്നും അതിന് സ്രഷ്ടാവിനോട് നന്ദിയുള്ളവരാവണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
വിശ്വാസികള്‍ക്ക് പ്രതിഫലം ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരാധനകളിലൊന്നാണ് അല്ലാഹുവിനോടുള്ള നന്ദിയെന്ന് ശൈഖ് ഊന്നി പ്പറഞ്ഞു. വിശ്വാസം, സുരക്ഷ, സ്ഥിരത എന്നിവ നല്‍കി അനുഗ്രഹിച്ച സ്രഷ്ടാവിനോട് കൂടുതല്‍ നന്ദിയുള്ളവരാകണം.
അല്‍-അഖ്‌സ പള്ളിയില്‍ നിന്ന് അനീതിയും ആക്രമണവും നിര്‍മാര്‍ജനം ചെയ്യുവാനും അടിച്ചമര്‍ത്തപ്പെട്ടവരെ പിന്തുണയ്ക്കാനും മുസ് ലിം സമൂഹത്തിന്റെ ഐക്യത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു.