Uncategorized

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ സീലൈന്‍ മെഡിക്കല്‍ ക്ലിനിക്ക് ക്യാമ്പിംഗ് സീസണിലെ സേവനങ്ങള്‍ അവസാനിപ്പിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ സീലൈന്‍ മെഡിക്കല്‍ ക്ലിനിക്ക് ക്യാമ്പിംഗ് സീസണിലെ സേവനങ്ങള്‍ അവസാനിപ്പിച്ചു. ഈ വര്‍ഷത്തെ വിന്റര്‍ ക്യാമ്പിംഗ് സീസണ്‍ മയ് 21 ന് അവസാനിച്ച സാഹചര്യത്തിലാണിത്.

സീലൈന്‍, ഖോര്‍ അല്‍ ഉദയ്ദ് പ്രദേശങ്ങളിലെ ക്യാമ്പര്‍മാര്‍ക്ക് അടിയന്തിര ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനും പരിചരിക്കുന്നതിനുമായി കഴിഞ്ഞ 11 വര്‍ഷമായി ഈ ക്ലിനിക് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വര്‍ഷത്തെ ക്ലിനിക്ക് 2020 ഒക്ടോബറില്‍ ആരംഭിച്ച് 2021 മെയ് 22 ന് സേവനങ്ങള്‍ സമാപിച്ചു. ഖത്തറിലെ എല്ലാ രോഗികള്‍ക്കും സുരക്ഷിതവും അനുകമ്പാപരവും ഫലപ്രദവുമായ പരിചരണം നല്‍കാനുള്ള ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായാണ് ക്ലിനിക് പ്രവര്‍ത്തിക്കുന്നത്.

ക്ലിനിക്കല്‍, നഴ്സിംഗ് സ്റ്റാഫ്, ആംബുലന്‍സ് സര്‍വീസിലെ പാരാമെഡിക്കുകള്‍, അഡ്മിനിസ്ട്രേറ്റീവ് സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരുള്‍പ്പെടെ ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കിയ എല്ലാവര്‍ക്കും എച്ച്എംസി ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസറും സീലൈന്‍ ഹമദ് മെഡിക്കല്‍ ക്ലിനിക്കിന്റെ പ്രോജക്ട് മാനേജറുമായ അലി അല്‍ ഖാഥര്‍ നന്ദി പറഞ്ഞു.

സീലൈന്‍ മെഡിക്കല്‍ ക്ലിനിക്കിനെ ക്ലിനിക്കിനെ കൂടുതല്‍ ആക്സസ് ചെയ്യാവുന്ന ഒരു സ്ഥലത്തേക്ക് മാറ്റുന്നതിനുള്ള പിന്തുണയും സഹായവും നല്‍കിയ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിനും അദ്ദേഹം നന്ദി പറഞ്ഞു.

സീലൈിനിലും പരിസര പ്രദേശങ്ങളിലുമുള്ള ക്യാമ്പര്‍മാര്‍ക്ക് ഗുണനിലവാരമുള്ളതും വേഗത്തിലുള്ളതുമായ ആരോഗ്യ സേവനങ്ങള്‍ ക്യാമ്പിംഗ് സീസണിലുടനീളം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ഖത്തറിലെ വിവിധ പങ്കാളികളുമായി സഹകരിച്ചാണ് നടപ്പാക്കിയത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഏറെ ജാഗ്രതയോടെ ഈ വര്‍ഷത്തെ ക്യാമ്പിംഗ് സീസണ്‍ കൈകാര്യം ചെയ്തത്.

ക്യാമ്പിംഗ് സീസണില്‍ ഓരോ വാരാന്ത്യത്തിലും വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മുതല്‍ ശനിയാഴ്ച വൈകുന്നേരം 5 വരെയായിരുന്നു ക്ലിനികിന്റെ പ്രവര്‍ത്തിസമയം. മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്കും ഹൃദയാഘാതത്തിനും ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും മറ്റ് വസ്തുക്കളും ക്ലിനിക്കില്‍ സജ്ജീകരിച്ചിരിക്കുന്നു. പ്രത്യേക പരിചരണം ആവശ്യമുള്ള ഗുരുതരമായ കേസുകള്‍ ആംബുലന്‍സുകള്‍ അല്ലെങ്കില്‍ ഹെലികോപ്റ്റര്‍ വഴി ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നു. തൊട്ടടുത്ത് ഹെലിപാഡുള്ള ക്ലിനിക്കില്‍ ഒരു ഫിസിഷ്യന്‍, ഒരു നഴ്സ്, ഒരു മെഡിക്കല്‍ സൂപ്പര്‍വൈസര്‍ എന്നിവരാണ് ജോലി ചെയ്യുന്നത്.

ഈ സീസണില്‍ 222 ട്രോമ കേസുകളും 595 മെഡിക്കല്‍ കേസുകളും ഉള്‍പ്പെടെ മൊത്തം 817 പേരെയാണ് ക്ളിനിക് പരിചരിച്ചത്. അതില്‍ 724 പുരുഷന്മാരും 93 സ്ത്രീകളുമായിരുന്നു. 11 നും 60 നും ഇടയില്‍ പ്രായമുള്ള 738 രോഗികള്‍ക്കും 60 വയസ്സിനു മുകളില്‍ പ്രായമുള്ള നാല് രോഗികള്‍ക്കും ക്ലിനിക്  ചികിത്സ നല്‍കി. അതേസമയം 10 വയസും അതില്‍ താഴെയുള്ള 75 ശിശുരോഗികളേയും ക്്ളിനിക് പരിചരിച്ചു. മൊത്തം രോഗികളില്‍ 20 കേസുകളില്‍ ആംബുലന്‍സുകള്‍ വഴി ആശുപത്രിയിലേയോ അല്‍ വക്ര ആശുപത്രിയിലേയോ അത്യാഹിത വിഭാഗങ്ങളിലേക്ക് കൊണ്ടുപോയി. ഒരു കേസിലും ഈ വര്‍ഷം ഹെലികോപ്റ്റര്‍ സേവനം വേണ്ടി വന്നില്ല

Related Articles

Back to top button
error: Content is protected !!