ഖത്തര്‍ പൊടിക്കാറ്റില്‍ മുങ്ങി , കുടുങ്ങിയത് പുറം പണിക്കാര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങള്‍ ഇന്ന് പൊടിക്കാറ്റില്‍ മുങ്ങിയപ്പോള്‍ കാര്യമായും കുടുങ്ങിയത് പുറം പണിക്കാര്‍. ശക്തമായ പൊടിക്കാറ്റില്‍ പലരും ജോലി നിര്‍ത്തി. നിര്‍ത്താന്‍ പറ്റാത്തവര്‍ സുരക്ഷാകവചങ്ങളില്‍ അഭയം തേടി ജോലി തുടര്‍ന്നെങ്കിലും പിടിച്ചുനില്‍ക്കാന്‍ ഏറെ പ്രയാസപ്പെട്ടു. കാഴ്ചക്ക് പ്രയാസം സൃഷ്ടിച്ചതിനാല്‍ പല ഭാഗങ്ങളിലും വാഹനമോടിക്കുന്നവരും ബുദ്ധിമുട്ടിലായിരുന്നു. കാര്യമായ അപകടങ്ങളൊന്നും ഉണ്ടായതായി അറിവില്ല.
ഖത്തറില്‍ മൂന്ന് ദിവസം ശക്തമായ പൊടിക്കാറ്റ് വീശാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതിനാല്‍ പലരും ജാഗ്രതയോടെയാണ് പൊടിക്കാറ്റിനെ നേരിട്ടത്.
നാളെയും വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ തുറന്ന സ്ഥലങ്ങളില്‍ പൊടിപടലമുണ്ടാകാന്‍ കാരണമാവും. പൊടിയില്‍ നിന്നും രക്ഷപ്പെടുവാന്‍ എല്ലാവരും വീടുകളുടേയും കാറുകളുടേയുമൊക്കെ ജനലുകള്‍ അടക്കണമെന്ന് വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുറത്ത് ജോലി ചെയ്യുന്നവര്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം
ചില പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 22 മൈല്‍ മുതല്‍ 28 മൈല്‍ വരെ ആകാമെന്നും ശനിയാാഴ്ച വരെ ഇത് തുടരുമെന്നും ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകലക്കും സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്