എൻജിനീയേഴ്‌സ് ഫോറം ടെന്നീസ് : ടി കെ എം അലുംനി അസോസിയേഷന് ഇരട്ട ക്കിരീടം

എഞ്ചിനീയേഴ്‌സ് ഫോറം പതിനെട്ട് എൻജിനീയറിങ് കോളേജ് അലുമിനികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച “ദോഹ കേബിൾസ് ഇ എഫ് ടെന്നീസ് ടൂർണമെന്റ് 2025” വിജയകരമായി പര്യവസാനിച്ചപ്പോൾ ടി കെ എം എൻജിനീയറിങ് കോളജ് അലുംനി അസോസിയേഷന് ഇരട്ട ക്കിരീടം . പതിനാറ് ടീമുകൾ ഡബിൾസിലും ഇരുപത്തിരണ്ടു പേർ സിംഗിൾസ് വിഭാഗത്തിലും മാറ്റുരച്ചപ്പോൾ കൊല്ലം ടി കെ എം എൻജിനീയറിങ് കോളേജ് അലുമിനിയായ അജയ് രാജ്കുമാർ – സലിം അബൂബക്കർ സഖ്യം ഡബിൾസിലും , അജയ് സിംഗിൾസ് വിഭാഗത്തിലും ചാമ്പ്യന്മാരായി. ഡബിൾസ് ഫൈനലിൽ കോഴിക്കോട് NIT അലുമിനിയായ മുജീബ് – പ്രമോദ് സഖ്യത്തെയാണ് 7-6, 6-3 എന്ന സ്കോറിന് ജേതാക്കൾ കീഴടക്കിയത്. സിംഗിൾസ് ഫൈനലിൽ പാലക്കാട് എൻ എസ് എസ് എൻജിനീയറിങ് കോളേജ് അലുംനി ആയ ബിജു ഡേവിസിനെ 6-4, 6-4 എന്ന സ്‌കോറിൽ അജയ് പരാജയപ്പെടുത്തി. ഡബിൾസിൽ പാലക്കാട് NSS കോളേജ് അലുമിനി ജോഡികളായ ബിജു ഡേവിസ്-ദിലീപ് ബാലകൃഷ്ണൻ ടീമും സിംഗിൾസ് വിഭാഗത്തിൽ പാലക്കാടിൻ്റെ ബിജു ഡേവിസും വെങ്കല മെഡൽ നേടി.
അലുമിനി അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പടെ അമ്പത്തിനാല് പേർ പങ്കെടുത്ത ടൂർണമെന്റിൽ SCT എൻജിനീയറിങ് കോളേജ് അലുമിനിയുടെ ഭാഗമായ ഫാസ് മുനീർ എമേർജിങ് പ്ലേയർ സ്ഥാനം നേടി.
അൽ ബിദ പാർക്കിലെ രണ്ടു ടെന്നീസ് കോർട്ടുകളിൽ ഏഴു ദിവസങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. എഞ്ചിനീയേഴ്‌സ് ഫോറം സ്പോർട്സ് സെക്രട്ടറി ലബീബ്, സ്പോർട്സ് അസ്സോസിയേറ്റ് ഫാഹിം എന്നിവർ നേതൃത്വം നൽകിയ ടൂർണമെൻ്റിന് പ്രസിഡന്റ് ആഷിഖ് അഹ്മദ് , വൈസ് പ്രസിഡന്റ് സലിം, ജനറൽ സെക്രട്ടറി സാക്കിർ , ട്രഷറർ മുനീർ , അജയ് തുടങ്ങിയവർ മികച്ച പിന്തുണ നൽകി. പുത്തൻ താരോദയങ്ങൾക്കു സാക്ഷ്യം വഹിച്ച ടൂർണമെൻ്റിൽ പരിചയ സമ്പന്നരായ താരങ്ങളും മിന്നുന്ന പ്രകടനങ്ങൾ കാഴ്ച വെച്ചു. സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു സംസാരിച്ച ഐ ബി പി സി വൈസ് പ്രസിഡന്റ് ഹിഷാം അബ്ദുൽ റഹീമും എൻജിനീയർസ് ഫോറം ബോഡ് ഓഫ് ഗവർണേഴ്‌സ് അംഗം തോമസസും, പ്രതികൂല കാലാവസ്ഥയിലും ടെന്നീസ് ടൂർണമെന്റ് വിജയകരമായി നടത്തിയതിൽ എൻജിനീയേഴ്‌സ് ഫോറത്തിനെ അഭിനന്ദിച്ചു.