ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ
റഷാദ് മുബാറക് അമാനുല്ല
ദോഹ : ഫിഫ വേള്‍ഡ് കപ്പ് 2022നും എഷ്യാകപ്പ് 2023നുമായി നടക്കുന്ന എഷ്യാ ക്വാളിഫെയറിന്റെ ഇന്നലെ നടന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ ബംഗ്ലാദേശിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇന്ത്യ. അല്‍ സദ്ദ് സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യക്ക് വേണ്ടി രണ്ട് ഗോളുകളും അടിച്ചത്. ഇതോടെ അന്താരാഷ്ട്ര ഗെയിമുകളില്‍ 74 ഗോളുകളുമായി ലയണല്‍ മെസ്സിയെ വരെ പിന്തള്ളിക്കൊണ്ട് ഛേത്രി രണ്ടാം സ്ഥാനത്തെത്തി.
ഇതോടെ ഗ്രൂപ്പ് ഇയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് എത്തി. രണ്ട് ടൂര്‍ണമെന്റിലേക്കുമുള്ള പ്രതീക്ഷ നേരത്തെ തന്നെ മങ്ങിയ ഇന്ത്യന്‍ ടീമിന് ഇന്നലത്തെ വിജയം ആശ്വാസമായി.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ഖത്തര്‍ ഒമാനിനെതിരെ 1-0 എന്ന സ്‌കോറിന് ജയിക്കുകയുണ്ടായി. ക്യാപ്റ്റന്‍ ഹസന്‍ അല്‍ ഹൈദോസ് 40ാം മിനുറ്റില്‍ കിട്ടിയ പെനാല്‍റ്റിയിലൂടെയാണ് ഖത്തറിനായി വിജയഗോള്‍ നേടിയത്. വിജയത്തോട് കൂടി ഖത്തര്‍ ഗ്രൂപ്പ് ഇയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഒമാന്‍ രണ്ടാം സ്ഥാനത്തും.