പ്രഥമ ഖത്തര്‍ ഇക്കോണമിക് ഫോറം ജൂണ്‍ 21 മുതല്‍ 23 വരെ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡാനന്തര ലോകത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ വിശകലനം ചെയ്യുകയും മുന്നോട്ടുള്ള പ്രയാണത്തിന് രൂപരേഖ തയ്യാറാക്കുകയും ചെയ്യുന്നതിനായി പ്രഥമ ഖത്തര്‍ ഇക്കോണമിക് ഫോറം ജൂണ്‍ 21 മുതല്‍ 23 വരെ വെര്‍ച്വല്‍ പ്‌ളാറ്റ്‌ഫോമില്‍ നടക്കും . ലോകത്തെ ധനകാര്യം, സാമ്പത്തിക ശാസ്ത്രം, നിക്ഷേപം, സാങ്കേതികവിദ്യ, ഊര്‍ജ്ജം, വിദ്യാഭ്യാസം, കായികം, കാലാവസ്ഥ തുടങ്ങിയ മേഖലകളിലൈ വിദഗ്ധരുടെ പങ്കാളിത്തം ഈ പരിപാടിയെ സവിശേഷമാക്കും.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന പ്രഥമ ഖത്തര്‍ സാമ്പത്തിക ഫോറം, ബ്ലൂംബര്‍ഗ് മീഡിയയുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്. കോവിഡാനന്തര ലോകത്ത് അന്താരാഷ്ട്ര സാമ്പത്തിക വളര്‍ച്ചയ്ക്ക് പദ്ധതികള്‍ തയ്യാറാക്കാനുദ്ദേശിക്കുന്ന സമ്മേളനത്തിന്റെ പ്രമേയം ലോകത്തെ പുനരാവിഷ്‌ക്കരിക്കുക എന്നതാണ്.
ഖത്തര്‍ ആതിഥ്യം വഹിക്കുന്ന ഈ സാമ്പത്തിക സമ്മേളനം വൈവിധ്യമാര്‍ന്ന മാനങ്ങളുള്ളതാണ് . കിഴക്ക്, പടിഞ്ഞാറ്, ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഇടയിലുള്ള ഖത്തറിന്റെ സ്ട്രാറ്റജിക് സ്ഥാനം സാമ്പത്തിക മുന്നേറ്റങ്ങള്‍ക്ക് വഴി കാണിക്കുവാന്‍ സഹായകമാകും.
സാമ്പത്തിക വളര്‍ച്ചയെ നയിക്കാനും സമഗ്രമായ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാനുമുള്ള ഖത്തര്‍ ശ്രമങ്ങളുടെ ഭാഗമാണ് ഈ ഫോറം. പ്രാദേശികമായും ആഗോളതലത്തിലും ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി മാറിയ ഖത്തര്‍ അവസരങ്ങളുടെ പുതിയ വാതായനങ്ങളാണ് ലോകത്തിന് മുന്നില്‍ തുറന്ന് വെക്കുന്നത്.
പുതിയ ആശയങ്ങള്‍ കൈമാറാനും നിലവിലെ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി നൂതന പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും മാത്രമല്ല രാജ്യങ്ങള്‍ക്ക് മികച്ച ഭാവി സൃഷ്ടിക്കാന്‍ വഴി കാണിക്കുവാനും ഈ സമ്മേളനം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.